
കുട്ടികൾക്കായി വ്യക്തിഗത കഥകൾ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന പുതിയ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് പേഴ്‌സണലൈസ്‍ഡ് സ്റ്റോറീസ് എന്ന പേരിലുള്ള ഈ ഐഫോൺ ആപ്പാണ് നിലവിൽ കമ്പനി പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുട്ടികളുടെ ഇഷ്‍ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങളും ശബ്ദാവതരണവും പശ്ചാത്തല സംഗീതവും ഉൾക്കൊള്ളുന്ന കഥകൾ സൃഷ്ടിക്കാൻ ഈ ആപ്പിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ടെക് വെബ്‌സൈറ്റായ 9ടു5മാക് ആണ് ആദ്യം ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ മെക്സിക്കോയിലാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. അമേരിക്കയിൽ ഇതുവരെ ആപ്പ് പുറത്തിറക്കിയിട്ടില്ല. ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണം നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സൂചന.
ആപ്പിന്‍റെ സാന്നിധ്യം മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി വ്യക്തിഗതവും സാങ്കൽപികവുമായ കഥാപുസ്‍തകങ്ങൾ ഒരുക്കാൻ സഹായിക്കുന്ന ക്രിയേറ്റീവ് സ്റ്റോറി ടെല്ലിങ് ആപ്പാണ് സ്റ്റോറികിറ്റെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി എഐ സുരക്ഷാ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതായും, സാമൂഹിക ഇടപെടലുകൾക്കുള്ള സൗകര്യങ്ങളൊന്നും ആപ്പിലില്ലെന്നും മെറ്റ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. അതിനാൽ കുട്ടികൾ നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ മാതാപിതാക്കൾ കുട്ടികൾക്കായി കഥകൾ ഒരുക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
സ്റ്റോറികിറ്റിൽ കഥ സൃഷ്‍ടിക്കാൻ ഉപയോക്താവ് ആദ്യം ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കണം. ഇതിനായി കുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം ഉപയോഗിക്കാം. തുടർന്ന് മാന്ത്രിക വനമോ വിദൂര ഗാലക്സിയോ പോലുള്ള പശ്ചാത്തലം തിരഞ്ഞെടുക്കാം. അവസാനഘട്ടത്തിൽ ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. തുടർന്ന് ആ മൂല്യം സ്വാഭാവികമായി ഉൾപ്പെടുത്തി എഐ കഥ തയ്യാറാക്കും.
തയ്യാറാകുന്ന കഥ ചിത്രങ്ങളോടുകൂടിയ ഡിജിറ്റൽ പുസ്‍തകമായും ശബ്‍ദാവതരണവും സംഗീതവും ഉൾപ്പെട്ട പതിപ്പായും ലഭിക്കും. യാത്രയ്ക്കിടയിലോ ഉറങ്ങുന്നതിന് മുമ്പോ കേൾക്കാൻ ഓഡിയോബുക്ക് രൂപത്തിലും കഥ ലഭ്യമാകും. മാതാപിതാക്കൾക്ക് സ്വയം വായിച്ചുകൊടുക്കാനായി മുഴുവൻ എഴുത്തും പ്രദർശിപ്പിക്കുന്ന റീഡ് അലൗഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് അച്ചടിച്ച് സൂക്ഷിക്കാനും സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ചാറ്റ്ബോട്ടുകൾക്കപ്പുറമുള്ള സാധ്യതകൾ വികസിപ്പിക്കാനുള്ള മെറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് സ്റ്റോറികിറ്റും വിലയിരുത്തപ്പെടുന്നത്. ഈ വർഷം കമ്പനി ലാമ മോഡലുകൾക്ക് പകരം മ്യൂസ് സ്പാർക്ക് എന്ന പുതിയ എഐ മോഡൽ അവതരിപ്പിച്ചിരുന്നു. വാട്‍സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ, ത്രെഡ്‍സ്, മെറ്റ എഐ ആപ്പ് എന്നിവയിൽ ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
കുട്ടികൾക്കായുള്ള കഥപറച്ചിലിലും കൃത്രിമ ബുദ്ധിക്ക് ഇടമുണ്ടോയെന്ന് വിലയിരുത്താനുള്ള പരീക്ഷണമായാണ് സ്റ്റോറികിറ്റിനെ ടെക് ലോകം കാണുന്നത്. മനുഷ്യന്‍റെ ഭാവനയ്ക്ക് പകരമാകാൻ എഐയ്ക്ക് കഴിയുമോയെന്ന ചോദ്യത്തിന് ഉത്തരമാകുക വരുംകാല പരീക്ഷണങ്ങളായിരിക്കും.