
കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതമാണ് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് (BSOD). സിസ്റ്റം ഏതെങ്കിലും തരത്തിലുള്ള സാങ്കേതികപ്രശ്‌നം നേരിടുമ്പോള്‍ ഡാറ്റ നഷ്‌ടം ഒഴിവാക്കാന്‍ ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് തെളിഞ്ഞുനിന്നിരുന്നു. നാല് പതിറ്റാണ്ടുകാലം വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് അവസാനിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പകരം, ഒരു ബ്ലാക്ക് സ്ക്രീനാണ് ഇനി മുതല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക.
വിന്‍ഡോസ് 11-ല്‍ പുത്തന്‍ ബ്ലാക്ക് സ്ക്രീന്‍ ഓഫ് ഡെത്ത് പല ഉപയോക്താക്കള്‍ക്കും പ്രത്യക്ഷപ്പെട്ടു. സാധാരണയായി വിന്‍ഡോസ് അപ്‌ഡേറ്റിനിടെ കാണാറുള്ള കറുത്ത സ്ക്രീനിന് സമാനമാണിത്. വിന്‍ഡോയ് എട്ട് പതിപ്പിലേക്ക് 'സാഡ് ഫേസ്' ചേര്‍ത്ത ശേഷം മൈക്രോസോഫ്റ്റ് വരുത്തുന്ന പ്രധാന അപ്‌ഡേറ്റാണ് കറുപ്പിലുള്ള പുത്തന്‍ ബിഎസ്ഒഡി. ഇതിന് പുറമെ ക്വിക് മെഷീന്‍ റിക്കവറി (ക്യൂഎംആര്‍) ഫീച്ചറും വിന്‍ഡോസ് 11-ലേക്ക് എത്തിയിട്ടുണ്ട്. ശരിയായി ബൂട്ട് ചെയ്യാൻ കഴിയാത്ത മെഷീനുകൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനായാണ് ക്യൂഎംആര്‍ ഫീച്ചര്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകമെങ്ങുമുള്ള വിന്‍ഡോസ് ഉപയോക്താക്കളെ വലച്ച ക്രൗഡ്‌സ്ട്രൈക്ക് പ്രശ്‌നത്തിന് ശേഷം പ്രതിരോധശേഷി കൂട്ടാനുള്ള മൈക്രോസോഫ്റ്റിന്‍റെ തീവ്ര പരിശ്രമങ്ങളുടെ ഭാഗമാണ് ക്വിക് മെഷീന്‍ റിക്കവറി ഫീച്ചര്‍.
ലളിതമായി രൂപകല്‍പന ചെയ്തിരിക്കുന്ന പുത്തന്‍ ബിഎസ്ഒഡി വ്യക്തിഗത വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ഐടി അഡ്‌മിനുകള്‍ക്ക് പ്രശ്‌നങ്ങള്‍ എളുപ്പം തിരിച്ചറിയാന്‍ സഹായകമാകുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. കറുപ്പ് നിറത്തിലുള്ള ബിഎസ്ഒഡിയുടെ പരീക്ഷണം 2021ല്‍ മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. ഇതിന്‍റെ പൂര്‍ണതോതിലുള്ള അവതരണമാണ് ഇപ്പോള്‍ നടന്നിരുന്നത്. വരും ആഴ്‌ചകളില്‍ എല്ലാ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും കറുപ്പിലുള്ള പുത്തന്‍ ബിഎസ്ഒഡി ലഭ്യമാകും.