ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ കാണുന്നതിനുമെല്ലാം സാമൂഹികമായി പലവിധത്തിലുള്ള തടസങ്ങള്‍ നേരിടുന്നവരാണ് ഇന്ത്യന്‍ ജനത. പലപ്പോഴും ലൈംഗിക കാര്യങ്ങളില്‍ ഉള്ള ഈ അറിവില്ലായ്മ വലിയ സങ്കീര്‍ണതകളിലേക്കാണ് നമ്മെ നയിക്കുക. 

രാജ്യത്തെ 'കോണ്ടം' ഉപയോഗവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഇതിനുദാഹരണമാണ്. അപ്രതീക്ഷിതമായ ഗര്‍ഭധാരണം, അശാസ്ത്രീയമായ ഗര്‍ഭഛിദ്രം, ലൈംഗികരോഗങ്ങളുടെ വ്യാപനം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം പ്രായോഗികമായി പ്രതിസന്ധികള്‍ നേരിടുന്ന രാജ്യം കൂടിയാണ് നമ്മുടേത്. 

'കോണ്ടം' ഉപയോഗം കുറെക്കൂടി വ്യാപകമാകുന്നതിന് അനുസരിച്ച് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവരാന്‍ നമുക്ക് സാധ്യമാണ്. എന്നാല്‍ ഇതില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നില്ല എന്നാണ് 'കോണ്ടം' നിര്‍മ്മാതാക്കളായ കമ്പനികള്‍ പോലും അവകാശപ്പെടുന്നത്. അത്തരത്തില്‍ 'കോണ്ടം' നിര്‍മ്മാതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട 'കോണ്ടം അലയന്‍സ്' എന്ന കൂട്ടായ്മ അടുത്തിടെ നടത്തിയ പഠനവും സമാനമായ വിവരം തന്നെ പങ്കുവയ്ക്കുന്നു. 

ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ പകുതിയോളം 24 വയസോ അതിന് താഴെയോ ഉള്ള യുവാക്കളാണ്. ജനസംഖ്യയുടെ 65 ശതമാനവും മുപ്പത്തിയഞ്ച് വയസിന് താഴെ വരുന്നവരാണ്. അതായത് യുവാക്കളുടെ എണ്ണം അത്രമാത്രം കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതിന് അനുസരിച്ച് ലൈംഗികസുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ യുവാക്കളുടെ എണ്ണത്തിന് ആനുപാതികമായി കോണ്ടം വില്‍പന രാജ്യത്ത് നടക്കുന്നില്ലെന്നാണ് ഇവരുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

'നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 4' കണക്കനുസരിച്ച് ഇരുപതിനും ഇരുപത്തിനാലിനുമിടയില്‍ പ്രായം വരുന്ന ഏതാണ്ട് എണ്‍പത് ശതമാനത്തോളം പേര്‍ അവരുടെ അവസാന പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ 'കോണ്ടം' ഉപയോഗിച്ചിട്ടില്ല. ഈ കണക്ക് ഒരു സൂചന മാത്രമാണ്. ഇതേ വിവരം തന്നെ പുതിയ റിപ്പോര്‍ട്ടില്‍ 'കോണ്ടം അലയന്‍സ്'ഉം ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ് കോണ്ടം ഉപയോഗത്തില്‍ മാറ്റം വരുത്താത്തതെന്നും റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് പറയുന്നു. സുരക്ഷിത ലൈംഗികബന്ധത്തെ കുറിച്ചുള്ള അറിവില്ലായ്മ, കോണ്ടം ഉപയോഗത്തോടുള്ള മാനസികമായ എതിര്‍പ്പ്, വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ എല്ലാം ഇതില്‍ നിന്ന് യുവതയെ പിന്തിരിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read:- ടാക്‌സി ചാര്‍ജിന് പകരം സെക്‌സ്; രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന സംഘം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona