രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന അഞ്ച് പ്രശ്‌നങ്ങള്‍...

By Web TeamFirst Published Jun 17, 2021, 10:59 PM IST
Highlights

ഒരുപാട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന വിഷയമാണ് സ്ത്രീ ലൈംഗികത. പുരുഷനോളം പോലും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നു എന്നതിനാല്‍ തന്നെയാണ് ഈ വിഷയം ഇപ്പോഴും അവ്യക്തതകള്‍ നിറഞ്ഞ ഒരിടമായി നിലനില്‍ക്കുന്നത്. അതില്‍ തന്നെ സ്ത്രീയുടെ രതിമൂര്‍ച്ഛ എന്ന വിഷയമാണ് പലപ്പോഴും ഏറെ അവ്യക്തതകള്‍ തീര്‍ക്കുന്നത്

ആരോഗ്യപരമായ ലൈംഗികതയെ കുറിച്ചും അവയുമായി ബന്ധപ്പെട്ട സംശയങ്ങളെയും ആശങ്കകളെയും കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഇപ്പോഴും ആളുകള്‍ ഏറെ മടിക്കുന്ന സാമൂഹിക സാഹചര്യമാണ് നമ്മുടേത്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അജ്ഞത അതുപോലെ തന്നെ വ്യക്തികളില്‍ തുടരാനും ഇത് പിന്നീട് പലവിധത്തിലുള്ള ശാരീരിക- മാനസിക- സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യാറുണ്ട്. 

അത്തരത്തില്‍ ഒരുപാട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന വിഷയമാണ് സ്ത്രീ ലൈംഗികത. പുരുഷനോളം പോലും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നു എന്നതിനാല്‍ തന്നെയാണ് ഈ വിഷയം ഇപ്പോഴും അവ്യക്തതകള്‍ നിറഞ്ഞ ഒരിടമായി നിലനില്‍ക്കുന്നത്. അതില്‍ തന്നെ സ്ത്രീയുടെ രതിമൂര്‍ച്ഛ എന്ന വിഷയമാണ് പലപ്പോഴും ഏറെ അവ്യക്തതകള്‍ തീര്‍ക്കുന്നത്. 

സ്ത്രീകള്‍ രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട് നേരിടുന്ന അഞ്ച് പ്രശ്‌നങ്ങളാണിനി പങ്കുവയ്ക്കുന്നത്. വ്യക്തിയുടെ ശാരീരികാവസ്ഥ, മാനസികാവസ്ഥ, സാമൂഹികാവസ്ഥ എന്നിവയെല്ലാം എത്തരത്തിലാണ് ലൈംഗികതയെ സ്വാധീനിക്കുന്നത് എന്നത് കൂടി ഇതില്‍ നിന്ന് വായിച്ചെടുക്കാം. 

ഒന്ന്...

പുരുഷലിംഗം സ്ത്രീശരീരത്തിനകത്തേക്ക് കടക്കുന്നതിലൂടെ ഉണ്ടാകുന്ന രതിമൂര്‍ച്ഛ (Penetrative Sex) സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. ലൈംഗികതയുടെ സത്തയ്ക്കനുസരിച്ച് ഒരു രതിമൂര്‍ച്ഛ പലപ്പോഴും ഇതിലൂടെ ഉണ്ടാകാറില്ലെന്ന് പരാതിപ്പെടുന്ന സ്ത്രീകളും ഏറെയാണ്. 

 

 

മിക്കവാറും 'ഫോര്‍പ്ലേ' അഥവാ ശരീരത്തെയും മനസിനെയും ആവശ്യത്തിന് ഉത്തേജിപ്പിക്കുന്ന ഘടകത്തിന്റെ അഭാവം മൂലമാണ് ഇത്തരത്തില്‍ രതിമൂര്‍ച്ഛ സംതൃപ്തമല്ലാതെ പോകുന്നത്. അതിനാല്‍ അക്കാര്യങ്ങള്‍ പങ്കാളിയുമായി തുറന്ന് സംസാരിക്കുക തന്നെയാണ് ഉചിതം. 

രണ്ട്...

ചില ലൈംഗിക പ്രശ്‌നങ്ങളും സ്ത്രീകളെ രതിമൂര്‍ച്ഛയില്‍ നിന്ന് അകറ്റിനിര്‍ത്താറുണ്ട്. 'വജൈനിസ്മസ്' (Vaginismus) ഇത്തരത്തിലൊരു പ്രശ്‌നമാണ്. ലൈംഗികബന്ധം നടക്കുമ്പോള്‍ യോനീഭാഗം ചുരുങ്ങിപ്പോവുക, അസഹ്യമായ വേദന അനുഭവപ്പെടുക, പുരുഷലിംഗത്തെ പ്രവേശിപ്പിക്കാന്‍ സാധിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങളെല്ലാം 'വജൈനിസ്മസ്' ഉള്ളവരില്‍ കാണാം. തീര്‍ച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ട പ്രശ്‌നമാണിതെന്ന് മനസിലാക്കുക. 

മൂന്ന്...

ചില സ്ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍ സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി 'സെന്‍സിറ്റീവ്' ആയിരിക്കും. ഇത്തരത്തില്‍ സവിശേഷത ഉള്ളവരില്‍ 'സെക്‌സ് പൊസിഷന്‍',  അതുപോലെ തീവ്രത എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതായത്, എളുപ്പത്തില്‍ വേദന ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ് ഇത്തരക്കാര്‍. അതിനാല്‍ ലൈംഗികബന്ധവും അതിനനുസരിച്ച് ഉള്ളതാകണം. അല്ലാത്തപക്ഷം രതിമൂര്‍ച്ഛ അനുഭവപ്പെടില്ലെന്ന് മാത്രമല്ല, അസഹ്യമായ വേദനയില്‍ ലൈംഗികതയോട് തന്നെ ഭയം തോന്നാനും കാരണമാകാം. 

 


 

നാല്...

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അത് കുറെക്കൂടി സുഖകരമാക്കാനാണ് സ്ത്രീകളില്‍ നിന്ന് പുറത്തുവരുന്ന സ്രവം സഹായിക്കുന്നത്. എന്നാല്‍ ഇത് കൂടുതലായി വരുന്ന സാഹചര്യത്തില്‍ രതിമൂര്‍ച്ഛ കൃത്യമായി അനുഭവപ്പെടാതെ പോകാം. ഇത് ഭാഗികമായി തുടച്ചുകളയുന്നതോടെ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. മുഴുവനായി ഈ സ്രവം നീക്കം ചെയ്യുന്നത് വീണ്ടും സംഭോഗത്തെ പ്രശ്‌നത്തിലാക്കുമെന്നും ഓര്‍ക്കുക. 

അഞ്ച്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ശാരീരികാവസ്ഥയ്ക്ക് പുറമെ മാനസികാവസ്ഥ, സാമൂഹികാവസ്ഥ എന്നിവയും ലൈംഗികതയെ നേരിട്ട് തന്നെ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ജോലിസംബന്ധമായോ, വീട്ടുകാര്യങ്ങള്‍ സംബന്ധമായോ, സാമൂഹിക സാഹചര്യങ്ങള്‍ സംബന്ധമായോ ഉള്ള സമ്മര്‍ദ്ദങ്ങള്‍ (സ്‌ട്രെസ്) അതില്‍ നിന്ന് വരുന്ന ലൈംഗികതയോടുള്ള താല്‍ക്കാലിക വിരക്തി, ഉത്കണ്ഠ, വിഷാദരോഗം എന്നിവയെല്ലാം ലൈംഗിക ബന്ധത്തെയും രതിമൂര്‍ച്ഛയെയും എല്ലാം ബാധിക്കുന്നു. ഇതും സ്വയം കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമായാല്‍ വിദഗ്ധരുടെ നിര്‍ദേശം തേടേണ്ട പ്രശ്‌നമാണ്.

Also Read:- എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ 'കോണ്ടം' ഉപയോഗം കുറഞ്ഞുതന്നെ തുടരുന്നു?...

click me!