എഐ ക്യാമറയെ കബളിപ്പിക്കാൻ പറ്റുമോ? ഈ ഷർട്ട് ധരിച്ചാൽ ‘മനുഷ്യൻ’ അപ്രത്യക്ഷമാകും!

Published : Sep 03, 2026, 11:25 AM IST
Artificial Intelligence

Synopsis

ജർമൻ ഡിസൈനർ സൈമൺ വെക്കർട്ട് രൂപകൽപ്പന ചെയ്ത 'ഡിജിറ്റൽ കാമഫ്ലാഷ്' എന്ന ഷർട്ട്, എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കുന്നു. ഇതിലെ പ്രത്യേക പാറ്റേണുകൾ മനുഷ്യരെ തിരിച്ചറിയുന്നതിൽ നിന്ന് എഐ ക്യാമറകളെ തടയുന്നു. എഐയുടെ സഹായത്തോടെ തന്നെ വികസിപ്പിച്ച ഈ ഡിസൈൻ, നിരീക്ഷണ സാങ്കേതികവിദ്യയിലെ ദൗർബല്യങ്ങൾ തുറന്നുകാട്ടാനാണ് ലക്ഷ്യമിടുന്നത്.

ഐ ക്യാമറകൾക്ക് മുന്നിൽ മനുഷ്യരെ തിരിച്ചറിയുന്നതിൽ തടസം സൃഷ്‍ടിക്കാൻ കഴിയുന്ന ഷർട്ട് രൂപകൽപ്പന ചെയ്ത് ജർമൻ ഡിസൈനർ സൈമൺ വെക്കർട്ട്. ‘ഡിജിറ്റൽ കാമഫ്ലാഷ്’ എന്ന് പേരിട്ടിരിക്കുന്ന വർണാഭമായ ഷർട്ട് എഐ അധിഷ്‍ഠിത വീഡിയോ നിരീക്ഷണ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ കാഴ്ചയിൽ പച്ച, പിങ്ക്, ഓറഞ്ച് നിറങ്ങളിലുള്ള വിവിധ ആകൃതികൾ നിറഞ്ഞ ഒരു സാധാരണ ഫാഷൻ വസ്ത്രം പോലെയാണ് ഷർട്ട് തോന്നുക. എന്നാൽ ഇതിലെ പ്രത്യേക പാറ്റേണുകൾക്ക് മറ്റൊരു ലക്ഷ്യമുണ്ട്. മനുഷ്യരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന എഐ സംവിധാനങ്ങളുടെ പ്രവർത്തനത്തെ ഈ പാറ്റേണുകൾ തടസപ്പെടുത്തും.

ക്യാമറയ്ക്ക് മുന്നിൽ നിന്നാൽ ‘മനുഷ്യൻ’ അപ്രത്യക്ഷമാകും

വെക്കർട്ട് പങ്കുവച്ച ഒരു പരീക്ഷണത്തിന്റെ ദൃശ്യങ്ങളിൽ, ചിത്രത്തിലെ മനുഷ്യനെ തിരിച്ചറിയുന്ന എഐ സംവിധാനം ശരീരത്തിന് ചുറ്റും പച്ച നിറത്തിലുള്ള ചതുരം വരച്ച് ‘വ്യക്തി’ എന്ന് അടയാളപ്പെടുത്തുന്നത് കാണാം. എന്നാൽ ഡിജിറ്റൽ കാമഫ്ലാഷ് ഷർട്ട് ശരീരത്തിന് മുന്നിൽ വയ്ക്കുമ്പോൾ ചതുരവും അടയാളപ്പെടുത്തലും അപ്രത്യക്ഷമാകുന്നു. ഷർട്ട് മാറ്റിയാൽ എഐ സംവിധാനം വീണ്ടും വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും.

എങ്ങനെയാണ് ഷർട്ട് എഐയെ കബളിപ്പിക്കുന്നത്?

മനുഷ്യർ ഒരു വ്യക്തിയെ തിരിച്ചറിയുന്നതുപോലെയല്ല എഐ സംവിധാനങ്ങൾ മനുഷ്യരെ തിരിച്ചറിയുന്നത്. ദശലക്ഷക്കണക്കിന് ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ദൃശ്യ പാറ്റേണുകൾ പഠിച്ചാണ് എഐ സംവിധാനങ്ങൾ വസ്‍തുക്കളെയും മനുഷ്യരെയും തിരിച്ചറിയുന്നത്.

ശരീരത്തിന്റെ ആകൃതി, അതിരുകൾ, നിറങ്ങൾ, ടെക്സ്ചറുകൾ തുടങ്ങിയ ദൃശ്യ സൂചനകളാണ് ക്യാമറകൾ പ്രധാനമായും പരിശോധിക്കുന്നത്. എന്നാൽ ഡിജിറ്റൽ കാമഫ്ലാഷിലെ കടുത്ത നിറവ്യത്യാസങ്ങളും പരസ്പരം മുറിച്ചുകടക്കുന്ന ആകൃതികളും ഈ സൂചനകളെ ആശയക്കുഴപ്പത്തിലാക്കുന്നു. തിളക്കമുള്ള നിറങ്ങൾ എഐയുടെ ശ്രദ്ധ മറ്റിടങ്ങളിലേക്ക് തിരിക്കുകയും വ്യത്യസ്ത ആകൃതികൾ ശരീരത്തിന്റെ യഥാർഥ അതിരുകൾ തിരിച്ചറിയുന്നതിന് തടസ്സമാകുകയും ചെയ്യുന്നു. ഇതോടെ ക്യാമറയ്ക്ക് മുന്നിലുള്ളത് ഒരു മനുഷ്യനാണെന്ന് ഉറപ്പിക്കാൻ എഐ സംവിധാനത്തിന് ബുദ്ധിമുട്ട് നേരിടുന്നു.

എഐയുടെ സഹായത്തോടെയാണ് പാറ്റേൺ തയ്യാറാക്കിയത്

ക്യാമറയെ കബളിപ്പിക്കാൻ ഏത് പാറ്റേൺ ഉപയോഗിക്കണമെന്നത് ഡിസൈനർ വെറുതെ ഊഹിച്ചെടുത്തതല്ല. എഐയുടെ സഹായത്തോടെയാണ് ഷർട്ടിന്റെ രൂപകൽപ്പന മെച്ചപ്പെടുത്തിയതെന്ന് വെക്കർട്ട് പറയുന്നു. ‘അഡ്വേഴ്സേറിയൽ ലൂപ്പ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന രീതിയിലാണ് ഇതിനായുള്ള പരീക്ഷണങ്ങൾ നടത്തിയത്. ആദ്യം എഐ ഒരു പാറ്റേൺ സൃഷ്‍ടിക്കും. പിന്നീട് അത് തിരിച്ചറിയൽ സംവിധാനത്തിൽ പരീക്ഷിക്കും. ഒരു വ്യക്തിയെ തിരിച്ചറിയാൻ എത്രത്തോളം എഐയ്ക്ക് കഴിയുന്നുണ്ടെന്ന് പരിശോധിച്ച ശേഷം പാറ്റേണിൽ മാറ്റങ്ങൾ വരുത്തും. തുടർന്ന് വീണ്ടും പരീക്ഷണം നടത്തും. എഐയ്ക്ക് വ്യക്തിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്നതുവരെ ഈ പ്രക്രിയ ആവർത്തിക്കും.

യോലോ സംവിധാനത്തിലും പരീക്ഷിച്ചു

തത്സമയം വസ്‍തുക്കളെ തിരിച്ചറിയാൻ കഴിയുന്ന ഓപ്പൺ സോഴ്സ് എഐ സംവിധാനമായ യോലോയിലാണ് ഡിജിറ്റൽ കാമഫ്ലാഷ് പരീക്ഷിച്ചത്. വിവിധ നിരീക്ഷണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളുമായി സാമ്യമുള്ളതാണ് യോലോയുടെ വസ്തു തിരിച്ചറിയൽ സംവിധാനം. കമ്പ്യൂട്ടർ വിഷൻ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതിനായി പ്രത്യേക വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്ന ‘അഡ്വേഴ്സേറിയൽ ക്ലോത്തിങ്’ എന്ന പരീക്ഷണ മേഖലയിലെ ഒരു പദ്ധതിയാണിത്. എന്നാൽ തന്റെ ഷർട്ടിന് എല്ലാ സിസിടിവി ക്യാമറകളെയും പരാജയപ്പെടുത്താനോ പൂർണമായും അജ്ഞാതനായി തുടരാൻ സഹായിക്കാനോ കഴിയുമെന്ന് വെക്കർട്ട് അവകാശപ്പെടുന്നില്ല. എഐ അധിഷ്ഠിത നിരീക്ഷണ സാങ്കേതികവിദ്യയിലെ ഒരു ദൗർബല്യം തുറന്നുകാട്ടുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

താളിയോലയ്ക്ക് പുനർജന്മം; റോബോട്ടിക്സിൽ വിസ്‍മയം തീർത്ത് കുട്ടികൾ
ചോദ്യങ്ങൾക്ക് ഉത്തരം മാത്രമല്ല; റസ്റ്ററന്‍റ് ബുക്കിങ് മുതൽ സാമ്പത്തിക കാര്യങ്ങൾ വരെ! ജീവനക്കാർക്ക് വ്യക്തിഗത എഐ ഏജന്‍റ് നൽകി മെറ്റ