പെണ്‍മക്കള്‍ അനുഗ്രഹമാണ്; സൈക്കിള്‍ ചവിട്ടി തന്നെ തിരികെ വീട്ടിലെത്തിച്ച മകളെക്കുറിച്ച് കുടിയേറ്റ തൊഴിലാളി

By Web TeamFirst Published May 24, 2020, 8:03 PM IST
Highlights

 മകള്‍ക്ക് ഒറ്റയ്ക്ക് തന്നെ വീട് വരെ സൈക്കിളില്‍ എത്തിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.വീടെത്തുന്നതിന് മുന്‍പ് വഴിയില്‍ വീണു പോകുമെന്നും ഭയമുണ്ടായിരുന്നു. ഏതെങ്കിലും രീതിയില്‍ ഗ്രാമത്തില്‍ എത്തിയാല്‍ രണ്ട് നേരം ചപ്പാത്തിയെങ്കിലും കിട്ടുമല്ലോയെന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ മകള്‍ തന്‍റെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചു

സിരൌലി(ബിഹാര്‍): പെണ്‍മക്കള്‍ അനുഗ്രഹമാണ്, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണമായിരുന്നു ഇത് പറയുമ്പോള്‍ ബിഹാര്‍ സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരന്‍റെ കണ്ണുകളില്‍ ദൃശ്യമാകുന്നത് അഭിമാനത്തിന്‍റെ തിളക്കത്തോടൊപ്പം മകളെ പഠിപ്പിക്കാനാവാത്തതിന്‍റെ നിരാശ കൂടിയാണ്. അപകടത്തില്‍ പരിക്കേറ്റ പിതാവിനൊപ്പം 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ബിഹാറിലെ ഗ്രാമത്തിലെത്തിയ ജ്യോതി കുമാരിയുടെ പിതാവിന്‍റേതാണ് ഈ വാക്കുകള്‍. അവര്‍ നാട്ടില്‍ തിരികെയെത്തുമെന്ന് ഉറപ്പില്ലായിരുന്നുവെന്നാണ് ജ്യോതി കുമാരിയുടെ അമ്മ പറയുന്നത്. അത്ര വിഷമം പിടിച്ചതും ദുര്‍ഘടവുമായിരുന്നു ആ യാത്ര. ലോക്ക്ഡൌണില്‍ കുടുങ്ങി, വാടക വീട്ടില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ പിതാവുമൊത്ത് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്‍ബാംഗയിലേക്ക് ജ്യോതികുമാരി പിതാവുമൊത്ത് തിരിച്ചത്. 

ഗുരുഗ്രാമില്‍ ഇലക്ട്രോണിക് റിക്ഷ ഡ്രൈവറായിരുന്നു ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന്‍. ജനുവരിയില്‍ ഒരു അപകടത്തില്‍പ്പെട്ട മോഹന്‍ പാസ്വാന് നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. കടം വാങ്ങാന്‍ പോലും നിവര്‍ത്തിയില്ലാതായ ഘട്ടത്തില്‍ മരുന്നും മുടങ്ങിയതോടെയാണ് ജ്യോതി നാട്ടിലേക്ക് മടങ്ങിയാലോയെന്ന് പാസ്വാനോട് ചോദിക്കുന്നത്. നിരവധിപ്പേര്‍ നടന്ന് നാട്ടിലേക്ക് പോവുന്നതായിരുന്നു ജ്യോതിയെ ഇത്തരമൊരു ചിന്തയിലെത്തിച്ചത്. ആയിരം രൂപയ്ക്കാണ് സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ ഒരാളില്‍ നിന്ന് വാങ്ങിയത്. അഞ്ഞൂറ് രൂപയാണ് ഇയാള്‍ക്ക് നല്‍കിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ മാറി തിരികെ വരുമ്പോള്‍ ബാക്കി പണം നല്‍കാമെന്നായിരുന്നു ഇയാളുമായുള്ള ധാരണയെന്ന് ജ്യോതി കുമാരി ഫസ്റ്റ് പോസ്റ്റിനോട് പറയുന്നത്. തങ്ങളുടെ ദുരവസ്ഥ കണ്ട ഇയാള്‍ സൈക്കിള്‍ കടമായി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. പിതാവിന്  നടക്കാനാവുമായിരുന്നെങ്കില്‍ സൈക്കിള്‍ വാങ്ങാനായി പണം ചെലവാക്കേണ്ടി വരില്ലായിരുന്നുവെന്ന് ജ്യോതി പറയുന്നു.  

'ഗതികേടിന് കാല്‍പനിക ഭാവം നല്‍കുന്നത് പണക്കാരുടെ സ്ഥിരം രീതി'; ഇവാന്‍ക ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

വഴിയില്‍ മോശം അനുഭവങ്ങള്‍, അപകടങ്ങള്‍ എന്നിവയുണ്ടാകുമോയെന്ന് ഭയമുണ്ടായിരുന്നു. മകള്‍ക്ക് ഒറ്റയ്ക്ക് തന്നെ വീട് വരെ സൈക്കിളില്‍ എത്തിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. തങ്ങള്‍ വീടെത്തുന്നതിന് മുന്‍പ് വഴിയില്‍ വീണു പോകുമെന്നും ഭീതിയുണ്ടായിരുന്നു. ഏതെങ്കിലും രീതിയില്‍ ഗ്രാമത്തില്‍ എത്തിയാല്‍ രണ്ട് നേരം ചപ്പാത്തിയെങ്കിലും കിട്ടുമല്ലോയെന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ മകള്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചുവെന്ന് പാസ്വാന്‍ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജ്യോതിക്ക് എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാല്‍ നാലുമക്കളുടെ കാര്യം കൂടി നോക്കണമായിരുന്നുവെന്ന് പാസ്വാന്‍ പറയുന്നു.

'സഹിഷ്ണുതയും സ്നേഹവുമാണ് ഈ ചുവടിന് പിന്നില്‍'; ജ്യോതികുമാരിയെ അഭിനന്ദിച്ച് ഇവാന്‍ക ട്രംപ്

രണ്ട് പേരുടേയും വസ്ത്രങ്ങളും കുറച്ച് അവലും മാത്രമായിരുന്നു ഇവരുടെ ലഗേജ്. യാത്രയിലുടനീളം അവലായിരുന്നു ഭക്ഷണം. റോഡില്‍ ചിലര്‍ തങ്ങള്ക്ക് പഴങ്ങള്‍ നല്‍കിയെന്നും പാസ്വാന്‍ പറയുന്നു. യാത്രയ്ക്കിടയില്‍ തങ്ങളേപ്പോലെ തന്നെ കഷ്ടപ്പെടുന്ന നിരവധിപ്പേരെയാണ് കാണാന്‍ സാധിച്ചത്. യാത്രയുടെ ഒരുഘട്ടത്തില്‍ മകള്‍ തളര്‍ന്ന് വീഴുന്ന അവസ്ഥയായി. തന്നെ അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ഇറക്കി മകളോട് പോകാന്‍ താന്‍ ആവശ്യപ്പെട്ടു. അവളെങ്കിലും വീട്ടിലെത്തട്ടെയെന്ന ആഗ്രഹമായിരുന്നു അങ്ങനെ പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പാസ്വാന്‍ പറയുന്നു. എന്നാല്‍ തന്നെ വഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. മകള്‍ ധൈര്യശാലിയാണെന്ന് ബോധ്യമായത് ഈ യാത്രയിലാണെന്നും ജ്യോതി ദൈവത്തിന്‍റെ അനുഗ്രഹമാണെന്നും  പാസ്വാന്‍ പറയുന്നു. 

click me!