
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ കുറിച്ച് ചുരുക്കി പറയാൻ സാധിക്കുകയില്ല. അത്രയേറെ ചരിത്രങ്ങളും ആളുകളും അതിനു പിന്നിലുണ്ട്. അതിൽ മഹാന്മാർ മാത്രമല്ല ധീരവനിതകളുടെ പേരും എടുത്തു പറയേണ്ടതാണ്. സ്വന്തം ജീവനും ജീവിതവും പോലും മറന്ന് രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി വീര്യത്തോടെ മുന്നേറിയ വീട്ടമ്മമാർ ഏറെയുണ്ട്.
സ്വാതന്ത്ര്യ സമരങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടണമെന്ന തീരുമാനം ഗാന്ധിയുടേതായിരുന്നു. ക്ഷമയും സഹനശീലവും സ്ത്രീകൾക്ക് കൂടുതലാണെന്നും അതിനാൽ തന്നെ സമരമുഖത്ത് സ്ത്രീകളും ഉണ്ടാവേണ്ടത് പ്രധാനമാണെന്നാണ് അന്ന് ഗാന്ധി പറഞ്ഞത്. ഇതോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വീട്ടമ്മമാർക്ക് മുന്നോട്ട് വരാൻ പ്രചോദനം ആവുകയും സ്ത്രീ -പുരുഷ വിവേചനം ഇല്ലാതെ ഒരുമിച്ച് രാജ്യത്തിൻറെ സ്വാന്ത്ര്യത്തിന് വേണ്ടി പോരാടുകയുമായിരുന്നു.
വിവാഹിതയും എട്ട് കുട്ടികളുടെ അമ്മയുമാണ് ഭോഗേശ്വരി. 1942 സെപ്റ്റംബറിൽ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കുമ്പോൾ ഭോഗേശ്വരിക്ക് പ്രായം 60 ആണ്. ബാഹ്‌റാംപൂരിലെ കോൺഗ്രസ്, പോലീസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിരോധിക്കുന്നതിനിടയിൽ ആണ് ഭോഗേശ്വരി കൊല്ലപ്പെടുന്നത്. ക്യാപ്റ്റൻ ഫിനിഷ് എന്ന സൈനിക ഉദ്യോഗസ്ഥനും സായുധ അംഘവും അതിക്രൂരമായി സമരക്കാരെ ആക്രമിച്ചു. ദേശീയ പതാക നശിപ്പിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ഫിനിഷിന് നേരെ ഭോഗേശ്വരി പാഞ്ഞടുക്കുകയും കയ്യിൽ ഉണ്ടായിരുന്ന കൊടിക്കമ്പ് കൊണ്ട് അയാളുടെ തലയിൽ അടിക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് ഫിനിഷ് ഭോഗേശ്വരിക്ക് നേരെ വെടിയുതിർത്തത്. ധീരമായ പോരാട്ടമാണ് അന്ന് ഭോഗേശ്വരി കാഴ്ചവെച്ചത്. അവസാനം വരെ പോരാടിയതിന് ശേഷമാണ് ഭോഗേശ്വരി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ചത്.
കഴിഞ്ഞില്ല, ഇനിയുമുണ്ട് ഇത്തരത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ വനിതകളുടെ പട്ടിക. കനകലത ബറുവ, ഖാഹൂലി നാഥ്, തിലേശ്വരി ബറുവ, കുമാലി നിയോഗ് എന്നിവരും 1942ൽ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിലെ രക്തസാക്ഷികളാണ്.
1942 സെപ്റ്റംബർ ഭോഗേശ്വരി കൊല്ലപ്പെട്ട അതേദിവസമാണ് ഗോഹ്പൂർ എന്ന സ്ഥലത്തുവെച്ച് കനകലത കൊല്ലപ്പെടുന്നത്. അന്ന് പൊലീസ് സ്റ്റേഷന് മുകളിൽ ദേശീയ പതാക കെട്ടാൻ ശ്രമിച്ച 'മൃത്യു ബാഹിനി' എന്ന ചാവേർപ്പട നയിച്ചത് കനകലത ബറുവയായിരുന്നു. അതോടെ പൊലീസ് കനകലതക്ക് നേരെ വെടിയുതിർത്തു. വെറും 17 വയസ്സാണ് കൊല്ലപ്പെടുമ്പോൾ കനകലതക്ക് ഉണ്ടായിരുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ ധീരയായി പോരാടിയ മറ്റൊരു വീട്ടമ്മയാണ് ഖാഹുലി നാഥ്. ഡംഡാമിയ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ പിടിച്ചടക്കാൻ പോയ സമര സംഘത്തിന്റെ നേതാവായിരുന്നു ഖാഹുലി നാഥ്. ഇവർക്കൊപ്പം ഭർത്താവ് പോനാറാം നാഥും സമരത്തിൽ പങ്കെടുത്തിരുന്നു. 'പ്രവർത്തിക്കുക, അല്ലെങ്കിൽ പോരാടുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പോരാട്ടം നടത്തിയത്. എന്നാൽ ഇവർക്കെതിരെ പൊലീസ് തുടരെ നിറയൊഴിക്കുകയായിരുന്നു. ഖാഹുലിക്കൊപ്പം തിലകേശ്വരി ബറുവ എന്ന പന്ത്രണ്ടുകാരിയും, കുമാലി നിയോഗ് എന്ന പതിനെട്ടുകാരിയും അന്നത്തെ സമരത്തിൽ രക്തസാക്ഷികളായി.
ഉറ്റ കൂട്ടുകാരികളായ പ്രീതിലത വഡേദർ, കൽപ്പന ദത്ത, ബീനാ ദാസ്, കമലാ ദാസ് ഗുപ്ത, കല്യാണി ദാസ്, സുഹാസിനി ഗാംഗുലി എന്നിവരെയും മറക്കാൻ കഴിയില്ല. 1930 ഏപ്രിൽ 18ന് രാത്രി സൂര്യ സെൻ, ഗണേഷ് ഘോഷ്, ലോകനാഥ് ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ബംഗ്ലാദേശിലുള്ള ചിറ്റഗോങ്ങിലെ വിവിധ ബ്രിട്ടീഷ് ആയുധ കേന്ദ്രങ്ങളിൽ വിപ്ലവകാരികളുടെ ആക്രമണം നടക്കുകയുണ്ടായി. രണ്ടുദിവസം കഴിഞ്ഞ് ജലാലാബാദ് കുന്നുകളിൽ ബ്രിട്ടീഷ് സൈന്യവും വിപ്ലവകാരികളും തമ്മിൽ രൂക്ഷമായ സംഘട്ടനം നടന്നു. പന്ത്രണ്ടോളം വിപ്ലവകാരികളും ഒട്ടേറെ സൈനികരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം ചോദിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവരിൽ മുന്നിലായിരുന്നു ഈ ധീരവനിതകൾ.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളിൽ ജനിച്ച ഇവരിൽ പലരും ഇന്ത്യയിലെ ആദ്യ വനിതാ കോളേജായ കൊൽക്കത്തയിലെ ബെഥൂൻ കോളേജിലെ വിദ്യാർത്ഥിനികളാണ്. ബംഗാൾ വിഭജനത്തോടെ രൂപംകൊണ്ട വിപ്ലവകാരികളുടെ സംഘടനയായ ജുഗാന്തറിലും ഭഗത് സിംഗിന്‍റെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിലെയും അംഗങ്ങൾ ആണ് ഇവർ. വിദ്യാർത്ഥിനികളുടെ വിപ്ലവസംഘടനയായ ഛാത്രി സംഘയുടെ നേതാക്കളും കമ്മ്യൂണിസ്റ്റ് അനുഭാവികളുമായിരുന്നു ഈ ഉറ്റ കൂട്ടുകാരികൾ.
ധീരയായ രക്തസാക്ഷി പ്രീതിലത വഡേദാർ എന്ന 21കാരിയേയും ആരും മറക്കാൻ ഇടയുണ്ടാവില്ല. ആയുധപരിശീലനം നേടിയ ആളായിരുന്നു പ്രീതിലത. 1932 സെപ്തംബർ 24ന് പഹാർ തലിയിലെ യൂറോപ്യൻ ക്ലബ് ആക്രമണത്തിന് നേതൃത്വം നൽകിയത് പ്രീതിലതയാണ്. 'ഇന്ത്യക്കാർക്കും നായകൾ'ക്കും പ്രവേശനമില്ലെന്ന് ക്ലബ്ബിന് പുറത്ത് എഴുതിവെച്ചാണ് വിപ്ലവകാരികളെ പ്രീതിലത ചൊടിപ്പിച്ചത്. ആക്രമണത്തിനിടയിൽ കാലിൽ വെടിയുണ്ടയേറ്റ പ്രീതിലത പിടിയിലാകുന്നതിന് തൊട്ടു മുമ്പ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 'പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം' എന്ന അതിശക്തമായ സമരമന്ത്രം അവര്‍ തന്നിലേക്ക് ഏറ്റെടുത്തുവെന്ന് തന്നെ അക്ഷരാർത്ഥത്തിൽ പറയാം.
കോളേജിലും വനിതകളുടെ വിപ്ലവ സംഘത്തിലും പ്രീതിലതയുടെ സഖാവായിരുന്നു കൽപ്പന ദത്ത. പഹർത്താലി ക്ലബ് ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്ത കല്പനയെ ഒരാഴ്ച മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തടവിൽ നിന്ന് മോചിതയായ ഇവര്‍ ഒളിവിൽ പോയി സൂര്യ സെന്നിന് സഹായങ്ങൾ ചെയ്തു. വീണ്ടും അറസ്റ്റിലായ കൽപ്പന പിന്നീട് സി പി ഐയുടെ പ്രമുഖ നേതാവായി. സി.പി.ഐ ജനറൽ സെക്രട്ടറി പി. സി. ജോഷിയെ വിവാഹം ചെയ്തു.
ബെഥൂൻ കോളേജിലെ ഛാത്രി സംഘയിലെ സായുധപരിശീലനം നേടിയ സഹോദരിമാരാണ് ബിനാ ദാസും, കല്യാണി ദാസും. 1932ൽ കൊൽക്കത്ത സർവകലാശാലയിലെ നടന്ന ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സണ് നേരെ ബീന ദാസ് വെടിയുതിർത്തു. ഈ കുറ്റത്തിന് ഒമ്പത് വർഷം ബീന കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നു. കൊടിയ മർദ്ദനങ്ങളാണ് ബീന തടവുകാലത്ത് നേരിടേണ്ടി വന്നത്. കല്യാണിയും ബീനയും പിന്നീട് കോൺഗ്രസ് പ്രവർത്തകരായി.
ബീനയ്ക്ക് കൈത്തോക്ക് എത്തിച്ചുകൊടുത്ത കമലാ ദാസ് ഗുപ്തയായിരുന്നു ഈ സംഘത്തിലെ മറ്റൊരു സാഹസിക നേതാവ്. ചിറ്റഗോങ്ങ് ആക്രമണക്കേസിൽ പ്രതിയായ മറ്റൊരു യുവതി ആയിരുന്നു സുഹാസിനി ഗാ൦ഗുലി. ബെഥൂൻ കോളേജിലെ ഛാത്രി സംഘയിലും ജുഗാന്തർ പാർട്ടിയിലും അംഗമായിരുന്നു സുഹാസിനി. വിവിധകേസുകളിൽപ്പെട്ടു ഏറെ വർഷം തടവിൽ കഴിഞ്ഞ സുഹാസിനി പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും ചെയ്തു.