
ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ 20 ലക്ഷം രൂപയുടെ അധിക വാർഷിക ശമ്പളം ലഭിക്കുമായിരുന്ന പ്രമോഷൻ നിരസിച്ചതായി റിപ്പോർട്ട്. കൂടുതൽ ശമ്പളത്തേക്കാൾ വ്യക്തിജീവിതത്തിനും കുടുംബത്തിനും സമയം നൽകുന്നതിനാണ് 31കാരനായ ഡെവലപ്പർ മുൻഗണന നൽകിയതെന്നാണ് വിവരം. നിലവിൽ ഏകദേശം 45 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ വാർഷിക ശമ്പളം. പുതിയ ചുമതല ഏറ്റെടുത്തിരുന്നെങ്കിൽ ശമ്പളം 65 ലക്ഷം രൂപയ്ക്ക് മുകളിലെത്തുമായിരുന്നു. ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ യു എബിലിറ്റിയുടെ സ്ഥാപകൻ രോഹൻ ധവാൻ ലിങ്ക്ഡ്ഇനിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പേപ്പറിൽ നോക്കുമ്പോൾ നിരസിക്കാൻ ബുദ്ധിമുട്ടുള്ള ഓഫറായിരുന്നു ഇത്. ഉയർന്ന പദവി, കൂടുതൽ ജീവനക്കാരടങ്ങുന്ന ടീം, ഏകദേശം 20 ലക്ഷം രൂപയുടെ ശമ്പള വർധന എന്നിവയായിരുന്നു പുതിയ സ്ഥാനത്തിന്റെ പ്രത്യേകതകൾ. എന്നാൽ പുതിയ ചുമതല ഏറ്റെടുത്താൽ ജോലിസമയം കാര്യമായി മാറുമായിരുന്നു. അമേരിക്കയിലുള്ള സഹപ്രവർത്തകരുമായി ആഴ്ചയിൽ നാല് രാത്രികളിൽ വൈകിയുള്ള കോളുകളിൽ പങ്കെടുക്കേണ്ടിവരുമായിരുന്നു. ഇതിന് പുറമെ കൂടുതൽ യാത്രകളും നിലവിലുള്ളതിനേക്കാൾ ഏകദേശം ഇരട്ടി വലുപ്പമുള്ള ടീമിനെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടാകുമായിരുന്നു. ഇതോടെ ഓഫീസ് സമയം കഴിഞ്ഞാലും ജോലിയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമായിരുന്നു. ഔദ്യോഗികമായി അവധി ദിവസമായിരുന്നാലും വാരാന്ത്യങ്ങളിലും ജോലി സംബന്ധമായ കാര്യങ്ങളിൽ നിന്ന് പൂർണമായി മാറിനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു.
പ്രമോഷൻ നിരസിക്കാനുള്ള തീരുമാനത്തിൽ വ്യക്തിപരമായ കാരണങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നു. അടുത്ത വർഷം താനും ഭാര്യയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ വ്യായാമ പരിശീലനത്തിനായി സമയം മാറ്റിവയ്ക്കുന്നയാളാണ് ഇദ്ദേഹം. കൂടാതെ മാതാപിതാക്കൾക്കൊപ്പം ആഴ്ചയിൽ ഒരിക്കൽ അത്താഴം കഴിക്കുന്നതും പതിവാണ്. ഇത്രയും വലിയ ശമ്പള വർധന വേണ്ടെന്ന് വെച്ചതിന്റെ കാരണം പിതാവിന് ആദ്യം മനസിലായില്ലെന്നും റിപ്പോർട്ടുണ്ട്. “20 ലക്ഷം രൂപ അധികമായി കിട്ടുകയാണ്. പിന്നെ എന്താണ് പ്രശ്നം? ഇന്നത്തെ കാലത്ത് 10 ശതമാനം ശമ്പള വർധനയ്ക്കായി പോലും ആളുകൾ ജോലി മാറുന്നു,” എന്നായിരുന്നു പിതാവ് ചോദിച്ചതെന്ന് രോഹൻ ധവാന്റെ കുറിപ്പിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് രോഹൻ ധവാൻ പങ്കുവച്ച ഒരു വാചകവും ശ്രദ്ധേയമായി. “ഓരോ ഓഫർ ലെറ്ററും നിങ്ങൾക്ക് എത്ര പണം ലഭിക്കുമെന്ന് കൃത്യമായി പറയും. എന്നാൽ അതിന് പകരമായി നിങ്ങൾ എന്താണ് നൽകേണ്ടിവരുന്നതെന്ന് അവയൊന്നും പറയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം, മറ്റൊരു സോഫ്റ്റ്‌വെയർ വിദഗ്ധന്റെ കരിയർ ഇതിന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനായ ടോണി യുഹുവായ് വു സിലിക്കൺ വാലിക്ക് സമീപമുള്ള ഹിൽസ്ബറോയിൽ ഏകദേശം 70 ദശലക്ഷം ഡോളർ, അതായത് 670 കോടി രൂപയോളം വിലവരുന്ന ആഡംബര മാളിക വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വാങ്ങൽ വു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘വില്ല ഡി വെറാനോ’ എന്നറിയപ്പെടുന്ന ഈ വസ്തു 12 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ആറ് കിടപ്പുമുറികൾ, ഒമ്പത് ഹോൾ ഗോൾഫ് കോഴ്സ്, 150 പേർക്ക് ഇരിക്കാവുന്ന ഔട്ട്ഡോർ ആംഫിതിയേറ്റർ, 2100 ഗാലൻ ശേഷിയുള്ള ഉപ്പുവെള്ള അക്വേറിയം എന്നിവ ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്.
2015ൽ ന്യൂ ബ്രൺസ്വിക് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ടോണി വു, 2021ൽ ടൊറന്റോ സർവകലാശാലയിൽ നിന്ന് മെഷീൻ ലേണിങ്ങിൽ പി.എച്ച്.ഡി നേടി. ഓപ്പൺ എഐയിലും ഗൂഗിളിന്റെ ഡീപ്‌മൈൻഡിലും ഇന്റേൺഷിപ്പ് ചെയ്ത വു പിന്നീട് ഗൂഗിളിൽ റിസർച്ച് സയന്റിസ്റ്റായി പ്രവർത്തിച്ചു. 2023ൽ ഇലോൺ മസ്കിന്റെ എക്സ്.എ.ഐയുടെ സ്ഥാപക സംഘത്തിലെ അംഗമായി. ഗ്രോക്ക് ഉൾപ്പെടെയുള്ള എഐ സംവിധാനങ്ങളിലും എഐ ഗണിതശാസ്ത്രം, മെഷീൻ റീസണിങ് തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു.
സ്പേസ് എക്സ് എക്സ്.എ.ഐയെ ഏറ്റെടുത്തതിനെ തുടർന്ന് ഫെബ്രുവരിയിൽ വു കമ്പനി വിട്ടു. “ഇനി എന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കാനുള്ള സമയമാണ്. എഐ സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന ചെറിയൊരു ടീമിന് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും സാധ്യമെന്ന് കരുതിയതിനെ തന്നെ പുനർനിർവചിക്കാനും കഴിയുന്ന കാലമാണിത്,” എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ പ്രതികരണം.