Asianet News MalayalamAsianet News Malayalam

'ഗതികേടിന് കാല്‍പനിക ഭാവം നല്‍കുന്നത് പണക്കാരുടെ സ്ഥിരം രീതി'; ഇവാന്‍ക ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

ലോക്ക്ഡൌണ്‍ കാലത്ത് പട്ടിണിയിലായി ചികിത്സയ്ക്ക് വഴിയില്ലാത്തതിനൊപ്പം വാടക വീട് കൂടി ഒഴിയേണ്ടി വന്ന തൊഴിലാളിയുടെ ദുരവസ്ഥയെ മനോഹരമെന്ന് വിളിക്കുന്നതെങ്ങനെയെന്ന് വിമര്‍ശകര്‍

Ivanka Trumps tweet regarding glorifying migrant workers helplessness trolled in social media
Author
New Delhi, First Published May 23, 2020, 2:02 PM IST

ദില്ലി: ലോക്ക്ഡൌണ്‍ മൂലം വീട്ടിലേകക് മടങ്ങിയെത്താന്‍ മറ്റ് മാര്‍ഗമില്ലാതെ  പരിക്കേറ്റ പിതാവുമായി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പതിനഞ്ചുകാരിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത ഇവാന്‍ക ട്രംപിന് നേരെ രൂക്ഷ വിമര്‍ശനം. സഹിഷ്ണുതയുടേയും സ്നേഹത്തിന്‍റേയും മനോഹരമായ ചുവടെന്ന ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. 

ലോക്ക്ഡൌണ്‍ കാലത്ത് പട്ടിണിയിലായി ചികിത്സയ്ക്ക് വഴിയില്ലാത്തതിനൊപ്പം വാടക വീട് കൂടി ഒഴിയേണ്ടി വന്ന തൊഴിലാളിയുടെ ദുരവസ്ഥയെ മനോഹരമെന്ന് വിളിക്കുന്നതെങ്ങനെയാണെന്നാണ് വിമര്‍ശകരില്‍ ഏറിയ പങ്കും ചോദിക്കുന്നത്. പാവപ്പെട്ടവന്‍റെ കഷ്ടപ്പാടിന് കാല്‍പനിക ഛായ നല്‍കുന്നത് പണക്കാരുടെ സ്ഥിരം പരിപാടിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.  ഇവാന്‍ക ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ യഥാര്‍ത്ഥ സ്വഭാവമാണ് ട്വീറ്റിലൂടെ പ്രകടമാക്കിയതെന്നും വിമര്‍ശകര്‍ പറയുന്നു. ലോക്ക്ഡൌണ് ഒരു രാജ്യത്തെ സാധാരണക്കാരെ എങ്ങനെയെല്ലാം വലച്ചുവെന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് ഇനിയും മനസിലായില്ലേയെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. 

പാവപ്പെട്ടവന്‍റെ കഷ്ടപ്പാടും ദുരിതത്തിനും കാല്‍പനികത നല്‍കുന്നത് അവരോട് ചെയ്യാവുന്ന ക്രൂരതയാണെന്നും നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്. ഇത് സഹിഷ്ണുതയല്ല ഗതികേടാണെന്നും ഇവാന്‍കയെ തിരുത്തുന്നുണ്ട് വിമര്‍ശകര്‍. ഇവാന്‍ക രാജ്യത്തിന്‍റെ അവസ്ഥയെ പരിഹസിക്കുകയാണെന്നും 5 കിലോമീറ്റര്‍ കാല്‍നടയായി പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും വിമര്‍ശകര്‍ ഇവാന്‍കയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. ഇതൊരു സൈക്ലിംഗ് ചാമ്പ്യന്‍ ഷിപ്പല്ലായിരുന്നുവെന്നും മനുഷ്യര്‍ക്ക് ഇങ്ങനെ ചിന്തിക്കാനാവുന്നതെങ്ങനെയാണെന്നും രൂക്ഷമായ വിമര്‍ശനമാണ് ഇവാന്‍ക നേരിടുന്നത്. 

ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും കൊണ്ടാണ് 15കാരിയായ ജ്യോതി കുമാരി ബിഹാറിലെത്തിയത്. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ കുറച്ച് മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റിരുന്നു. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമായാണ് താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി. 

പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ നാട്ടിലേക്ക് ഇറങ്ങിത്തിരിച്ചത്.  ദിവസം ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും സഹായിച്ചു. ഏഴ് ദിവസം കൊണ്ടായിരുന്നു ഇവര്‍ ബിഹാറിലെത്തിയത്. 

Follow Us:
Download App:
  • android
  • ios