Latest Videos

ഇന്ത്യയില്‍ വിപിഎൻ നിരോധിക്കണമെന്ന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ട്; എതിർപ്പുമായി വിദഗ്ധർ

By Web TeamFirst Published Sep 3, 2021, 11:19 AM IST
Highlights

കുറ്റകൃത്യങ്ങള്‍ പേടിച്ച് വിപിഎന്‍ നിരോധിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ദില്ലി: ഇന്ത്യയില്‍ വിപിഎൻ നിരോധിക്കണമെന്ന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി റിപ്പോര്‍ട്ട് ചർച്ചയാകുന്നു. വിപിഎന്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ശുപാർശ. എന്നാല്‍ വിപിഎന്‍ നിരോധിക്കരുതെന്ന ആവശ്യവും ശക്തമാണ്. 

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുള്ള ഇൻ്റർനെറ്റ് ഉപയോഗമാണ് വിപിഎന്‍ സാധ്യമാക്കുന്നത്.  വിപിഎൻ ആർക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടില്ല എന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ വിപിഎന്നും ‍‍‍ഡ‍ാർക്ക് വെബും ഉപയോഗിച്ച് നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പാർലമെന്ററി സമിതിയുടെ അഭിപ്രായം. ആഭ്യന്തരമന്ത്രാലയം  ഐടി മന്ത്രാലയവുമായി ചേർന്ന് വിപിഎൻ സമ്പൂർണ്ണമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആനന്ദ് ശർമ അധ്യക്ഷനായ സമിതിയുടെ ശുപാ‍ർശ.

ഒരുഭാഗത്ത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിപിഎന്‍ യഥാർത്ഥത്തില്‍ വൻ കിട കമ്പനികളുടെ വിവര കൈമാറ്റങ്ങള്‍ക്കുള്ള സുരക്ഷാമാർഗമാണ്. കൊവിഡ് കാലത്ത് ജീവനക്കാരെ വീട്ടിലിരുത്തി ജോലി ചെയ്യിപ്പിച്ച കമ്പനികൾക്ക് സുരക്ഷ കവചം വിപിഎന്നായിരുന്നു . കുറ്റകൃത്യങ്ങള്‍ പേടിച്ച് വിപിഎന്‍ നിരോധിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ഇപ്പോള്‍ പാർലമെന്‍ററി സമിതി റിപ്പോര്‍ട്ട് മാത്രമാണ് വന്നതെങ്കിലും സർക്കാർ തീരുമാനത്തിന് മുന്നോടിയായുള്ള നീക്കമാകുമോ ഇത് എന്നതാണ്  ആശങ്ക. 

click me!