മാൻഹോളുകൾ വൃത്തിയാക്കുന്ന റോബോട്ടുകളെ വികസിപ്പിച്ച് ശ്രദ്ധ നേടിയ കേരളത്തിലെ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ് ഇപ്പോൾ ഐഎസ്ആർഒയുമായി സുപ്രധാന കരാർ ഒപ്പിട്ടു. ഉപഗ്രഹങ്ങളിൽ റിഫ്ലക്ടറുകൾ വിന്യസിക്കാനും അവയുടെ ദിശ ക്രമീകരിക്കാനുമുള്ള അത്യാധുനിക റോബോട്ടിക് സംവിധാനം രൂപകൽപ്പന ചെയ്ത് നിർമിക്കുകയാണ് കമ്പനിയുടെ പുതിയ ദൗത്യം.

മാൻഹോളുകളിലെ അപകടകരമായ ശുചീകരണ ജോലികൾക്കും തോട്ടിപ്പണിക്കും പരിഹാരമായി റോബോട്ടുകളെ വികസിപ്പിച്ച് തൊഴിലാളികളുടെ അന്തസ് വാനോളം ഉയർത്തിയ കേരളത്തിന്‍റെ സ്വന്തം സ്റ്റാർട്ടപ്പ് ഇനി ബഹിരാകാശത്തേക്കും. ശുചീകരണ ജോലികൾക്കായി വികസിപ്പിച്ച റോബോട്ടുകളിലൂടെ ശ്രദ്ധ നേടിയ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസാണ് ഇപ്പോൾ ഐഎസ്ആർഒയുമായി സുപ്രധാന കരാർ ഒപ്പിട്ടിരിക്കുന്നത്. ഐഎസ്ആർഒയുടെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിന്ന് റോബോട്ടിക്സ് വികസന കരാർ നേടിയ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻസ്, ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പായി. ഉപഗ്രഹങ്ങളിൽ റിഫ്ലക്ടറുകൾ വിന്യസിക്കാനും അവയുടെ ദിശ ക്രമീകരിക്കാനുമുള്ള അത്യാധുനിക റോബോട്ടിക് സംവിധാനം രൂപകൽപ്പന ചെയ്ത് നിർമിക്കുകയാണ് കമ്പനിയുടെ പുതിയ ദൗത്യം. ഭൂമിക്കടിയിലെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ബഹിരാകാശത്തിന്റെ വെല്ലുവിളികളിലേക്ക് വളരുന്ന കേരളത്തിന്റെ സാങ്കേതിക മികവിന്റെ പുതിയ അധ്യായം കൂടിയാണിത്.

ഉപഗ്രഹങ്ങൾക്കായി അത്യാധുനിക റോബോട്ടിക് സംവിധാനം

ഉപഗ്രഹങ്ങളിലെ റിഫ്ലക്ടറുകൾ വിന്യസിക്കാനും അവയുടെ ദിശ ക്രമീകരിക്കാനുമുള്ള ഉയർന്ന കൃത്യതയുള്ള ആർട്ടിക്കുലേറ്റഡ് ബൂം ആം സിസ്റ്റം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംവിധാനത്തിന്റെ രൂപകൽപ്പനയും വികസനവും നിർമാണവും തദ്ദേശീയമായി നിർവഹിക്കും. വിക്ഷേപണ സമയത്തെ കടുത്ത സമ്മർദം അതിജീവിക്കുന്നതിനൊപ്പം ഭ്രമണപഥത്തിലെ തെർമോ-വാക്വം, മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന മൾട്ടി-ലിങ്ക് ബൂം ആം സംവിധാനമാണ് ജെൻറോബോട്ടിക്സിന്റെ സ്പേസ് ആൻഡ് അഡ്വാൻസ്ഡ് റോബോട്ടിക്സ് വിഭാഗം വികസിപ്പിക്കുന്നത്. ബഹിരാകാശത്തെ ആശയവിനിമയ റിഫ്ലക്ടറുകളുടെയും പേലോഡ് ഉപകരണങ്ങളുടെയും സ്ഥാനവും ദിശയും മൈക്രോൺ തലത്തിലുള്ള കൃത്യതയോടെ ക്രമീകരിക്കാൻ സംവിധാനത്തിന് കഴിയും.

ബാൻഡിക്കൂട്ട് മുതൽ ബഹിരാകാശം വരെ

അപകടകരമായ മാനുവൽ ജോലികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 2017-ൽ സ്ഥാപിതമായ കമ്പനിയാണ് ജെൻറോബോട്ടിക്സ്. ശുചീകരണ തൊഴിലാളികൾ അപകടകരമായ ഭൂഗർഭ അറകളിൽ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കാൻ വികസിപ്പിച്ച 'ബാൻഡിക്കൂട്ട്' റോബോട്ടിലൂടെയാണ് കമ്പനി ശ്രദ്ധ നേടിയത്. വിഷവാതകങ്ങൾ നിറഞ്ഞതും ഇടുങ്ങിയതും അപകടകരമായ സാഹചര്യങ്ങളുള്ളതുമായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ വികസിപ്പിച്ചതിലൂടെ കഠിനമായ പരിസ്ഥിതികളിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളിൽ കമ്പനി വൈദഗ്ധ്യം നേടി. ആക്യുവേറ്റർ നിയന്ത്രണം, മെറ്റീരിയൽസ് എൻജിനീയറിങ്, റീഇൻഫോഴ്സ്മെന്റ് ലേണിങ്, ഫിസിക്കൽ എഐ തുടങ്ങിയ മേഖലകളിലെ ഈ പരിചയമാണ് ബഹിരാകാശ റോബോട്ടിക്സിലേക്കുള്ള ചുവടുവയ്പ്പിന് കരുത്തായത്.

ആരോഗ്യരംഗത്തും പ്രതിരോധ മേഖലയിലും സാന്നിധ്യം

ശുചീകരണ മേഖലയിലെ റോബോട്ടിക്സിൽ നിന്ന് ആരംഭിച്ച കമ്പനി പിന്നീട് വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ആരോഗ്യരംഗത്തെ റോബോട്ടിക് പുനരധിവാസത്തിനായി 'ജി-ഗെയ്റ്റർ' സംവിധാനവും ഭാരമേറിയ ജോലികൾക്കും ദുർഘട പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കുമായി 'ജെൻബോട്ട്' സംവിധാനവും വികസിപ്പിച്ചു. ഫിസിക്കൽ എഐയും റീഇൻഫോഴ്സ്മെന്റ് ലേണിങ്ങും റോബോട്ടിക് പ്ലാറ്റ്ഫോമുകളിൽ പ്രയോജനപ്പെടുത്തുന്നതിലൂടെ സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനും ചലനങ്ങൾ മുൻകൂട്ടി കണക്കാക്കാനും കൃത്യമായി നിയന്ത്രിക്കാനുമുള്ള ശേഷി മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിരോധം, എണ്ണ-വാതകം, വ്യവസായം തുടങ്ങിയ മേഖലകളിലും കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

തുമ്പയിൽ ബഹിരാകാശ റോബോട്ടിക്സ് കേന്ദ്രം

പുതിയ ബഹിരാകാശ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തെ തുമ്പയിലുള്ള കിൻഫ്രയിൽ ആധുനിക ബഹിരാകാശ റോബോട്ടിക്സ് നിർമാണ-ഗവേഷണ കേന്ദ്രം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ ഉപകരണങ്ങളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ, ക്ലീൻറൂം അസംബ്ലി മേഖലകൾ, എൻജിനീയറിങ് ലാബുകൾ എന്നിവ കേന്ദ്രത്തിലുണ്ട്. യുഎഇ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും ജെൻറോബോട്ടിക്സിന് സാന്നിധ്യമുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രതിരോധ ഏജൻസിയായ ആംസ്കോറുമായി സഹകരിക്കുന്ന കമ്പനി, ദുബായ് സ്പേസ് ഏജൻസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ സ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തിവരികയാണ്.

ഐഎസ്ആർഒയുടെ അംഗീകാരം നിർണായകം

ഭൂമിക്കടിയിലെ അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യജീവൻ സംരക്ഷിക്കാനും തൊഴിലാളികളുടെ അന്തസ്സ് വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളിൽ നിന്നാണ് കമ്പനി ആരംഭിച്ചതെന്ന് സഹസ്ഥാപകനും സിഇഒയുമായ എം കെ വിമൽ ഗോവിന്ദ് പറഞ്ഞു. നാശകാരിയായ അന്തരീക്ഷത്തിലും ഉയർന്ന ടോർക്കിലും കടുത്ത സമ്മർദത്തിലും പ്രവർത്തിക്കാൻ കഴിയുന്ന യന്ത്രങ്ങൾ വികസിപ്പിച്ച അനുഭവം ബഹിരാകാശ സംവിധാനങ്ങളുടെ നിർമാണത്തിലേക്കുള്ള മാറ്റം സ്വാഭാവികമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയം അനുവദിക്കാനാകാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിച്ചതിലൂടെ നേടിയ പരിചയം ബഹിരാകാശ ഉപകരണങ്ങളുടെ നിർമാണത്തിലും പ്രയോജനപ്പെടുത്താനാകുമെന്ന് സഹസ്ഥാപകനും സിടിഒയുമായ പി ജലീഷ് പറഞ്ഞു. കേരളത്തിൽത്തന്നെ അത്യാധുനിക ബഹിരാകാശ ഉപകരണങ്ങൾ വികസിപ്പിക്കാനും നിർമിക്കാനുമുള്ള സാധ്യതകൾക്ക് കരാർ വഴിതുറക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ മേഖലയിലെ കേരളത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഫ്ലൈറ്റ്-ഗ്രേഡ് ഉപഗ്രഹ സംവിധാനങ്ങൾ നിർമിക്കാനുള്ള സംസ്ഥാനത്തിന്റെ സാങ്കേതിക ശേഷി ഉയർത്തിക്കാട്ടാനും ഈ നേട്ടം സഹായിക്കുമെന്നാണ് വിലയിരുത്തൽ.