സ്തനങ്ങളുടെ വലിപ്പം സ്തനാര്‍ബുദ സാധ്യത ഉണ്ടാക്കുന്നുവോ?; അറിയാം ഈ ആറ് കാര്യങ്ങള്‍ കൂടി...

By Web TeamFirst Published Oct 5, 2021, 11:00 PM IST
Highlights

പുതിയ കാലത്ത് ജനിതകമായ കാരണങ്ങള്‍ക്ക് പുറമെ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൂടുതലായി സ്തനാര്‍ബുദത്തിലേക്ക് വഴിവയ്ക്കുന്നതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

അര്‍ബദുങ്ങളില്‍ ( Cancer ) തന്നെ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും സ്ത്രീകള്‍ക്കിടയില്‍ അര്‍ബുദം മൂലമുള്ള മരണനിരക്കില്‍ രണ്ടാമതായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നത് സ്തനാര്‍ബുദമാണ് ( Breast Cancer ). പലപ്പോഴും സ്തനാര്‍ബുദം സമയബന്ധിതമായി തിരിച്ചറിയുന്നതിനും ചികിത്സ തേടുന്നതിനും വൈകുന്നത് മൂലമാണ് മരണനിരക്ക് ഉയരാനിട വരുന്നത്. 

അതിനാല്‍ തന്നെ സ്തനാര്‍ബുദത്തെ തിരിച്ചറിയേണ്ടതും നേരത്തേ തന്നെ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. ഇന്ത്യയിലാണെങ്കില്‍ 28 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് സ്തനാര്‍ബുദത്തിന്റെ കണക്ക്. ഓരോ വര്‍ഷവും കൂടുംതോറും ഇത് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പുതിയ കാലത്ത് ജനിതകമായ കാരണങ്ങള്‍ക്ക് പുറമെ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൂടുതലായി സ്തനാര്‍ബുദത്തിലേക്ക് വഴിവയ്ക്കുന്നതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അമിതവണ്ണം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കും. കൊളസ്‌ട്രോള്‍, ഹൃദ്രോഗം അങ്ങനെ പല അസുഖങ്ങളും അമിതവണ്ണം മൂലമുണ്ടാകാം. സ്തനാര്‍ബുദത്തിനും അമിതവണ്ണം കാരണമാകാറുണ്ട്.

 

 

കോശങ്ങളില്‍ കൊഴുപ്പിന്റെ അമിത നിക്ഷേപമുണ്ടാകുമ്പോള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാം. ഇത് ക്യാന്‍സറസ് കോശങ്ങളുടെ വളര്‍ച്ചയിലേക്ക് നയിക്കാം. അതുപോലെ തന്നെ പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയും ഉണ്ടാകാം. ഇവയും സ്തനാര്‍ബുദത്തിലേക്ക് നയിക്കാം. 

രണ്ട്...

ജീവിതശൈലിയില്‍ ഡയറ്റിനുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മള്‍ എന്താണ് കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരം നമ്മള്‍. ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതും, 'ബാലന്‍സ്ഡ്' അല്ലാത്ത ഡയറ്റ് പിന്തുടരുന്നതുംജങ്ക്- പ്രോസസ്ഡ് ഫുഡ്, റിഫൈന്‍ഡ് കാര്‍ബ് അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം പതിവാക്കുന്നതും പരോക്ഷമായി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു. 

മൂന്ന്...

മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ക്രമേണ സ്തനാര്‍ബുദത്തിന് കാരണമായി വന്നേക്കാം. പതിവായി മദ്യപിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം 7-10 ശതമാനം വരെ സ്തനാര്‍ബുദ സാധ്യത കൂടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്യാന്‍സര്‍ സാധ്യതയ്ക്ക് പുറമെ കരള്‍ രോഗം, മാനസിക പ്രശ്‌നങ്ങള്‍, ബിപി, കൊളസ്‌ട്രോള്‍ എന്നിങ്ങനെ പല വിഷമതകളും മദ്യപാനം മൂലമുണ്ടാകാം. 

നാല്...

പ്രത്യുത്പാദനവ്യവസ്ഥയുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങളും സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാറുണ്ട്. എപ്പോഴാണ് ഗര്‍ഭം ധരിക്കേണ്ടതെന്നും ഏത് പ്രായത്തിലാണ് കുഞ്ഞ് വേണ്ടതെന്നുമെല്ലാം തീരുമാനിക്കുന്നത് വ്യക്തിപരമായ താല്‍പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. 

 

 

എന്നാല്‍ വൈകിയുള്ള ഗര്‍ഭധാരണം, കുഞ്ഞുങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. 

അഞ്ച്...

ആര്‍ത്തവവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന അസ്വാഭാവികതകളും സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് കിടക്കുന്നു. നേരത്തേ ആര്‍ത്തവം തുടങ്ങിയ സ്ത്രീകള്‍ (പന്ത്രണ്ട് വയസിന് മുമ്പ് ), അതുപോലെ വൈകി ആര്‍ത്തവം നിലയ്ക്കുന്ന സ്ത്രീകള്‍ എന്നിവരില്‍ താരതമ്യേന സ്തനാര്‍ബുദ സാധ്യത കൂടുതലാണത്രേ. ഇതും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടാണ് വരുന്നത്. 

ആറ്...

സ്തനങ്ങളുടെ വലിപ്പം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമോ എന്ന സംശയം പൊതുവേ സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇതും സ്തനാര്‍ബുദത്തിന് കാരണമായി വരാറുണ്ട്. കനമുള്ള സ്തനങ്ങളാണെങ്കില്‍ അവയില്‍ ഫ്രൈബസ് ടിഷ്യൂസ് കൂടുതലായി കാണാം. അതിന് അനുസൃതമായി കൊഴുപ്പിന്റെ നിക്ഷേപവും കൂടുന്നു. ഇതാണ് അര്‍ബുദത്തിന് വഴിയൊരുക്കുന്നതത്രേ. അതുപോലെ വലിപ്പമുള്ള സ്തനങ്ങളാണെങ്കില്‍ അര്‍ബുദം എളുപ്പത്തില്‍ കണ്ടെത്തപ്പെടാതെ പോകാനുള്ള സാധ്യതകളും കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

Also Read:- ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെടുന്നത് സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ?

click me!