'കൊവിഡിനെക്കാള്‍ ഭീകരം'; മെക്‌സിക്കോയില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 1000 സ്ത്രീകള്‍

By Web TeamFirst Published Apr 30, 2020, 8:18 PM IST
Highlights

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും മെക്‌സിക്കോയില്‍ ഉയര്‍ന്ന അളവിലാണ് റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം കേസുകള്‍ ഇവിടെ വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. കൊറോണക്കാലത്ത് ഈ കണക്കുകള്‍ കുത്തനെ ഉയരുകയും ചെയ്തു. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ മാത്രം സഹായങ്ങള്‍ക്കായി ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്കെത്തിയ കോളുകളുടേയും മെസേജുകളുടേയും എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്

മെക്‌സിക്കോയില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടത് ആയിരം സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പോയവര്‍ഷം ഇക്കാലയളവില്‍ നടന്ന സ്ത്രീകളുടെ കൊലപാതകങ്ങളുടെ കണക്കിനെക്കാള്‍ എട്ട് ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കഴിഞ്ഞ മാസങ്ങളില്‍ മെക്‌സിക്കോയില്‍ ഗാര്‍ഹിക പീഡനത്തിന്റെ തോത് കുത്തനെ വര്‍ധിച്ചിരുന്നു. ഇത് വലിയ അളവില്‍ സ്ത്രീകളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്ന് കാണിച്ച് സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഇതോടെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന വാദം മെക്‌സിക്കോയില്‍ ശക്തമാവുകയാണ്. മെയ് അവസാനം വരെ കൊവിഡ് 19 പ്രതിരോധമെന്ന നിലയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അത്രയും ദീവസങ്ങള്‍ കൂടി ഇതേ നില തുടര്‍ന്നാല്‍ ഇനിയും നിരവധി സ്ത്രീകളുടെ ജീവന്‍ പൊലിയുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

'വളരെയധികം ഭയപ്പെടുത്തുന്ന അവസ്ഥയാണ് മെക്‌സിക്കോയിലുള്ളത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ തീരുമ്പോഴേക്ക് ഇനിയുമെത്രയോ സ്ത്രീകള്‍ ഇതുപോലെ കൊല്ലപ്പെട്ടേക്കാം. കൊവിഡിനെക്കാള്‍ ഭീകരമാണിത്. ഇതുവരേയും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്...'- അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ പട്രീഷ്യ ഒമേന്‍ഡി പറയുന്നു. 

Also Read:- 'അടച്ചിട്ട വീട്ടിനുള്ളില്‍ വച്ച് പട്ടി കടിച്ചുകീറി; എന്റെ അനുഭവം ആര്‍ക്കുമുണ്ടാകരുത്'...

'സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവിടെ പടര്‍ന്നുപിടിക്കുന്ന മാരകമായ മഹാമാരി കൊവിഡല്ല. മറിച്ച്, സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കൂട്ടക്കുരുതിയാണ്. അവരുടെ അവകാശങ്ങള്‍ക്ക് മുകളില്‍ ഈ അതിക്രമങ്ങളുടെ നിഴല്‍ വീണിരിക്കുന്നു..'- സിറ്റിസണ്‍സ് മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ മാര്‍ത്ത ടാഗിള്‍ പറയുന്നു. 

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും മെക്‌സിക്കോയില്‍ ഉയര്‍ന്ന അളവിലാണ് റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം കേസുകള്‍ ഇവിടെ വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. കൊറോണക്കാലത്ത് ഈ കണക്കുകള്‍ കുത്തനെ ഉയരുകയും ചെയ്തു. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ മാത്രം സഹായങ്ങള്‍ക്കായി ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്കെത്തിയ കോളുകളുടേയും മെസേജുകളുടേയും എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 

നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഭൂരിഭാഗം കേസുകളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് കൊണ്ടും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് കൊണ്ടുമാണ് കുറ്റം വര്‍ധിക്കുന്നതെന്നും ഈ അവസ്ഥയിലാണ് മാറ്റം വരേണ്ടതെന്നും സ്ത്രീ വിമോചകരും സാമൂഹികനിരീക്ഷകരും വിലയിരുത്തുന്നു. കൊറോണക്കാലത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

Also Read:- ലോക്ക്ഡൗണ്‍ സ്ത്രീകള്‍ക്ക് തിരിച്ചടി; കണക്കുകള്‍ പുറത്തുവിട്ട് വനിതാ കമ്മീഷന്‍...

click me!