ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍; പരിഹാരമായി ഇതാ അഞ്ച് മാര്‍ഗങ്ങള്‍...

By Web TeamFirst Published Sep 6, 2019, 1:38 PM IST
Highlights

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഗ്യാസ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചിലെല്ലാം ഉണ്ടാക്കുന്നത്. ഇതില്‍ നെഞ്ചെരിച്ചിലിനെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന അഞ്ച് മാര്‍ഗങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

ഗര്‍ഭാവസ്ഥയില്‍, സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായ പല ശാരീരിക- മാനസിക മാറ്റങ്ങളും സ്ത്രീകളില്‍ കാണാറുണ്ട്. ഇതില്‍ ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളില്‍ മിക്കപ്പോഴും ഉള്‍പ്പെടുന്ന ഒന്നാണ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍. ദഹനമില്ലായ്മ, ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതിനോട് ചോര്‍ത്ത് പറയാനാകും. 

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഗ്യാസ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചിലെല്ലാം ഉണ്ടാക്കുന്നത്. ഇതില്‍ നെഞ്ചെരിച്ചിലിനെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന അഞ്ച് മാര്‍ഗങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി, ഘട്ടം ഘട്ടമായി കഴിക്കുക. ഒന്നിച്ച് കഴിക്കുമ്പോള്‍ അത് ദഹനപ്രശ്‌നത്തിന് കാരണമാകാന്‍ സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പലപ്പോഴായി കഴിക്കുന്നത്. മാത്രമല്ല, ഗര്‍ഭാവസ്ഥയില്‍ സാധാരണ അവസ്ഥയില്‍ നിന്ന് വിഭിന്നമായി ആമാശയത്തില്‍ സ്ഥലം കുറവായിരിക്കും. അതിനാല്‍ ഇക്കാര്യം നിര്‍ബന്ധമായും കരുതുക. 

രണ്ട്...

നെഞ്ചെരിച്ചിലിന് കാരണമാകുന്ന തരം ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാം. ഓരോരുത്തരിലും ഈ പട്ടിക വ്യത്യസ്തമായിരിക്കാം. പൊതുവേ സ്‌പൈസിയായ ഭക്ഷണം, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതും എന്നിവയെല്ലാമാണ് നെഞ്ചെരിച്ചിലിന് കാരണമാകാറ്. എന്നാല്‍ ചിലരില്‍ കാപ്പി, ചോക്ലേറ്റ്, തക്കാളി എന്നിങ്ങനെയുള്ള ചിലതും നെഞ്ചെരിച്ചിലുണ്ടാക്കാറുണ്ട്. അങ്ങനെയാകുമ്പോള്‍ തനിക്ക് പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളെ തിരിച്ചറിയുകയും അത് ഒഴിവാക്കലുമാണ് ഏറ്റവും നല്ലത്. 

മൂന്ന്...

നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ എപ്പോഴും വെള്ളം കുടിക്കാം. അതുപോലെ ജ്യൂസുകള്‍, ഇളനീര്, ഷെയ്ക്കുകള്‍, സ്മൂത്തികള്‍, സൂപ്പ്, തൈര് എന്നിങ്ങനെയുള്ള പാനീയങ്ങളും ധാരാളമായി ഡയറ്റിലുള്‍പ്പെടുത്താം. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കണമെങ്കില്‍ അത് ചെറിയ അളവില്‍ മാത്രം എടുക്കുക. 

നാല്...

ഭക്ഷണശേഷം മയങ്ങുന്ന ശീലമുണ്ടെങ്കില്‍ അത് പരമാവധി ഒന്ന് നീട്ടിവയ്ക്കുക. അതായത്, ഭക്ഷണം കഴിച്ചയുടന്‍ തന്നെ കിടക്കരുതെന്ന് സാരം. ഭക്ഷണശേഷം അല്‍പം നടക്കുകയോ, അല്ലെങ്കില്‍ അല്‍പനേരം ഇരിക്കുകയോ ചെയ്യുക. ഇതിന് ശേഷം മാത്രം മയങ്ങാം. 

അഞ്ച്...

രാത്രിയിലാണെങ്കില്‍, ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പും ഭക്ഷണം കഴിക്കാതിരിക്കുക. ഇതും നെഞ്ചെരിച്ചിലിന് കാരണമാകും. ഗര്‍ഭിണികള്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മൂന്ന് മണിക്കൂറിനിടെ പിന്നെയും വിശപ്പ് തോന്നിയാല്‍, ജ്യൂസോ മറ്റോ കഴിക്കാം.

click me!