ഹൈദരാബാദിൽ വിസ്‍മയമൊരുക്കാൻ ആപ്പിൾ; പുതിയ സ്റ്റോർ വരുന്നു!

Published : Nov 27, 2026, 04:24 PM IST
apple stores

Synopsis

ഇന്ത്യയിലെ ഏഴാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ ആപ്പിൾ ഹൈദരാബാദിൽ തുറക്കുന്നു. ഡിസംബർ 10ന് പ്രവർത്തനം ആരംഭിക്കുന്ന ഈ പുതിയ സ്റ്റോർ ഹൈദരാബാദിന്റെ മുത്തുകളുടെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും.

ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആപ്പിൾ. രാജ്യത്തെ ഏഴാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ ഹൈദരാബാദിൽ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 'ആപ്പിൾ കുക്കട്പള്ളി' എന്ന് പേരിട്ടിരിക്കുന്ന സ്റ്റോർ ഡിസംബർ 10ന് വൈകിട്ട് 5 മണിക്ക് ഉപഭോക്താക്കൾക്കായി തുറന്നുകൊടുക്കും. ഇതോടെ ആപ്പിളിന് ഔദ്യോഗിക സ്റ്റോറുകളുള്ള ഇന്ത്യയിലെ ആറാമത്തെ നഗരമായി ഹൈദരാബാദ് മാറും.

മുത്തുകളുടെ നഗരത്തിന് ആദരവുമായി പുതിയ സ്റ്റോർ

ഹൈദരാബാദിലെ കുക്കട്പള്ളി മേഖലയിലുള്ള ലേക്ക് ഷോർ-വൈ ജങ്ഷൻ മാളിലാണ് പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി സ്റ്റോറിന്റെ പുറംഭാഗത്തെ മറ നീക്കി ആപ്പിൾ ഡിസൈൻ അവതരിപ്പിച്ചു. മുത്തിന്റെ രൂപഭാവത്തിൽ തയ്യാറാക്കിയ ആപ്പിൾ ലോഗോയും വർണവൈവിധ്യമുള്ള പശ്ചാത്തലവുമാണ് ഡിസൈനിന്റെ പ്രത്യേകത. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദിന്റെ പൈതൃകത്തിൽ നിന്നാണ് ഈ രൂപകൽപ്പനയ്ക്ക് പ്രചോദനം ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന മുത്തുകൾ സംസ്കരിച്ച് മിനുക്കിയെടുക്കുന്ന നഗരത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ഡിസൈനിൽ പ്രതിഫലിക്കുന്നുണ്ട്.

പ്രത്യേക വാൾപേപ്പറുകളും മ്യൂസിക് പ്ലേലിസ്റ്റും

പുതിയ സ്റ്റോറിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക വാൾപേപ്പറുകളും സ്റ്റിക്കറുകളും ആപ്പിൾ ഒരുക്കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഹൈദരാബാദിന്റെ സംഗീതശബ്ദങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രത്യേക ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഗവേഷണ-വികസന വിഭാഗത്തിന്റെയും റീട്ടെയിൽ കസ്റ്റമർ കെയർ ടീമുകളുടെയും പ്രധാന കേന്ദ്രം കൂടിയാണ് ഹൈദരാബാദെന്ന് കമ്പനി അറിയിച്ചു.

ഐഫോൺ 18 പ്രോ മുതൽ മാക്ബുക്ക് പ്രോ വരെ

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ ശ്രേണി പുതിയ സ്റ്റോറിൽ ലഭ്യമാകും. ഐഫോൺ 18 പ്രോ സീരീസ്, ഐഫോൺ ഡ്യുവോ, മാക്ബുക്ക് പ്രോ, ഹോംവ്യൂ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ടാകും. ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കുന്നതിനും വിദഗ്ധരുടെ സഹായവും ലഭിക്കും. ഫോട്ടോഗ്രഫി, വിഡിയോ ചിത്രീകരണം, ഡ്രോയിങ് തുടങ്ങിയ മേഖലകളിൽ പരിശീലന ശിൽപ്പശാലകളും സ്റ്റോറിൽ സംഘടിപ്പിക്കും.

ഇന്ത്യയിൽ ആപ്പിൾ സ്റ്റോറുകളുടെ എണ്ണം ഏഴാകും

2023ലാണ് ഇന്ത്യയിൽ ആപ്പിൾ ആദ്യമായി ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകൾ ആരംഭിച്ചത്. മുംബൈയിലെ ആപ്പിൾ ബികെസിയും ഡൽഹിയിലെ ആപ്പിൾ സാകേത്തുമായിരുന്നു ആദ്യ സ്റ്റോറുകൾ. പിന്നീട് മുംബൈയിലെ ആപ്പിൾ ബോറിവലി, ഡൽഹി എൻസിആറിലെ ആപ്പിൾ നോയിഡ, ബെംഗളൂരുവിലെ ആപ്പിൾ ഹെബ്ബാൾ, പൂനെയിലെ ആപ്പിൾ കൊറേഗാവ് പാർക്ക് എന്നിവയും പ്രവർത്തനം ആരംഭിച്ചു. പുതിയ ഹൈദരാബാദ് സ്റ്റോർ കൂടി തുറക്കുന്നതോടെ ഇന്ത്യയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകളുടെ എണ്ണം ഏഴായി ഉയരും.

PREV
Read more Articles on
click me!

Recommended Stories

ഫിഫ വിവരശേഖരത്തിൽ വൻ സൈബർ ആക്രമണം!
ഓപ്പൺഎഐയുടെ ബില്ലിങ് പിഴവും പുതിയ മാറ്റങ്ങളും