നഗരസഭ വികസിപ്പിച്ചത് ലോകോത്തര എഐ മോഡൽ! ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ബ്രസീൽ

Published : Jun 15, 2026, 02:23 PM IST
job secure tips how to protect your job from ai tips,  Rio de Janeiro AI model

Synopsis

ബ്രസീലിലെ റിയോ ഡി ജനീറോ നഗരസഭ 'റിയോ 3.5 ഓപ്പൺ 397B' എന്ന പേരിൽ ഒരു പുതിയ എഐ മോഡൽ പുറത്തിറക്കി, ഇത് ചില പ്രമുഖ മോഡലുകളെ ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ മറികടന്നു. ചൈനീസ് ടെക് ഭീമനായ ആലിബാബയുടെ ഓപ്പൺ സോഴ്‌സ് മോഡലായ ക്വെന്നിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ നീക്കം, വൻകിട കമ്പനികളുടെ എഐ ആധിപത്യത്തിന് ഒരു ബദൽ മാർഗ്ഗം തുറക്കുന്നു.  

ലോകത്തെ എഐ മേഖല പ്രധാനമായും വമ്പൻ ടെക് കമ്പനികളുടെയും ബില്യൺ ഡോളറുകൾ നിക്ഷേപിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും കൈകളിലാണ് നിലവിൽ. ഈ സാഹചര്യത്തിൽ ഒരു മുൻസിപ്പാലിറ്റി ഒരു എഐ മോഡൽ വികസിപ്പിച്ചു എന്നും ആ എഐ മോഡൽ ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ വമ്പൻ കമ്പനികളുടെ മോഡലുകളെ മറികടന്നു എന്നുമുളള വാർത്തകൾ ആരെയും അമ്പരപ്പിക്കും. എന്നാൽ അങ്ങനൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോ നഗരസഭ പുറത്തിറക്കിയ പുതിയ എഐ മോഡൽ ടെക്ക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. റിയോ 3.5 ഓപ്പൺ 397B (Rio 3.5 Open 397B) എന്ന പേരിട്ടിരിക്കുന്ന ഈ മോഡൽ ചില പ്രമുഖ ഓപ്പൺ സോഴ്‌സ് മോഡലുകളെയും പഴയ തലമുറ ക്ലോസ്‍ഡ് മോഡലുകളെയും ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ.

റിയോ നഗരത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും പൊതുസേവനങ്ങളും കൈകാര്യം ചെയ്യുന്ന ഇപ്ലാൻറിയോ (IplanRIO) എന്ന മുനിസിപ്പൽ ഐടി സ്ഥാപനമാണ് ഈ മോഡൽ വികസിപ്പിച്ചത്. 397 ബില്യൺ പാരാമീറ്ററുകളുള്ള മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ നേട്ടത്തിന് പിന്നിൽ മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്. പൂർണമായും പുതിയ എഐ മോഡൽ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും അല്ല റിയോയുടെ സംഘം ചെയ്തത്. പകരം, ചൈനീസ് ടെക് ഭീമനായ ആലിബാബ വികസിപ്പിച്ച ക്വെൻ (Qwen) എന്ന ഓപ്പൺ സോഴ്‌സ് ഫൗണ്ടേഷൻ മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ എഐ മോഡൽ വികസപ്പിച്ചിരിക്കുന്നത്. ക്വെന്നിനെ അടിസ്ഥാനമമാക്കി തങ്ങളുടെ എഐ മോഡലിനെ കൂടുതൽ പരിശീലിപ്പിക്കുകയും (fine-tuning), അധിക ഒപ്റ്റിമൈസേഷനുകളും സ്വിറീസണിംഗ് (SwiReasoning) എന്ന ഫ്രെയിംവർക്കും ചേർത്ത് മെച്ചപ്പെടുത്തുകയും ചെയ്താണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.

അമേരിക്കയിലെ പുതിയ എഐ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് റിയോ ഡി ജനീറോ നഗരസഭയുടെ ഈ നീക്കം കൂടുതൽ ശ്രദ്ധ നേടുന്നത് . കഴിഞ്ഞ ദിവസം അമേരിക്കൻ സർക്കാർ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആന്ത്രോപിക്ക് കമ്പനിയുടെ ഏറ്റവും പുതിയ ക്ലോഡ് ഫാബിൾ 5 (Claude Fable 5) , ക്ലോഡ് മിത്തോസ് 5 (Claude Mythos 5) മോഡലുകൾ വിദേശ പൗരന്മാർക്ക് ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ആന്ത്രോപിക്ക് ഈ മോഡലുകളിലേക്കുള്ള പ്രവേശനം ആഗോളതലത്തിൽ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇത്തരം സാഹചര്യത്തിൽ, റിയോയുടെ നീക്കം എഐ വികസനത്തിന്റെ ഭാവിദിശയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അത്യാധുനിക എഐ മോഡലുകൾ നിർമ്മിക്കാൻ വൻ സാമ്പത്തികശേഷിയും കമ്പ്യൂട്ടിങ് ശക്തിയും ആവശ്യമാണ്. എന്നാൽ നിലവിലുള്ള ശക്തമായ ഓപ്പൺ സോഴ്‌സ് മോഡലുകളെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്നത് കൂടുതൽ പ്രായോഗിക മാർഗമാണെന്ന് റിയോയുടെ ഉദാഹരണം സൂചിപ്പിക്കുന്നു.

റിയോയുടെ പരീക്ഷണം വിജയകരമാകുകയാണെങ്കിൽ ലോകമെമ്പാടുമുള്ള സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും സമാന മാതൃക പിന്തുടരാൻ സാധ്യതയുണ്ട് എന്ന ടെക്ക് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതോടെ അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥാവകാശ മോഡലുകൾക്ക് പകരം ഓപ്പൺ സോഴ്‌സ് എഐ പരിസ്ഥിതിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് കമ്പനികളായ ആലിബാബ, ഡീപ്‍സീക്ക് തുടങ്ങിയ കമ്പനികൾ ഓപ്പൺ-വെയ്റ്റ് മോഡലുകൾ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, ആഗോള എഐ മത്സരത്തിന്റെ സ്വഭാവം തന്നെ മാറാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

മെറ്റാ വൺ: വാട്ട്‌സ്ആപ്പിൽ പുതിയ സബ്സ്ക്രിപ്ഷൻ യുഗമോ?
ഈ ഫോണുകളിൽ ഇനി രണ്ട് വാട്‍സാപ്പ് ഉപയോഗിക്കാം; കാത്തിരുന്ന ഫീച്ചർ എത്തി