വാട്‍സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു

Published : Sep 04, 2026, 02:05 PM IST
whatsapp

Synopsis

വാട്സ്ആപ്പ് ഇന്ത്യയിൽ പുതിയ ബിൽ പേയ്‌മെന്റ്സ് ഫീച്ചർ അവതരിപ്പിച്ചു. ഭാരത് കണക്ട് ശൃംഖല ഉപയോഗിച്ച് വൈദ്യുതി, ഗ്യാസ്, ഇൻഷുറൻസ് തുടങ്ങി 30 വിഭാഗങ്ങളിലെ ബില്ലുകൾ ആപ്പിൽ നിന്ന് നേരിട്ട് അടയ്ക്കാം. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കുന്ന ഈ സേവനം ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാകും.

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ ബിൽ പേയ്‌മെന്റ്സ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. മെസേജിങ് ആപ്പ് വിട്ടുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. വ്യാഴാഴ്ചയാണ് പുതിയ സേവനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഭാരത് കണക്ട് എന്ന ബിൽ പേയ്‌മെന്റ് സംവിധാനത്തിന്റെ ശൃംഖലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനം ലഭ്യമാകും.

എങ്ങനെ ബിൽ അടയ്ക്കാം?

വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിൽ മുകളിൽ കാണുന്ന രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്താണ് ബിൽ പേയ്‌മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടർന്ന് ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തിരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങൾ നൽകിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്സ്ആപ്പ് ബിൽ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്‌മെന്റ് പൂർത്തിയാക്കാം. യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ബില്ലുകൾ ഒറ്റയിടത്ത്

വീട്ടിലെ വിവിധ ബില്ലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഹൗസ്ഹോൾഡ് ബിൽസ് സമ്മറിയും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പണമടച്ചിട്ടുള്ള ബില്ലർമാരെ പേയ്‌മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും. അതുവഴി ഒരൊറ്റ ടാപ്പിലൂടെ വീണ്ടും ബിൽ പേയ്‌മെന്റിലേക്ക് എത്താം. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. വീട്ടിലെ ബില്ലുകൾക്ക് പുറമെ ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകളും കൈകാര്യം ചെയ്യാൻ ഈ സൗകര്യം സഹായിക്കും.

30 വിഭാഗങ്ങളിലായി സേവനം

ഉപയോക്താക്കൾ പതിവായി ഉപയോഗിക്കുന്ന ബിൽ വിഭാഗങ്ങൾ പേയ്‌മെന്റ്സ് ഹോം സ്ക്രീനിൽ വാട്സ്ആപ്പ് സ്വമേധയാ പ്രദർശിപ്പിക്കും. കൂടുതൽ വിഭാഗങ്ങൾ കാണുന്നതിനായി സീ ഓൾ എന്ന ഓപ്ഷനും ലഭിക്കും. വിവിധ ബില്ലുകൾ അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിലേക്ക് മാറേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. നേരത്തെ മൊബൈൽ റീചാർജ് ഉൾപ്പെടെയുള്ള പണമിടപാട് സേവനങ്ങൾ വാട്സ്ആപ്പിൽ ലഭ്യമായിരുന്നു.

ഘട്ടംഘട്ടമായി ലഭ്യമാകും

ഭാരത് കണക്ട് സംവിധാനത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ സേവനം ഇന്ത്യയിൽ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് വരും ആഴ്ചകളിൽ ഫീച്ചർ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. 22,722 ബില്ലർമാരെയും 30 വിഭാഗങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ ദൈനംദിന ബിൽ പേയ്‌മെന്റുകൾ കൂടുതൽ എളുപ്പമാക്കുകയാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം.

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ: അമ്പരപ്പിക്കാൻ മൂന്ന് പുതിയ നിറങ്ങൾ?
എഐ ക്യാമറയെ കബളിപ്പിക്കാൻ പറ്റുമോ? ഈ ഷർട്ട് ധരിച്ചാൽ ‘മനുഷ്യൻ’ അപ്രത്യക്ഷമാകും!