ഐഫോൺ 18 പ്രോ: അമ്പരപ്പിക്കാൻ മൂന്ന് പുതിയ നിറങ്ങൾ?

Published : Sep 03, 2026, 12:25 PM IST
iphone 18 pro

Synopsis

ആപ്പിളിന്റെ അടുത്ത തലമുറ ഐഫോൺ 18 പ്രോ സീരീസ് സെപ്റ്റംബർ 9-ന് നടക്കുന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' പരിപാടിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബർഗണ്ടി, പ്യൂർ ബ്ലാക്ക്, സ്കൈ ബ്ലൂ എന്നീ മൂന്ന് പുതിയ നിറങ്ങളിൽ ഫോൺ ലഭ്യമായേക്കും. പുതിയ എ20 പ്രോ ചിപ്‌സെറ്റും മെച്ചപ്പെടുത്തിയ ക്യാമറ സംവിധാനവും ഫോണിന് കരുത്തേകുമെന്നും പ്രതീക്ഷിക്കുന്നു.

പ്പിളിന്‍റെ അടുത്ത തലമുറ പ്രീമിയം സ്‍മാർട്ട്ഫോൺ സീരീസായ ഐഫോൺ 18 പ്രോ ഈ മാസം തന്നെ വിപണിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾ ഉൾപ്പെടുന്നതായിരിക്കും പുതിയ സീരീസ്. സെപ്റ്റംബർ 9ന് ആപ്പിൾ പാർക്കിൽ നടക്കുന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടിയിൽ പുതിയ ഐഫോൺ മോഡലുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഐഫോൺ 18 പ്രോ സീരീസിനൊപ്പം ആപ്പിളിന്റെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ ഐഫോൺ അൾട്രയും അവതരിപ്പിച്ചേക്കും. ലോഞ്ചിന് മുന്നോടിയായി ഫോണുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ പുറത്തുവന്ന പുതിയ ചോർച്ച പ്രകാരം ഐഫോൺ 18 പ്രോ സീരീസ് മൂന്ന് പുതിയ നിറങ്ങളിൽ എത്തിയേക്കും.

ബർഗണ്ടി, കറുപ്പ്, സ്കൈ ബ്ലൂ

വെയ്‌ബോയിൽ ടിപ്സ്റ്റർ ഫിക്സഡ്-ഫോക്കസ് ഡിജിറ്റൽ ക്യാമറാസ് പങ്കുവച്ച വിവരങ്ങളിലാണ് പുതിയ നിറങ്ങളെക്കുറിച്ചുള്ള സൂചന. ഐഫോൺ 18 പ്രോയുടെതായി പറയപ്പെടുന്ന ചിത്രത്തിൽ നാല് നിറങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ ഇതിൽ ടൈറ്റാനിയം നിറം ഒഴിവാക്കി ബാക്കിയുള്ള മൂന്ന് നിറങ്ങളിലായിരിക്കും ഫോൺ ലഭിക്കുകയെന്നാണ് ടിപ്സ്റ്ററുടെ അവകാശവാദം. ബർഗണ്ടി, പ്യൂർ ബ്ലാക്ക്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ എത്തുകയെന്നാണ് വിവരം. ചൈനീസ് ഭാഷയിൽ പങ്കുവച്ച വിവരത്തിന്റെ പരിഭാഷ പ്രകാരമാണ് നിറങ്ങളുടെ പേരുകൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ നിറങ്ങൾ ഒഴിവാക്കും

പുതിയ നിറങ്ങൾ എത്തുന്നതോടെ കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ സീരീസിൽ അവതരിപ്പിച്ച മൂന്ന് നിറങ്ങളും ആപ്പിൾ ഒഴിവാക്കിയേക്കും. 2025 സെപ്റ്റംബറിൽ കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ എന്നീ നിറങ്ങളിലായിരുന്നു ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്. പുതിയ സീരീസിലെ സ്കൈ ബ്ലൂ നിറം കൂടുതൽ ഇളം നീല ഷേഡിലാണ് കാണപ്പെടുന്നത്. ബർഗണ്ടി നിറത്തിന് കടുത്ത ചുവപ്പ് ടോണാണ് നൽകിയിരിക്കുന്നതെന്നും ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഐഫോൺ 18 പ്രോ സീരീസിലൂടെ കറുപ്പ് നിറം പ്രോ മോഡലുകളിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. സാധാരണ ഐഫോൺ 17ൽ നൽകിയിരിക്കുന്ന കറുപ്പിനേക്കാൾ ഇരുണ്ട ഷേഡായിരിക്കും പുതിയ കറുപ്പ് നിറമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സെപ്റ്റംബർ 9ന് ആപ്പിൾ ഇവന്‍റ്

സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് പസഫിക് സമയം, അതായത് ഇന്ത്യൻ സമയം രാത്രി 10.30ന്, ക്യൂപ്പർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടി നടക്കുക. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ഐഫോൺ അൾട്രയും ഈ പരിപാടിയിൽ അവതരിപ്പിച്ചേക്കും. ആപ്പിളിന്റെ ആദ്യ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായിരിക്കും ഐഫോൺ അൾട്രയെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ വാച്ച് സീരീസ് 12, എയർപോഡ്സ് 5 എന്നിവയുടെ പ്രഖ്യാപനത്തിനും പരിപാടി വേദിയാകാൻ സാധ്യതയുണ്ട്.

പുതിയ ക്യാമറ സജ്ജീകരണം

ഡിസൈനിന്റെ കാര്യത്തിൽ ഐഫോൺ 18 പ്രോ സീരീസ് മുൻഗാമിയുടെ രൂപകൽപ്പന നിലനിർത്തുമെന്നാണ് ചോർച്ചകൾ സൂചിപ്പിക്കുന്നത്. എന്നാൽ പിന്നിലെ ക്യാമറ പ്ലാറ്റോക്ക് വലുപ്പം കൂടിയേക്കും. പുതിയ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. പുതിയ എ20 പ്രോ ചിപ്സെറ്റായിരിക്കും ഐഫോൺ 18 പ്രോ സീരീസിന് കരുത്തേകുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആപ്പിൾ ഇതുവരെ ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ച് തീയതി അടുക്കുന്നതോടെ ഐഫോൺ 18 പ്രോ സീരീസിന്റെ കൂടുതൽ സവിശേഷതകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എഐ ക്യാമറയെ കബളിപ്പിക്കാൻ പറ്റുമോ? ഈ ഷർട്ട് ധരിച്ചാൽ ‘മനുഷ്യൻ’ അപ്രത്യക്ഷമാകും!
താളിയോലയ്ക്ക് പുനർജന്മം; റോബോട്ടിക്സിൽ വിസ്‍മയം തീർത്ത് കുട്ടികൾ