
ഒരു യഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് നടി, അവതാരക, ബോഡിബിൽഡർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് ശ്രീയ അയ്യർ. തകര്‍ന്ന പ്രണയബന്ധവും തുടര്‍ന്ന് ആത്മഹത്യയുടെ വക്കില്‍ നിന്നൊരു കംബാക്കും ശ്രീയയെ കരുത്തുറ്റവളാക്കി. ബോഡി ബിൽഡിങ് റെക്കോഡുകളുടെയും ഷൂട്ടിങ് പരിശീലനത്തിന്‍റെയും തിരക്കിനിടയില്‍ ശ്രീയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
തകര്‍ന്ന പ്രണയബന്ധവും ബോഡിബിൽഡിങ്ങിലേയ്ക്കുള്ള വഴിയും
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ ഒറ്റ സെന്റിലുള്ള ഒരു വീട്ടിലായിരുന്നു ജനനം. ഒരു സാധാരണ അയ്യർ കുടുംബം. അഭിനയവും കോംപയറിങ്ങും പാഷനായി കൊച്ചിയിലെത്തി. അന്നത്തെ വഴിതെറ്റിയ പ്രണയബന്ധം ജീവിതം ഒരുപാട് പഠിപ്പിച്ചു. ഒടുവിൽ ആത്മഹത്യാശ്രമം. മകളെ തിരിച്ചുവേണമെന്ന അമ്മയുടെ വാക്കുകളാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചത്. നാട്ടുകാരുടെ കുത്തുവാക്കുകളും സൈബര്‍ ആക്രമണവും ഏറെ വേദനിപ്പിച്ചു.
ബ്രേക്കപ്പിന് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാനാണ് വര്‍ക്കൗട്ടിലേയ്ക്ക് തിരിഞ്ഞത്. പിന്നീട് വര്‍ക്കൗട്ട് ഒരു ഹരമായി. 2018-ൽ കോമ്പറ്റീഷനില്‍ പങ്കെടുത്തു തുടങ്ങി. 2020 ലോക്ക്ഡൗണ്‍ സമയത്താണ് സമൂഹ മാധ്യമങ്ങളിലൂടെ വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവച്ചുതുടങ്ങുന്നത്. കാരണം ആ സമയത്താണ് ആളുകള്‍ ഭക്ഷണ പരീക്ഷണങ്ങള്‍ ചെയ്തു തുടങ്ങുന്നതും. പൊറോട്ട കഴിക്കാത്തവർ പോലും വീട്ടിൽ പൊറോട്ട ഉണ്ടാക്കാൻ തുടങ്ങി. ഇത്തരം ഭക്ഷണ ശീലങ്ങള്‍ അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തുന്ന കാര്യമാണ്. ഞാൻ അങ്ങനെ 30 ദിവസത്തേക്ക് ഒരു ഫിറ്റ്നസ് ചലഞ്ച് നടത്തി, ആളുകൾക്ക് സൗജന്യ പരിശീലനം നൽകി. തുടര്‍ന്ന് 2020ല്‍ തിരുവനന്തപുരത്തെ എന്‍റെ വീടിന് മുകളില്‍ ഒരു ജിം തുടങ്ങി, ചെറിയ രീതിയില്‍ ക്ലാസുകള്‍ ആരംഭിച്ചു.
ലൈഫ് സ്റ്റൈല്‍ മാറ്റങ്ങള്‍
ഞാന്‍ ആദ്യം വെജിറ്റേറിയനായിരുന്നു. വീട്ടില്‍ നോണ്‍ വെജ് വെയ്ക്കാറില്ലായിരുന്നു. തൈര് സാദം കഴിച്ച് വളര്‍ന്ന എനിക്ക് ചിക്കന്‍, മുട്ട അടങ്ങിയ ഒരു ഡയറ്റിലേയ്ക്ക് മാറാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു. കഴിക്കുന്ന ഭക്ഷണത്തിലെ അളവുകള്‍ വളരെ പ്രധാനമാണ്. ചോറിന്‍റെ അളവ് കുറച്ച്, നോണ്‍ വെജിന്‍റെ അളവ് കൂട്ടിയാണ് ഡയറ്റ് പിന്തുടര്‍ന്നത്. പ്രോട്ടീനും വെജും ഉള്‍പ്പെടുത്തിയിരുന്നു.
ബോഡിബിൽഡിങ്ങ് മത്സരങ്ങള്‍
2018-ൽ കോമ്പറ്റീഷനില്‍ പങ്കെടുത്തു തുടങ്ങി. ഇതിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. വെയിറ്റ് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. ദിവസവും രണ്ട് നേരം ട്രെയിനിങ് ചെയ്യുമായിരുന്നു. കുറച്ച് ദിവസം കൊണ്ട് തന്നെ ശരീരത്തില്‍ മാറ്റമുണ്ടായി തുടങ്ങി. മത്സരങ്ങളില്‍ പങ്കെടുത്ത സമയത്ത് സ്റ്റിറോയ്ഡ് ഉപയോഗിച്ചിട്ടുണ്ട്. ഇതിന്‍റെ പാർശ്വഫലങ്ങളെ കുറിച്ച് അറിയാതിരുന്ന സമയത്താണ് ഇതൊക്കെ ഉപയോഗിച്ചത്. ശബ്ദത്തില്‍ പോലും മാറ്റം വന്നുതുടങ്ങിയതോടെ ഇവയുടെ ഉപയോഗം നിര്‍ത്തി.
മിസ് ട്രിവാൻഡ്രം
2018, 2019, 2020 എന്നീ വർഷങ്ങളിൽ മിസ് ട്രിവാൻഡ്രം ആയിരുന്നു. 2018-ൽ സൗത്ത് ഇന്ത്യ ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് സൗത്ത് ഇന്ത്യ ഫിറ്റനസ്, ട്രിവാൻഡ്രം ഡിസ്ട്രിക്ട് ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് ക്വീൻ ഓഫ് ട്രിവാൻഡ്രം, കേരള ബോഡി ബിൽഡിങ് അസോസിയേഷന്റെ മിസ് വിമൺ ഫിസിക്ക് കിരീടവും ലഭിച്ചു. വളരെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതൊക്കെ. വീട്ടിലും എല്ലാവര്‍ക്കും വളരെ സന്തോഷവും അഭിമാനവും തോന്നി.
ഫിറ്റ്നസ് സ്റ്റുഡിയോ
ലോണെടുത്താണ് ഒന്നരവർഷം മുൻമ്പ് തിരുവനന്തപുരത്തെ കുറവന്‍കോണത്ത് ഒരു ജിം തുടങ്ങിയത്. ഒറ്റ ജീവനക്കാരനിൽ നിന്ന് അഞ്ച് ജീവനക്കാരുള്ള സ്ഥാപനമായി അത് ഇപ്പോള്‍ വളർന്നു. മത്സരങ്ങൾക്കുവേണ്ടി പരിശീലിപ്പിക്കുക മാത്രമല്ല, ലൈഫ് സ്റ്റൈൽ ഫിറ്റ്നസിന്റെ പ്രാധാന്യം സാധാരണക്കാരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടങ്ങിയത്. എഴുപതിനുമുകളിൽ പ്രായമുള്ളവർപോലും ഇപ്പോള്‍ ജിമ്മിലെത്തുന്നുണ്ട്.
ഷൂട്ടിങ് പരിശീലനം
ഫിറ്റ്‌നസിന് പുറമേ സൂംബാ, വിമൻ കിക്ക് ബോക്‌സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ഇപ്പോള്‍ സജ്ജീവമാണ്. ഷൂട്ടിങില്‍ നാഷണല് കോമ്പറ്റീഷനില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അച്ഛൻ ഹരിഹര അയ്യർ മൂന്ന് വർഷം മുൻപ് വിട്ടുപിരിഞ്ഞെങ്കിലും അമ്മ ബേബിയും സഹോദരൻ ശ്രീകാന്തും ഭര്‍ത്താവ് ജിനു തോമസും ശ്രീയയുടെ സ്വപ്നങ്ങള്‍ക്കൊപ്പമുണ്ട്.