
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്തമായ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകളും വാദപ്രതിവാദങ്ങളും തർക്കങ്ങളും ട്രോളുകളുമെല്ലാം നാം കാണാറുണ്ട്. ഇവയിൽ ചിലത് ഗൌരവമുള്ളതാണെങ്കിൽ ചിലത് തീർത്തും നിസാരമോ അപ്രധാനമോ ആയിരിക്കും. എങ്കിലും താൽക്കാലികമായ തമാശ എന്ന നിലയിൽ ആസ്വദിക്കാൻ സാധിക്കുന്നതും ആകാം.
ചില സന്ദർഭങ്ങളിൽ വലിയ ആൾക്കൂട്ടം കൊണ്ടാടുന്ന തമാശകൾ പോലും വളരെ തരംതാഴ്ന്നതോ, വ്യക്തികളെ ഇകഴ്ത്തുന്നതോ, ആക്രമിക്കുന്നതോ ആയി മാറുന്നതും സോഷ്യൽ മീഡിയയിൽ പതിവ് കാഴ്ചയാണ്. ഏതായാലും അത്തരത്തിൽ വസ്ത്രധാരണത്തിന്‍റെ പേരിൽ വലിയ രീതിയിൽ അപഹസിക്കപ്പെടുന്ന ഒരു യുവ ഇൻഫ്ളുവൻസറെ കുറിച്ചാണിനി പറയുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ, യൂട്യൂബർ, ജ്യോതിഷ പണ്ഡിത, അഭിഭാഷക എന്നിങ്ങനെ പല മേഖലകളിലും സജീവമായി നിൽക്കുന്ന നിധി ചൌധരി എന്ന യുവതിക്കെതിരെയാണ് വസ്ത്രധാരണത്തിന്‍റെ പേരിൽ വലിയ പരിഹാസങ്ങൾ നടക്കുന്നത്. ബ്ലൌസ് ധരിക്കാതെ സാരി ധരിച്ചു എന്നതാണ് നിധിക്കെതിരെ സോഷ്യൽ മീഡിയ ട്രോളുകാർ ചുമത്തിയിരിക്കുന്ന കുറ്റം.
രണ്ടാമതായി, നിധി ഈ വസ്ത്രത്തിൽ ജ്യോതിഷഫലമാണ് പങ്കുവച്ചിരുന്നത്. അതും വിവാദമായിട്ടുണ്ട്. ഫാഷൻ സംബന്ധിച്ച വിഷയങ്ങളിലും ഏറെ തൽപരയായ നിധി ചൌധരി ഈ രീതിയിൽ ഒരു ഫാഷൻ എക്സ്പിരിമെന്‍റ് ആയി മാത്രമാണ് ഇത്തരത്തിൽ സാരി ധരിച്ചത്.
ബ്ലൌസില്ലാതെ തന്നെ ട്യൂബ് ടോപ്പ് ധരിച്ചും മറ്റും സാരി ഉടുക്കാവുന്നതാണ്. ഈ രീതിയിൽ സാരിയുടുക്കുന്ന നിരവധി സെലിബ്രിറ്റികളെയും ഇന്ന് ധാരാളമായി കാണാം. ഇതിനിടെ നിധിക്കെതിരെ ഇത്രമാത്രം പരിഹാസങ്ങളുയർന്നിരിക്കുന്നതിന്‍റെ കാരണം അവ്യക്തമാണ്.
നിധിക്ക് ബ്ലൌസ് വാങ്ങിക്കാൻ പണമില്ലെന്നും എല്ലാവരും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാന ട്രോൾ എത്തിയിരിക്കുന്നത്. പലരും നിധിക്ക് സഹായം കൈമാറിയിരിക്കുന്നു എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. ഈ വിവാദങ്ങളെല്ലാം ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നിധി തന്‍റെ അക്കൌണ്ട് വിശദാംശങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. പണം നൽകേണ്ടവർ ഇതിലേക്ക് ഇട്ടാൽ മതിയെന്നാണ് നിധി പറയുന്നത്.
ഏതായാലും കാര്യമായ രീതിയിൽ തന്നെ ഇവർക്കെതിരെ ക്യാംപയിൻ നടക്കുന്നുണ്ട്. ഇതിനിടെ നിധിയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുരാതന കാലത്ത് പരിപാവനമായ ഗ്രന്ഥങ്ങൾ പോലും പാരായണം ചെയ്യുമ്പോൾ പോലും സ്ത്രീകൾ ബ്ലൌസ് ധരിച്ചിരുന്നില്ലല്ലോ, അങ്ങനെയെങ്കിൽ ജ്യോതിഷഫലം പറഞ്ഞതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ഫാഷനെ കുറിച്ച് ഒന്നുമറിയാത്തവരാണ് നിധിക്കെതിരെ ട്രോളുകളും പരിഹാസങ്ങളും കൊണ്ടുവരുന്നത്, ആ വസ്ത്രം സ്വതന്ത്രയായൊരു സ്ത്രീ എന്ന നിലയിൽ അവരുടെ അവകാശമാണെന്നുമെല്ലാം ഇവർ വാദിക്കുന്നു.