ഐആര്‍സിടിസി സൈറ്റ് മുഴുവന്‍ അശ്ലീല പരസ്യമാണല്ലോ?; പരാതി പറഞ്ഞയാള്‍ക്ക് റെയില്‍വേ നല്‍കിയ മറുപടി

By Web TeamFirst Published May 29, 2019, 7:37 PM IST
Highlights

താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ 

ദില്ലി: പലസൈറ്റുകളും കയറുന്നവര്‍ക്ക് മുന്നില്‍ അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ ഇതിന് കാരണം തിരഞ്ഞുപോയാല്‍ ചിലപ്പോള്‍ ശരിക്കും പെട്ടേക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ബുക്കിംഗ് സൈറ്റാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ലക്ഷങ്ങളുടെ ട്രാഫിക്കാണ് ഈ സൈറ്റില്‍ ഒരോ മണിക്കൂറിലും ഉണ്ടാകുന്നത്.

അങ്ങനെയാണ് ഒരു വ്യക്തി പരാതിയുമായി ട്വിറ്ററില്‍ എത്തിയത്. താന്‍ ഉപയോഗിക്കുന്ന ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണ് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമാണ് സ്ക്രീന്‍ ഷോട്ട് അടക്കം ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ കേന്ദ്ര റെയില്‍ മന്ത്രി, റെയില്‍വേ മന്ത്രാലയം,ഐആര്‍സിസിടി ഓഫീഷ്യല്‍ അക്കൗണ്ട് എന്നിവയെ ടാഗ് ചെയ്തിരുന്നു.

എന്നാല്‍ സംഭവം പരാതി പറഞ്ഞയാള്‍ക്ക് സെല്‍ഫ് ഗോളായി മാറി. ഐആര്‍സിടിസിക്ക് വേണ്ടി റെയില്‍ സേവ നല്‍കിയ മറുപടി ഇങ്ങനെ, ഐആര്‍സിസിടി പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്‍റെ സേവനമായ ADX ആണ്. ഈ പരസ്യങ്ങള്‍ ഉപയോക്താക്കളെ മനസിലാക്കിയുള്ള കുക്കികള്‍ ഉപയോഗിച്ച് പ്രത്യക്ഷപ്പെടുന്നതാണ്. അത് നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നത്.

നിങ്ങള്‍ ഏത് കാര്യമാണോ കൂടുതല്‍ തിരയുന്നത് അത് സംബന്ധിച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. ദയവായി നിങ്ങളുടെ ബ്രൗസര്‍ കുക്കികള്‍ ക്ലിയര്‍ ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ഇത്തരം ആഡുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാം. ശരിക്കും വടികൊടുത്ത് അടി വാങ്ങുകയാണ് ഇദ്ദേഹം എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

പക്ഷെ അശ്ലീല കണ്ടന്‍റ് കാണാത്തവരുടെ ഫോണിലും ചിലപ്പോള്‍ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ചില സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ തന്നെ പരാതി ഉന്നയിച്ച മനുഷ്യന്‍റെ അവസ്ഥ അറിയാതെ കളിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട് ഈ പോസ്റ്റിന് കീഴെ.
 

click me!