
കൊച്ചി: സാംസങ് ഗാലക്‌സി ഉപയോക്താക്കള്‍ക്കായി പുതിയൊരു സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ഏറ്റവും സ്വകാര്യ ഇടമായിരിക്കുമ്പോഴും, പൊതുസ്ഥലങ്ങളിലാണ് അവയെ കൂടുതലായി ഉപയോഗിക്കുന്നത്. ബസുകളിലും ലിഫ്റ്റുകളിലും ക്യൂവില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകള്‍ നമ്മുടെ ഫോണ്‍ സ്‌ക്രീനിലേക്കു പതിയുന്നത് സ്വകാര്യതാ ആശങ്കകള്‍ ലോക വ്യാപകമായി ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാലക്‌സി ഫോണ്‍ ഉപഭോക്താക്കള്‍ക്കായി സാംസങ് പുതിയ സംവിധാനമൊരുക്കുന്നത്.
സ്‌മാര്‍ട്ട്‌ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുകയോ പാസ്‌വേഡുകള്‍ നല്‍കുകയോ ചെയ്യുന്ന സമയത്ത് 'ഷോള്‍ഡര്‍ സര്‍ഫിംഗ്' ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ പുതിയ ലെയര്‍, ഉപയോക്താവിന് ആവശ്യമായത്ര സ്വകാര്യത തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. പ്രത്യേക ആപ്പുകള്‍ക്കും നോട്ടിഫിക്കേഷന്‍ പോപ്അപ്പുകള്‍ക്കും പോലും സംരക്ഷണം നല്‍കുന്ന രീതിയില്‍ ഇത് കസ്റ്റമൈസ് ചെയ്യാനാകും. അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് സാംസങ് അറിയിച്ചു. ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സംയോജിപ്പിച്ചുള്ള ഈ സംവിധാനം, ഉപയോക്താവിനെ അലട്ടാതെ തന്നെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
സാംസങ് നോക്‌സ് പോലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പുതിയ സവിശേഷത, 'പിക്‌സല്‍ തലത്തിലുള്ള' സ്വകാര്യതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഗാലക്‌സി ഉപകരണങ്ങളില്‍ മൊബൈല്‍ സ്വകാര്യതയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ഈ സംവിധാനം ഉടന്‍ പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.