അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച് ഡോക്ടര്‍മാര്‍

By Web TeamFirst Published Oct 16, 2019, 2:35 PM IST
Highlights

36 ആഴ്ച ഗര്‍ഭിണിയായ യുവതിയില്‍ നിന്നാണ്അമ്നിയോട്ടിക് ദ്രവത്തോടൊപ്പം ശിശുവിനെ പുറത്തെടുത്തത്. ശിശുവിന്‍റെ ശരീരത്തില്‍ പൊക്കിള്‍ ചുറ്റുകയും സ്വയം പുറത്തുവരാന്‍ സാധ്യമാകാതെയുമുള്ള നിലയില്‍ കാര്യങ്ങള്‍ എത്തിയതോടെയായിരുന്നു അസാധാരണമായ രീതിയില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. 

ഫൂസോ: ഐവിഎഫ് രീതിയിലൂടെ ഗര്‍ഭം ധരിച്ച യുവതിയേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചത് അസാധാരണ മാര്‍ഗം. ഗര്‍ഭപാത്രത്തില്‍ ശിശുവിനെ സംരക്ഷിക്കുന്ന അമ്നിയോട്ടിക് ദ്രവത്തോടൊപ്പമാണ് ചൈനയിലെ ഫുജിയാനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തത്. യുവതിക്ക് വയറുവേദനയും അമിതരക്ത സ്രാവവുമുണ്ടായതോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമൊന്നും ഇല്ലായിരുന്നു ഇതിനാലാണ് സിസേറിയന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

36 ആഴ്ച ഗര്‍ഭിണിയായ യുവതിയില്‍ നിന്നാണ്അമ്നിയോട്ടിക് ദ്രവത്തോടൊപ്പം ശിശുവിനെ പുറത്തെടുത്തത്. ശിശുവിന്‍റെ ശരീരത്തില്‍ പൊക്കിള്‍ ചുറ്റുകയും സ്വയം പുറത്തുവരാന്‍ സാധ്യമാകാതെയുമുള്ള നിലയില്‍ കാര്യങ്ങള്‍ എത്തിയതോടെയായിരുന്നു അസാധാരണമായ രീതിയില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുന്നത്. എന്‍ കാള്‍ എന്നാണ് ഈ രീതിയെ ഡോക്ടര്‍മാര്‍ പറയുന്നത്. അമ്നിയോട്ടിക് ദ്രവത്തോടൊപ്പം പുറത്തെടുക്കുന്നതിനാല്‍ ശിശുവിന്‍റെ സംരക്ഷണ ഉറപ്പിക്കാനുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. 

മാസം തികയാതെ പിറക്കുന്ന ശിശുക്കള്‍ക്ക് ജനിച്ചതിന് തൊട്ട് പിന്നാലെയുണ്ടാവുന്ന പല ജീവല്‍പ്രശ്നങ്ങളും ഇതുവഴി തരണം ചെയ്യാനാവുമെന്നും ഫുജിയാന്‍ ആശുപത്രി അധികൃതര്‍ പറയുന്നു. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താപനിലയിലെ വ്യതിയാനം പോലും വെല്ലുവിളിയാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിസേറിയന്‍ നടക്കുമ്പോള്‍ അമ്നിയോട്ടിക് ദ്രവം നഷ്ടമാകാതെ ശിശുവിനെ പുറത്തെടുക്കുകയെന്നത് വെല്ലുവിളിയാണെന്നും ഫുജിയാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭപാത്രത്തിലേത് പോലെ തന്നെയാണ് കുട്ടി പുറത്തെത്തിച്ചിട്ടും കിടന്നിരുന്നത്. 

അമ്നിയോട്ടിക് ദ്രവത്തില്‍ നിന്ന് പൂര്‍ണമായു പുറത്തെത്തിച്ച ശേഷമാണ് ശിശു കരഞ്ഞതെന്നും ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുന്നു. ഫുജിയാനിലെ ഇത്തരത്തിലെ ആദ്യ പ്രസവമാണ് ഇത്. പ്രസവശേഷവും ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന പോലെ കിടന്ന കുഞ്ഞിന് ബബിള്‍ ബോയ് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ജനിച്ച് രണ്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടി ശ്വസിക്കാന്‍ ആരംഭിച്ചതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടര കിലോ ഭാരമാണ് കുട്ടിക്കുള്ളത്. പതിനായിരത്തില്‍ ഒന്നുമാത്രമാണ് ഇത്തരം സംഭവങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

click me!