വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേയ്ക്ക്; പ്രതീക്ഷയാണ് അനസ്

By Anooja NazarudheenFirst Published Mar 8, 2021, 10:34 AM IST
Highlights

വയനാട്ടിലെ പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ്  ആണ് ഇരുപത്തിമൂന്നുകാരിയായ അനസ് റോസ്‌ന സ്റ്റെഫി.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രായം കുറഞ്ഞ അദ്ധ്യക്ഷയാണ് വയനാട്ടിലെ പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ്, ഇരുപത്തിമൂന്നുകാരിയായ അനസ് റോസ്‌ന സ്റ്റെഫി. പുതിയ തലമുറയിലെ അംഗം എന്ന നിലയില്‍ അനസിന്‍റെ സ്ഥാനാര്‍ഥിത്വത്തെ പ്രദേശത്തെ തോട്ടം തൊഴിലാളികളും ആദിവാസികളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 

കൂലിപ്പണിയില്‍ ഉപജീവനം നടത്തുന്ന സുനിലിന്റെയും സുജയുടെയും മൂത്ത മകളാണ് അനസ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിക്കാന്‍ മിടുക്കിയായിരുന്നു അനസ്. നമ്മുടെ മുന്നില്‍ വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്, ഒരു സ്ത്രീ എന്നത് തടസമാകരുത് എന്നാണ് ഈ വനിതാ ദിനത്തില്‍ അനസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നത്. 

കുട്ടിക്കാലം...

പടിഞ്ഞാറതറയിലാണ് ജനനം. പൊഴുതന അമ്മ വീടാണ്.  ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇവിടേയ്ക്ക് വരുന്നത്. തോട്ടം തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന മേഖലയാണ് പൊഴുതന. താന്‍ താമസിക്കുന്ന സുഗന്ധഗിരി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികള്‍ക്കായി പതിച്ചു നല്‍കിയ പ്രദേശമാണ്. കൂലിപ്പണി ചെയ്താണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. മൂന്ന് കിലോ മീറ്റര്‍ നടന്നാണ് ദിവസവും സ്കൂളില്‍ പോയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിക്കാന്‍ മിടുക്കിയായിരുന്നു. 

വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേയ്ക്ക്...

കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബിഎസ്സി സുവോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി.  സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷം പരീക്ഷാ  പരിശീലനവും നേടിയിരുന്നു. ഇപ്പോള്‍ ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പിജി ചെയ്യുകയാണ്. ഇതിനിടയിലാണ്  പൊഴുതന പഞ്ചായത്തിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ മത്സരിക്കാനുള്ള ക്ഷണം വന്നത്. താന്‍ വളര്‍ന്നത് സുഗന്ധഗിരിയിലെ സാധാരണക്കാരുടെ ഇടയില്‍ തന്നെയാണ്. ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഞാനുള്‍പ്പെടുന്ന തലമുറയുടെയും പ്രശ്‌നമാണ്. അവ പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പൊതുപ്രവര്‍ത്തനവും പഠനത്തിന്റെ ഭാഗമായതിനാല്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

തദ്ദേശ സ്ഥാപനങ്ങളിലെ പ്രായം കുറഞ്ഞ അദ്ധ്യക്ഷ...

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്. മത്സരിക്കാനായി ഇറങ്ങിയപ്പോള്‍ തന്നെ പലരും പറയുന്നുണ്ടായിരുന്നു...'ഈ ചെറിയ കുട്ടി എന്തുചെയ്യാനാണ്' എന്ന്. എന്നാല്‍ പൊതുപ്രവര്‍ത്തനത്തില്‍  വര്‍ഷങ്ങള്‍ നീണ്ട പരിചയത്തിന് പകരം കര്‍മ്മോത്സുകതയാണ് വേണ്ടത് എന്നാണ് തോന്നുന്നത്. ചില സ്വപ്നങ്ങളും ചിന്തകളും എനിക്ക് ഉണ്ട്. പ്രോത്സാഹനവുമായി ചുറ്റും ആളുകള്‍ ഉള്ളതാണ് എന്‍റെ ബലം.  

സ്ത്രീ എന്ന നിലയില്‍...

ഇത്ര ചെറുപ്പത്തിലെ പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നത് ഭാവിയെ ബാധിക്കാം എന്ന് പറഞ്ഞവര്‍ ഉണ്ട്. 'രാഷ്ട്രീയപ്രവര്‍ത്തകര്‍ അങ്ങനെയാണ്....അതുകൊണ്ട് നീ ആ വഴിക്ക് പോകുന്നത് നിന്‍റെ ഭാവിക്ക് നല്ലതല്ല'- എന്ന് പറഞ്ഞവരും ഉണ്ട്. പെണ്‍കുട്ടികള്‍ പോകേണ്ട ഒരു വഴിയുണ്ടെന്നാണ് ഇന്നും പലരും പറയുന്നത്. പഠനം, ശേഷം വിവാഹം...എന്നിവയാണ് അവര്‍ പറയുന്ന ആ വഴികള്‍. അതില്‍ നിന്ന് മാറി, മറ്റൊരു വഴി സ്വീകരിച്ചാല്‍...അവരെ മോശമായി കാണുന്നവരും ഇന്ന് ഉണ്ട്. അത്തരത്തിലൊക്കെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നു. 

സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനം...

ഈ രണ്ട് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രയാസം അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനം എളുപ്പമാണ് എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇവിടെ, സ്ത്രീകള്‍ കുറച്ചുകൂടി അവരുടെ പ്രശ്നങ്ങള്‍  തുറന്നുപറയുന്നുണ്ട്. അടിസ്ഥാനപരമായ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ഇതിനായുള്ള കര്‍മ്മ പദ്ധതികളില്‍ ഇടപെടും. ഈ വാര്‍ഡില്‍ ഭവനം ഇല്ലായ്മ ആണ് പലരുടെയും പ്രശ്നം. കൂടുതല്‍ പേരെ 'ലൈഫ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വികസന പ്രവര്‍ത്തനങ്ങളിലും പല സ്വപ്നങ്ങളും ഉണ്ട്. പൊഴുതനയെ ടൂറിസം മേഖലയാക്കി മാറ്റണമെന്നുണ്ട്. പുതിയ തലമുറയിലെ അംഗം എന്ന നിലയില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ  ഈ പ്രദേശത്തുള്ള എല്ലാവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അത് തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷ. 

വനിതാ ദിനത്തില്‍...

ഇന്ന് നമ്മുടെ മുന്നില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്. നമ്മുടെ മുന്നില്‍ വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്, ഒരു സ്ത്രീ എന്നത് തടസമാകരുത് എന്നാണ് പറയാനുള്ളത്. അവസരങ്ങള്‍ ലഭിച്ചാല്‍, നമ്മുടെ കഴിവിനെ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യണം.

Also Read: വക്കീലിൽ നിന്നും അഭിനയത്തിലേക്ക്, ആ​ഗ്രഹിച്ചെടുത്ത ജോലിയായിരുന്നു അത്; മനസ് തുറന്ന് പിങ്കി കണ്ണൻ...
 


 

click me!