ബിഎസ്എൻഎല്ലിന്‍റെ പുതിയ ഡാറ്റ ഇല്ലാത്ത പ്ലാനുകൾ എന്തൊക്കെ?

Published : Nov 20, 2026, 11:40 AM IST
BSNL Plans

Synopsis

മൊബൈൽ ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ട്രായ് നിർദേശപ്രകാരം 172, 184, 190 രൂപ നിരക്കുകളിൽ വോയ്‌സ് കോളും എസ്എംഎസും മാത്രമുള്ള പ്ലാനുകളാണ് ലഭ്യമാക്കിയത്. കുറഞ്ഞ വരുമാനക്കാർക്കും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ പ്രയോജനപ്പെടും.

മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി മൂന്ന് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. കോളുകൾ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രം മൊബൈൽ കണക്ഷൻ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ മൊബൈൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശത്തെ തുടർന്നാണ് പുതിയ നീക്കം. ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കോളിങ് സൗകര്യം മാത്രം ലഭ്യമാക്കുന്ന പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരുന്നു.

ആർക്കൊക്കെയാണ് പുതിയ പ്ലാനുകൾ പ്രയോജനപ്പെടുക?

ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾ, സെക്കൻഡറി സിം കാർഡ് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർ തുടങ്ങിയവർക്കാണ് പുതിയ പ്ലാനുകൾ കൂടുതൽ പ്രയോജനപ്പെടുക. സാധാരണ ഫോൺ കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയയ്ക്കാനും ബാങ്കിങ് ഇടപാടുകൾക്കുള്ള ഒടിപി സ്വീകരിക്കാനും മാത്രമാണ് മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നതെങ്കിൽ ഈ പ്ലാനുകൾ പരിഗണിക്കാം.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളും സമാനമായ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ വിഭാഗത്തിൽ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ചില ഓപ്ഷനുകൾ ബിഎസ്എൻഎല്ലാണ് നൽകുന്നത്.

172 രൂപ, 184 രൂപ, 190 രൂപ പ്ലാനുകൾ

172 രൂപ, 184 രൂപ, 190 രൂപ എന്നിങ്ങനെ മൂന്ന് നിരക്കുകളിലാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാനുകൾ ലഭ്യമാകുന്നത്. മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോളുകളും ദിവസവും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും.

പ്ലാനുകളുടെ കാലാവധിയിലാണ് വ്യത്യാസമുള്ളത്.

172 രൂപ പ്ലാൻ: 28 ദിവസമാണ് കാലാവധി. പ്രതിദിന ചെലവ് ഏകദേശം 6.14 രൂപ.

184 രൂപ പ്ലാൻ: 30 ദിവസമാണ് കാലാവധി. പ്രതിദിന ചെലവ് ഏകദേശം 6.13 രൂപ.

190 രൂപ പ്ലാൻ: ഒരു കലണ്ടർ മാസമാണ് കാലാവധി. ദിവസങ്ങളുടെ എണ്ണമനുസരിച്ച് പ്രതിദിന ചെലവ് ഏകദേശം 6.13 രൂപ മുതൽ 6.33 രൂപ വരെ.

ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 94 ദശലക്ഷൽ അധികം മൊബൈൽ കണക്ഷനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. 99 രൂപ, 439 രൂപ തുടങ്ങിയ വോയ്സ് കേന്ദ്രീകൃത റീചാർജ് ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്.

ജിയോ, എയർടെൽ, വിഐ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ

പുതിയ പ്ലാനുകളിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത എസ്എംഎസ് ആനുകൂല്യമാണ്. ജിയോ, എയർടെൽ, വിഐ എന്നിവയുടെ വോയ്സ് ഓൺലി പ്ലാനുകളിൽ മുഴുവൻ കാലാവധിയിലുമായി പരമാവധി 300 എസ്എംഎസുകളാണ് ലഭിക്കുന്നത്. എന്നാൽ ബിഎസ്എൻഎൽ ദിവസവും 100 എസ്എംഎസുകൾ നൽകുന്നു.

അതായത് 28 ദിവസത്തെ കാലയളവിൽ ബിഎസ്എൻഎൽ ഉപഭോക്താവിന് 2,800 എസ്എംഎസുകൾ വരെ അയയ്ക്കാം. മറ്റ് നെറ്റ്‌വർക്കുകളിൽ ലഭിക്കുന്ന 300 എസ്എംഎസുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമാണിത്. നിരക്കിന്റെ കാര്യത്തിലും ബിഎസ്എൻഎല്ലിന് മുൻതൂക്കമുണ്ട്. റിലയൻസ് ജിയോയുടെ 28 ദിവസത്തെ വോയിസ് ഓൺലി പ്ലാനിന് 177 രൂപയും 30 ദിവസത്തെ പ്ലാനിന് 196 രൂപയും ഒരു മാസത്തെ പ്ലാനിന് 197 രൂപയുമാണ് നിരക്ക്.

ട്രായ് നിർദേശിച്ച പ്ലാനുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം

പുതിയ പ്ലാനുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ബിഎസ്എൻഎല്ലും സ്വകാര്യ ടെലികോം കമ്പനികളും ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്. 'ട്രായ് നിർദേശിച്ച പ്ലാനുകൾ' എന്ന വിഭാഗത്തിലൂടെ ഡാറ്റ ആവശ്യമില്ലാത്ത റീചാർജ് ഓപ്ഷനുകൾ കണ്ടെത്താനും താരതമ്യം ചെയ്യാനും നേരിട്ട് റീചാർജ് ചെയ്യാനും സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

ജിയോ വരിക്കാർക്ക് മുന്നറിയിപ്പ്, ഇൻകമിങ് കോളുകൾ നിലച്ചേക്കാം
ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസം; ഓപ്പൺഎഐയുടെ പുതിയ നീക്കം അറിയാം