കൈകുഞ്ഞുമായി പാര്‍ലമെന്‍റില്‍ എത്തിയ വനിതാ എംപിയെ പുറത്താക്കി; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

By Web TeamFirst Published Mar 23, 2019, 12:44 PM IST
Highlights

 ഡാനിഷ് പാര്‍ലമെന്റില്‍ കുഞ്ഞുമായി എത്തിയ വനിതാ എംപിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു.

കൈകുഞ്ഞുമായി പാര്‍ലമെന്‍റില്‍ വരാന്‍ പാടില്ല, മുലയൂട്ടാന്‍ പാടില്ല, എന്തൊക്കെയാ അല്ലേ..?  ഡാനിഷ് പാര്‍ലമെന്റില്‍ കുഞ്ഞുമായി എത്തിയ വനിതാ എംപിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു. അല്ല ഇത് ആദ്യ സംഭവം ഒന്നുമല്ല കേട്ടോ. 2018ല്‍ കാനഡയിലെ ആരോഗ്യമന്ത്രി പാര്‍ലമെന്റ്‌ സമ്മേളനത്തിനിടയില്‍ കുഞ്ഞിന് മൂലയൂട്ടിയത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ മൂന്നൂമാസം പ്രായമായ കുഞ്ഞുമായി വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇവിടെ ഇപ്പോള്‍ അഞ്ചുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുമായി ഭരണകക്ഷി അംഗം അബില്‍ഗാര്‍ഡ് പാര്‍ലമെന്റില്‍ എത്തിയതാണ് വലിയ പ്രശ്നമത്രേ.  കുട്ടിയുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല എന്ന് സ്പീക്കര്‍ അവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അബില്‍ഗാര്‍ഡ് പുറത്തേക്ക് പോയി തന്‍റെ കുഞ്ഞിനെ സഹായിയുടെ കൈകളില്‍ ഏല്‍പ്പിച്ച ശേഷം വീണ്ടും പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു.

 സ്ത്രീ സൗഹൃദ രാജ്യമെന്ന് പേരുകേട്ട ഡെന്‍മാര്‍ക്കിലെ പാര്‍ലമെന്റില്‍ ഉണ്ടായ സംഭവത്തിനെക്കുറിച്ച് എംപി തന്‍റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ് ചര്‍ച്ചയാവുകയും ചെയ്തു. നിരവധി പേര്‍ കുറിപ്പ് ഷെയര്‍ ചെയ്തു.

'ഇതിനു മുമ്പ് ഞാന്‍ കുഞ്ഞുമായി പാര്‍ലമെന്റില്‍ വന്നിട്ടില്ല.പക്ഷേ  കഴിഞ്ഞ ദിവസം എനിക്കു മുമ്പില്‍ മറ്റുമാര്‍ഗവും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനാണ് പതിവായി അവളെ നോക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് മറ്റുതിരക്കുകള്‍ ഉണ്ടായിരുന്നു. എനിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കണമായിരുന്നു. എന്‍റെ മകള്‍ എസ്തര്‍  കരഞ്ഞ് ബഹളം ഉണ്ടാക്കുന്ന കുട്ടിയല്ല. മാത്രമല്ല കരഞ്ഞാല്‍ തന്നെ ശബ്ദം പുറത്തു വരാതിരിക്കാനുള്ള പാസിഫറും വച്ചിരുന്നു'- അവര്‍  പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ നിയമം അനുസരിച്ച് പ്രസവത്തെ തുടര്‍ന്ന് വനിത എം പിമാര്‍ക്ക് പൂര്‍ണശമ്പളത്തോടെ ഒരു വര്‍ഷം അവധി ലഭിക്കും. ഇത് വെട്ടിച്ചുരുക്കിയാണ് അബില്‍ഗാര്‍ഡ് പാര്‍ലമെന്‍റില്‍ എത്തിയത്. 

click me!