
സൈബർ തട്ടിപ്പുകൾക്ക് പുതിയ രൂപങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് തട്ടിപ്പുകാർ. ഇപ്പോൾ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ധനകാര്യ വിഭാഗം ജീവനക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി.
കമ്പനിയുടെ സി.ഇ.ഒ (CEO) അല്ലെങ്കിൽ മാനേജിങ് ഡയറക്ടർ (MD) ആണെന്ന് നടിച്ച് ജീവനക്കാരോട് അടിയന്തരമായി പണം കൈമാറാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള തട്ടിപ്പാണ് വ്യാപകമാകുന്നത്. 'ബോസ് സ്‍കാം' (Boss Scam) അല്ലെങ്കിൽ സിഇഒ ഇംപേഴ്സണേഷൻ ഫ്രോഡ് എന്നറിയപ്പെടുന്ന ഈ തട്ടിപ്പിൽ പല ജീവനക്കാരും വ്യാജ നിർദേശങ്ങൾ വിശ്വസിച്ച് പണം നഷ്‍ടപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ഇത്തരം കേസുകളുടെ വർധനവ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സെബി ലിസ്റ്റഡ് കമ്പനികൾക്കും നിയന്ത്രണവിധേയ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്.
സൈബർ കുറ്റവാളികൾ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്‍ദം പകർത്തൽ, ഡീപ്ഫേക്ക് വീഡിയോ കോളുകൾ, വ്യാജ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ കമ്പനി മേധാവികളുടെ രൂപവും ശബ്‍ദവും അനുകരിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ജീവനക്കാരന് യഥാർഥ സിഇഒയോടോ എംഡിയോടോ സംസാരിക്കുന്നുവെന്ന വിശ്വാസം ഉണ്ടാക്കിയ ശേഷം ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടും. ചില സന്ദർഭങ്ങളിൽ ഇടപാട് രഹസ്യമായി സൂക്ഷിക്കണമെന്നും നിർദേശിക്കും. ഇതിനായി പ്രസിദ്ധീകരിക്കാത്ത വില സെൻസിറ്റീവ് വിവരങ്ങൾ (UPSI) ഉൾപ്പെട്ട ഇടപാടാണെന്ന് പറഞ്ഞ് ജീവനക്കാരെ മറ്റാരോടും സ്ഥിരീകരിക്കാൻ അനുവദിക്കാത്ത രീതിയാണ് സ്വീകരിക്കുന്നത്.
മറ്റൊരു രീതിയിൽ തട്ടിപ്പുകാർ വാട്‍സാപ്പ് സന്ദേശത്തിലൂടെ കംപ്രസ് ചെയ്ത .zip ഫയൽ അയക്കും. ഇതിൽ അപകടകാരിയായ എക്സിക്യൂട്ടബിൾ ഫയലുകളും ഡൈനാമിക് ലിങ്ക് ലൈബ്രറി (DLL) ഫയലുകളും ഉൾപ്പെടുത്തിയിരിക്കും. വിൻഡോസ് കമ്പ്യൂട്ടറിൽ ഇത് തുറന്നാൽ മാൽവെയർ ഇൻസ്റ്റാൾ ആകുകയും സജീവമായ വാട്‍സാപ്പ് വെബ് സെഷൻ തട്ടിപ്പുകാർക്ക് നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും. ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ വാട്‍സാപ്പ് അക്കൗണ്ട് നിയന്ത്രണത്തിലായാൽ, അതിലൂടെ മറ്റ് ജീവനക്കാർക്ക് പണം കൈമാറാനുള്ള വ്യാജ നിർദേശങ്ങൾ അയയ്ക്കാം. ചില കേസുകളിൽ കമ്പ്യൂട്ടർ പൂർണമായി നിയന്ത്രണത്തിലാക്കിയ ശേഷം, തട്ടിപ്പുകാർ സ്വന്തം ഫോൺ നമ്പർ സിഇഒയുടെ പേരിൽ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത് അതിൽ നിന്ന് വ്യാജ പണമിടപാട് നിർദേശങ്ങൾ നൽകുന്നതായും സെബി വ്യക്തമാക്കി.
കമ്പനികളിലെ ജീവനക്കാരെ ലക്ഷ്യമിടുന്ന ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുകയാണ് സാമ്പത്തിക നഷ്‍ടം ഒഴിവാക്കാനുള്ള പ്രധാന മാർഗമെന്ന് സെബി അറിയിച്ചു.