വിവാഹത്തിന് മുമ്പോ ശേഷമോ ആയി പങ്കാളികളില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന എത്രയോ സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയുന്നുമുണ്ട്. ഗാര്‍ഹികപീഡനം ഒരിക്കലും ഒരു രാജ്യത്തിന്റേയും അതിര്‍ത്തികളില്‍ ഒതുങ്ങുന്നില്ല. സ്ഥലങ്ങളും കാലവും പേരുകളും വിലാസങ്ങളും മാത്രമേ മാറുന്നുള്ളൂ. ഇരയും വേട്ടക്കാരനും എവിടെയും ഒരേ മുഖവും മനസുമാണ്. 

ഇതുതന്നെയാണ് ഇംഗ്ലണ്ടിലെ എസക്‌സില്‍ നിന്ന് പുറത്തുവന്ന പുതിയൊരു വാര്‍ത്തയും സൂചിപ്പിക്കുന്നത്. സത്യത്തില്‍ ഇത് പുതിയ വാര്‍ത്തയല്ല. ഒരു വര്‍ഷം പഴക്കമുണ്ട് ഈ സംഭവത്തിന്. എന്നാല്‍ ഇത് കാര്യമായ ചര്‍ച്ചയാകുന്നത് ഇപ്പോഴാണെന്ന് മാത്രം. 

ഒന്നരവര്‍ഷം മുമ്പ്, ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ലൂസി ജാക്‌സണ്‍ എന്ന കായികാധ്യാപിക ബെന്‍ റോബേര്‍ട്‌സണ്‍ എന്ന യുവാവിനെ പരിചയപ്പെടുന്നത്. അന്ന് 29 വയസാണ് ലൂസിക്ക്. തന്റെ പങ്കാളിക്ക് വേണമെന്നാഗ്രഹിച്ചിരുന്ന എല്ലാ ഗുണങ്ങളും ബെന്നിനുണ്ടെന്ന് ലൂസിക്ക് തോന്നി. അവര്‍ പരസ്പരം മനസുകള്‍ കൈമാറി. എല്ലാം മറന്ന് പ്രണയിച്ചു. വൈകാതെ തന്നെ ഒരുമിച്ച് താമസവും തുടങ്ങി.

 

 

ആദ്യമൊന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബെന്നില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അസാധാരണമായ ചില പിടിവാശികള്‍. ഒരു ദിവസം പെട്ടെന്ന്, ഇനി മുതല്‍ മേക്കപ്പ് ഉപയോഗിക്കേണ്ട എന്ന് തന്നോട് ബെന്‍ പറഞ്ഞതായി ലൂസി ഓര്‍മ്മിക്കുന്നു. ഇത്തരം ഇടപെടലുകള്‍ അല്‍പം വിഷമിപ്പിച്ചുവെങ്കിലും ബെന്നിനോടൊപ്പം തുടരാന്‍ തന്നെയായിരുന്നു ലൂസിയുടെ താല്‍പര്യം. 

വൈകാരികമായ പീഡനങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വന്നു. വൈകാതെ അത് ശാരീരികാതിക്രമത്തിലേക്കും എത്തി. ഇതിനിടെ ബെന്നിന്റെ ചരിത്രത്തെ കുറിച്ച് രഹസ്യമായി അന്വേഷിക്കാന്‍ ലൂസി പ്രത്യേക നിയമത്തിന്റെ ആനുകൂല്യം തേടി. അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരന്‍ ബെന്നിനെ കുറിച്ച് പറഞ്ഞുവന്നത് മുഴുവനായി കേള്‍ക്കാന്‍ പോലും ലൂസി തയ്യാറായില്ല. അവനോടൊപ്പം തുടര്‍ന്നാല്‍ നിന്റെ മരണം ഉറപ്പാണ് എന്ന അയാളുടെ വാക്കുകള്‍ ലൂസിയുടെ ഉള്ളിലുണ്ടായിരുന്നു. എന്നിട്ടും അവള്‍ ബെന്നിനരികിലേക്ക് തന്നെ മടങ്ങിയെത്തി. 

Also Read:- 'ദേഷ്യം തീർക്കുന്നത് ഭാര്യയോട്'; ഈ ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന പരാതികളില്‍ വര്‍ധനവ്...

ഒരുദിവസം കാര്യമായ എന്തോ വഴക്ക് നടക്കുന്നതിനിടെ ലൂസിയെ അടിക്കുന്നതും അസഭ്യം വിളിക്കുന്നതും കണ്ട അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി. ഇതിന് പകരമായി അനുഭവിക്കേണ്ടിവന്നത് ലൂസി തന്നെയായിരുന്നു. 

'അന്ന് പ്രതികാരം തീര്‍ക്കാന്‍ അയാളെന്നെ നഗ്നയാക്കി, അടിച്ചു, വലിച്ചിഴച്ച് ബാല്‍ക്കണിയില്‍ കൊണ്ടുപോയിട്ടു. ഇതിനെല്ലാം ശേഷമാണ് ആ സംഭവം നടക്കുന്നത്. അതെന്റെ പിറന്നാള്‍ ദിനമായിരുന്നു. എനിക്ക് വീട്ടില്‍ പോകണമെന്നും വീട്ടുകാരെ കാണണമെന്നും ഞാന്‍ ബെന്നിനോട് പറഞ്ഞു. അതിനയാള്‍ വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവന്ന പട്ടിയോട് എന്നെ ആക്രമിക്കാന്‍ ഓര്‍ഡറിട്ടു. അസാമാന്യ വലിപ്പവും ക്രൗര്യവുമുള്ള ഒരു പട്ടിയാണത്. അടച്ചിട്ട വീട്ടിനുള്ളില്‍ വച്ച് പട്ടി എന്നെ കടിച്ചുകീറി. മുപ്പത് സ്ഥലങ്ങളിലാണ് എനിക്ക് സ്റ്റിച്ചിടേണ്ടി വന്നത്. രക്തം മാറ്റിവയ്‌ക്കേണ്ടി വന്നു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകേണ്ടി വന്നു. ഇത്രയെല്ലാം സംഭവിച്ചിട്ടും എനിക്ക് ഏറെ ആഘാതമായത് മറ്റൊരു വാര്‍ത്തയായിരുന്നു. എനിക്ക് മുമ്പ് നാല് സ്ത്രീകളെ ഇതുപോലെ പ്രണയിച്ച് കൂടെ നിന്ന് ക്രൂരമായി ആക്രമിച്ചയാളാണ് ബെന്‍ എന്നും രണ്ട് തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്നുമായിരുന്നു ആ വാര്‍ത്ത. അതുകൂടിയറിഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി..'- ലൂസി പറയുന്നു. 

 

 

അങ്ങനെ ബെന്നിനെതിരെ ലൂസി കേസ് ഫയല്‍ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന്റെ ഹിയറിംഗ്. പക്ഷേ അതിന് കാത്തുനില്‍ക്കാതെ മുപ്പത്തിയാറുകാരനായ ബെന്‍ ആത്മഹത്യ ചെയ്തു. ശരീരത്തിനും മനസിനുമേറ്റ മുറിവുകളില്‍ നിന്ന് തിരിച്ചുകയറാന്‍ ലൂസി പിന്നെയും മാസങ്ങളെടുത്തു. ഇപ്പോള്‍ പഴയ ചിത്രങ്ങള്‍ സഹിതം താനനുഭവിച്ച ക്രൂരതകളെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ലൂസി ശ്രദ്ധിക്കപ്പെട്ടത്. 

Also Read:- ലോക്ക്ഡൗണ്‍ സ്ത്രീകള്‍ക്ക് തിരിച്ചടി; കണക്കുകള്‍ പുറത്തുവിട്ട് വനിതാ കമ്മീഷന്‍...

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇത്രയും കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും തന്റെ അനുഭവങ്ങള്‍ ആര്‍ക്കുമുണ്ടാകരുതെന്നും ഇവര്‍ പറയുന്നു. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണം, കൂടെയുള്ളവന്റെ സ്വഭാവത്തില്‍ എന്തെങ്കിലും പന്തികേട് തോന്നിയാല്‍ അയാളെപ്പറ്റി തീര്‍ച്ചയായും അന്വേഷിക്കണം, അയാളുടെ ചരിത്രമറിയണം, ഒരിക്കലും പീഡനങ്ങള്‍ക്ക് നിന്നുകൊടുക്കരുത്- അനുഭവങ്ങളുടെ കാഠിന്യം മൂര്‍ച്ചപ്പെടുത്തിയ ലൂസിയുടെ വാക്കുകളാണിത്. ഇതാണ് ഓരോ സ്ത്രീയോടും പെണ്‍കുട്ടിയോടും അവര്‍ക്ക് പറയാനുള്ളത്.