കൈത്താങ്ങായവര്‍ക്ക് കലയിലൂടെ ആദരം; സ്നേഹം നിറച്ച് 'കുപ്പിക്കുട്ടി'

By Web TeamFirst Published Aug 15, 2019, 8:57 PM IST
Highlights

'കുപ്പിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ഗ്ലാസ് പെയിന്‍റിങിലൂടെയാണ് ജീത്തു ഇവര്‍ക്ക് ആദരമര്‍പ്പിച്ചത്.

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോഴുംസ്വന്തം പ്രവൃത്തിയിലൂടെ മറ്റുള്ളവര്‍ക്ക് നന്മയുടെ വെളിച്ചം പകര്‍ന്ന ചില മുഖങ്ങളുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഘോഷിക്കപ്പെട്ട അവരെ മലയാളികള്‍ നെഞ്ചേറ്റുകയും ചെയ്തു. ഒരായുസ്സിന്‍റെ സമ്പാദ്യം കൈവിട്ടുപോയവര്‍ക്ക് മുമ്പില്‍ തന്‍റെ നഷ്ടങ്ങള്‍ ഒന്നുമല്ലെന്ന് കേരളത്തെ പഠിപ്പിച്ച വഴിയോരക്കച്ചവടക്കാരന്‍ നൗഷാദും രക്ഷാപ്രവര്‍ത്തനത്തിനിടെ മരണമടഞ്ഞ ലിനുവും അവരില്‍ ചിലരാണ്. മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയ നൗഷാദിനും ലിനുവിനും മനോഹരമായൊരു സൃഷ്ടിയിലൂടെ ആദരമര്‍പ്പിക്കുകയാണ് ജീത്തു എ ബി എന്ന കലാകാരി.

'കുപ്പിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ഗ്ലാസ് പെയിന്‍റിങിലൂടെയാണ് ജീത്തു ഇവര്‍ക്ക് ആദരമര്‍പ്പിച്ചത്. 'കുപ്പിക്കുട്ടി' എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച നൗഷാദിന്‍റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജീത്തു ഫേസ്ബുക്കില്‍ കുറിച്ചു. 'ദൈവമാകാന്‍ മനുഷ്യനും കഴിയും, നമ്മുടെ നൗഷാദിക്ക' എന്ന് ചിത്രത്തോടൊപ്പം എഴുതി ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങള്‍ ലേലത്തില്‍ വെച്ച് അതില്‍ നിന്നും കിട്ടുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് ജീത്തുവിന്‍റെ തീരുമാനം. ആദ്യത്തെ അഞ്ചുപേരുടെ ഓര്‍ഡറുകളാവും പരിഗണിക്കുക എന്നും ജീത്തു അറിയിച്ചു. 

 

click me!