മങ്കയമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ; ചികിത്സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി ഒരു സംഘം ഡോക്ടർമാർ

Published : Sep 07, 2019, 10:40 PM IST
മങ്കയമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ; ചികിത്സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി ഒരു സംഘം ഡോക്ടർമാർ

Synopsis

ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍.പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യത വളരെ കൂടൂതലാണ്. 

കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒരു കുഞ്ഞിനായി മങ്കയ്യമ്മ കാത്തിരുന്നത് 57 വര്‍ഷങ്ങളാണ്. പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഒപ്പം ഒരു കുഞ്ഞെന്ന മോഹവും വിദൂരമായി നീണ്ടു. ഒടുവില്‍ പ്രതീക്ഷകള്‍ കൈവിട്ട സാഹചര്യത്തിലാണ് മങ്കയ്യമ്മ ഐവിഎഫ് ചികിത്സാരീതിയെക്കുറിച്ച് മനസ്സിലാക്കുന്നത്. 

അവസാന മാര്‍ഗമെന്ന നിലയില്‍ അവര്‍ പരീക്ഷണത്തിന് വിധേയയായി. എന്നാല്‍ തീവ്രമായ ആഗ്രഹത്തിനൊപ്പം ഭാഗ്യവും തുണച്ചപ്പോള്‍ മങ്കയ്യമ്മയെ തേടിയെത്തിയത് ഇരട്ടി മധുരവുമായി രണ്ട് പെണ്‍കുഞ്ഞുങ്ങളായിരുന്നു. എരമട്ടി മങ്കയ്യമ്മയും ഭര്‍ത്താവ് 80 -കാരനായ രാജന്‍ റാവുവും ഗോദാവരി ജില്ലയിലെ നെലപര്‍തിപഡു ഗ്രാമവാസികളാണ്. 1962 മാര്‍ച്ച് 22 നാണ് മങ്കയ്യമ്മ രാജന്‍ റാവുവിന്‍റെ ജീവിതസഖിയാകുന്നത്. 

ജീവിതം സന്തോഷം നിറഞ്ഞതായിരുന്നെങ്കിലും ഒരു കുഞ്ഞില്ലെന്ന ദു:ഖം അവശേഷിക്കുന്നതിനാല്‍  ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രകളായിരുന്നു പിന്നീട്. 25 വര്‍ഷം മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ചതിനാല്‍ ഇനി സ്വാഭാവിക ഗര്‍ഭധാരണം നടക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. എങ്കിലും ആഗ്രഹം കൈവിടാന്‍ മങ്കയ്യമ്മ തയ്യാറായില്ല. 

 ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍.

പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യത വളരെ കൂടൂതലാണ്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോ. ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 

42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഡോ.ജയദീപ് മല്‍ഹോത്ര പറയുന്നു.

ഗര്‍ഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍ കുത്തിവെയ്ക്കുന്ന ഹോര്‍മോണ്‍ ഇന്‍ജക്ഷനുകള്‍ ഗര്‍ഭപാത്രത്തെ കട്ടിയാക്കുന്നു. ഇത് വാര്‍ധക്യമായവരില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

മങ്കയമ്മ ഈ സങ്കീര്‍ണ്ണ ചികിത്സ അതിജീവിച്ചത് ഭാഗ്യം കൊണ്ടാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി റഗുലേഷന്‍ ബില്ല് (2015-16) അനുസരിച്ച് 52 വയസ് വരെ മാത്രമേ ഐവിഎഫ് ചെയ്യാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍