കോട്ടയം പാല ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്സ് അധ്യാപികയാണ് അപര്‍ണ. ഒന്നാം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനമായി നല്‍കിയ ക്യാമറയാണ് അപർണയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചത്.

കാടിന്റെ നിശ്ശബ്ദതയും വന്യജീവികളുടെ സ്വാഭാവിക ചലനങ്ങളും ഒരേ ഫ്രെയിമിൽ പകർത്തുന്നത് അത്ര എളുപ്പമല്ല. അതിനായി അപാരമായ ക്ഷമയും ധൈര്യവും പ്രകൃതിയോട് ആഴത്തിലുള്ള സ്‌നേഹവും വേണം. പുരുഷാധിപത്യമായി കണക്കാക്കപ്പെട്ടിരുന്ന വന്യജീവി ഫോട്ടോഗ്രാഫി രംഗത്ത് സ്വന്തം ഇടം കണ്ടെത്തി, ക്യാമറയിലൂടെ പ്രകൃതിയുടെ ആത്മാവിനെ പകര്‍ത്തിയ പെണ്ണൊരുത്തി. ഭർത്താവിൽ നിന്നും സമ്മാനമായി കിട്ടിയ ക്യാമറ കൊണ്ട് വന്യജീവി ഫോട്ടോഗ്രാഫിയുടെ പുതിയ ജാലകങ്ങൾ തുറന്ന ഫിസിക്സ് അധ്യാപികയാണ് ഡോ. അപർണ പുരുഷോത്തമൻ. കഴിഞ്ഞ 15 വർഷമായി വന്യജീവി ഫോട്ടോഗ്രഫിയിലെ വനിതാസാന്നിധ്യമായി കോട്ടയം നാട്ടകം സ്വദേശിനി അപർണയുണ്ട്. അപൂർവമായ അനേകം ചിത്രങ്ങളും അപര്‍ണയുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കോട്ടയം പാല ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്സ് അധ്യാപികയാണ് അപര്‍ണ. ഒന്നാം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനമായി നല്‍കിയ ക്യാമറയാണ് അപർണയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചത്. ആ ചെറു ക്യാമറയിൽ പതിഞ്ഞ ആദ്യ ചിത്രങ്ങളാണ് അപർണയിലെ വന്യജീവി ഫോട്ടോഗ്രാഫറെ ക്രമേണ രൂപപ്പെടുത്തിയത്. കാടിന്റെ നടുവിലും സ്വന്തം ജീവിതം അടയാളപ്പെടുത്തിയ യാത്രകളെ കുറിച്ചും ക്യാമറയിലും മനസിലും പതിഞ്ഞ മനോഹരമായ ചിത്രങ്ങളേക്കുറിച്ചും അപർണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

ഭർത്താവ് സമ്മാനിച്ച ക്യാമറയില്‍ തുടക്കം

വിവാഹത്തിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം തുടങ്ങിയത്. 2010 ലായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഫോട്ടോഗ്രാഫിയെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു. പക്ഷേ സ്വന്തമായി ഒരു ക്യാമറ വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഒന്നാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് അശോക് ഒരു കൊച്ച് ക്യാമറ സമ്മാനമായി തന്നിരുന്നു. ഷോളയാറിൽ കാടിന് നടുവിലെ കെഎസ്ഇബിയുടെ പവർ ഹൗസിൽ അസിസ്റ്റന്റ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം അന്ന് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഞാൻ എം.ജി. സർവകലാശാലയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അവധിക്ക് മാത്രമേ ഞങ്ങൾക്ക് കാണാൻ പറ്റുമായിരുന്നുള്ളൂ. അവധി കിട്ടുമ്പോൾ ഞാൻ അങ്ങോട്ടുപോകും. സമ്മാനമായി കിട്ടിയ കുഞ്ഞ് ക്യാമറയിൽ ചെറിയ ചെറിയ ചിത്രമെടുത്തുതുടങ്ങി.

ആ സമയത്ത് സർവകലാശാലയിയിലെ ലാബിന് മുന്നിലുള്ള ഒരു അലങ്കാര ചെടിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂട് കൂട്ടിയിരുന്നു. ആ പക്ഷികളുടെ ചിത്രങ്ങൾ ഞാൻ വെറുതെ ക്യാമറയിൽ പകർത്തി. ഭർത്താവാണ് എല്ലാ പ്രചോദനവും തന്നത്. അന്ന് എടുത്ത ഫോട്ടോസ് മുഴുവൻ ഒരു സ്റ്റോറിയാക്കി ഫേസ്ബുക്കിലിട്ടു. അത് കണ്ട് ഒരു സുവോളജി അധ്യാപകൻ യുറീക്ക മാഗസിനിൽ ഒരു സ്റ്റോറി എഴുതി അയക്കാമോ എന്ന് ചോദിച്ചു. അന്ന് മുതലാണ് ഞാൻ എടുക്കുന്ന ചിത്രങ്ങളിലെ പക്ഷികളെ കുറിച്ചും ചിത്രശലഭങ്ങളെ കുറിച്ചും കാര്യമായി പഠിക്കാൻ തുടങ്ങിയത്. പിന്നീട് എടുത്ത ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിച്ചു. കുറച്ചുകൂടി പ്രൊഫഷണലായ ക്യാമറ ഉപയോഗിച്ചാൽ ഇതിലും ഭം​ഗിയായി ചിത്രങ്ങൾ പകർത്താനാവും എന്ന ഒരു ഫോട്ടോ​ഗ്രാഫറുടെ കമന്റിൽ നിന്നാണ് ഫോട്ടോ​ഗ്രാഫിയെ ഗൗരവമായി കാണാൻ തുടങ്ങിയത്. അങ്ങനെ കാനന്റെ 550 ഡിയും ഒരു ടെലി ലെൻസും വാങ്ങി ചിത്രങ്ങളെടുക്കാൻ തുടങ്ങി. ഇപ്പോൾ നിക്കോൺ ഡി 850യും 200-500 ലെൻസുമാണ് ഉപയോഗിക്കുന്നത്.

‘ക്ലിക്കായ’ മരനായയുടെ ചിത്രം

യൂട്യൂബ് നോക്കിയാണ് ക്യാമറ ടെക്നിക്സ് എല്ലാം പഠിച്ചത്. ഡിഎസ്എൽആർ ഷോളയാറിൽ ഭർത്താവിനെ കാണാൻ പോകുമ്പോൾ അവിടുത്തെ കാടുകളിൽ നടന്ന് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ഷോളയാർ മുതൽ ആളിയാർ, വാൽപ്പാറ റൂട്ടിൽ ഞങ്ങൾ നടത്തിയ യാത്രകളിൽ കുറെ നല്ല ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. 2012 ൽ സെപ്റ്റംബർ മാസത്തിൽ ഷോളയാർ പവർഹൗസിന്റെ അടുത്തുനിന്നും 'നീലഗിരി മാർട്ടൻ' (മരനായ) എന്ന ജീവിയുടെ ചിത്രം എനിക്ക് ലഭിച്ചു. വീട്ടിലെത്തി അതിനെ കുറിച്ച് പഠിച്ചപ്പോഴാണ് അത് അത്യപൂർവമായ, വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ് എന്ന് മനസിലാക്കിയത്. ഷോളയാർ മേഖലയിൽ ഈ ജീവി ഉണ്ടെന്ന് ഉറപ്പിക്കുന്ന ആദ്യചിത്രമായിരുന്നു അത്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ഒരു തദ്ദേശീയ ജീവിയായിരുന്നു അത്. ​ഗവേഷണ വിദ്യാർത്ഥിയായ അപർണ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെ പത്രങ്ങളിൽ വലിയ വാർത്തയായി ആ ചിത്രം മാറി. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. പ്രകൃതി തന്ന സമ്മാനമായിട്ടാണ് ആ ചിത്രത്തെ ഇന്നും കാണുന്നത്. അതിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയെ വളരെ ​ഗൗരവമായി കാണാൻ തുടങ്ങിയത്.

പിന്നീട് അത്യപൂർവമായ പക്ഷികളെ കുറിച്ചും മൃ​ഗങ്ങളെ കുറിച്ചും പഠിക്കാനും അവയുടെ ചിത്രങ്ങൾ പകർത്താനായി യാത്രകൾ ചെയ്യാനും ആരംഭിച്ചു. മൃഗങ്ങളേക്കാൾ പക്ഷികളെ ക്യാമറയിൽ പകർത്താനാണ് ബുദ്ധിമുട്ട്. റെയർ സ്പീഷീസിനെ തേടി തട്ടേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി. പ്ലസ് ടു അധ്യാപികയായി കണ്ണൂരിൽ ജോലി കിട്ടിയപ്പോഴും കാടുകളിലേക്കുള്ള യാത്ര തുടർന്നു. കബനി, നാഗർഹോള, ബന്ദിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി ചിത്രങ്ങൾ പകർത്തി. പിന്നീട് പുള്ളിപുലി, കടുവ തുടങ്ങിയവയുടെ ചിത്രങ്ങൾ എടുത്ത് തുടങ്ങി. അതിനിടെ ലളിതകലാ അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചു. 2012-ൽ കോട്ടയത്ത് ഒരു ചിത്ര പ്രദർശനം നടത്തി. വനിത വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിൽ അന്ന് വലിയ ശ്രദ്ധ ലഭിച്ചു.

കാത്തിരിപ്പിന്റെ ഫലങ്ങൾ

ഓരോ അപൂര്‍വ്വ ഇനം പക്ഷികളുടെയും ചിത്രം ലഭിക്കുമ്പോഴും വലിയ സന്തോഷമാണ്. 'ഓറിയന്റൽ ഡ്വാർഫ് കിംഗ് ഫിഷർ' എന്ന ഇനം പക്ഷിയുടെ ചിത്രം പകർത്തിയത് ഒത്തിരി കഷ്ടപ്പെട്ടിട്ടാണ്. ആ പക്ഷിയുടെ ചിത്രം പകർക്കാന്‍ പുഴയിലൂടെ അരയറ്റം വെള്ളത്തിൽ ക്യാമറ പൊക്കിപ്പിടിച്ച് നടന്നത് വലിയൊരു അനുഭവമായിരുന്നു. അന്നത്തെ യാത്രയിൽ ആ​ഗ്രഹിച്ച ആ ചിത്രം പകർത്താന്‍ കഴിഞ്ഞില്ല. അത് ഭയങ്കര നിരാശയായിരുന്നു. പക്ഷേ പിന്നീട് മറ്റൊരു യാത്രയിൽ ഈ പക്ഷി ഇണയുടെ ഒപ്പം കൂട് ഒരുക്കുന്ന ചിത്രം പകര്‍ത്താന്‍ കഴിഞ്ഞു. അതുപോലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രവും ഒരു കാത്തിരിപ്പിന്റെ ഫലമാണ്. മലമുഴക്കി വേഴാമ്പൽ ഇണയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പകര്‍ത്താന്‍ മണിക്കൂറുകളോളം ഉറുമ്പ് കടിയേറ്റ് മരച്ചുവട്ടിൽ ഇരുന്നിട്ടുണ്ട്.

എല്ലാ വന്യജീവി ഫോട്ടോഗ്രാഫർമാരെയും പോലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രം പകർത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. പലപ്പോഴായി മലമുഴക്കി വേഴാമ്പലിന്റെ ചിത്രം പകർത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മനസില്‍ ആ​ഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിച്ചിരുന്നില്ല. ഒരിക്കൽ ഷോളയാറിൽ വെച്ച് ഒരു വേഴാമ്പൽ കുടുംബത്തെ അടുത്തുകിട്ടിയെങ്കിലും ക്യാമറയെടുത്തപ്പോഴേക്കും അവയെല്ലാം പറന്നുപോയി. അങ്ങനെ കാത്തിരുന്ന് വാൽപ്പാറയിലെ കാപ്പിത്തോട്ടത്തിൽ വെച്ച് ആ ചിത്രം എന്റെ ക്യാമറയില്‍ പതിഞ്ഞു. മലമുഴക്കി വേഴാമ്പല്‍ മുട്ടയിടാന്‍ കൂടൊരുക്കുന്ന സമയമായിരുന്നു അത്. നാല്പതടി ഉയരത്തിലാവും മലമുഴക്കി വേഴാമ്പലിന്‍റെ കൂടൊരുക്കുക. എല്ലാ വർഷവും ഒരേ മരം തന്നെയാവും അവ കൂട് കൂട്ടുക. പെൺപക്ഷി മുട്ടയിട്ട് അടയിരിക്കുമ്പോൾ ആൺപക്ഷി കൂടിന്റെ മുൻഭാഗം അരക്കുകൊണ്ടും കാഷ്ഠം കൊണ്ടും അടയ്ക്കുന്ന തീരക്കിലാവും. തുടർന്ന് ആൺപക്ഷി തീറ്റ തേടിപ്പോകും. മണിക്കൂറുകളോളം ഉറുമ്പ് കടിയും കൊണ്ട് കാത്തിരുന്നിട്ടാണ് മനസിൽ ആ​ഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിച്ചത്.

കുമ്പയുടേയും നൂറിന്റേയും ചിത്രം

ഒരിക്കല്‍ രാജസ്ഥാനിലെ രൺതംഭോർ നാഷണൽ പാർക്കിൽ പോയിരുന്നു. അന്ന് കടുവകളുടെ ചിത്രമെടുത്തത് മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു. 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടുവ സംരക്ഷണ മേഖലയാണ് രൺതംഭോർ. അവിടെ ഏകദേശം 70 കടുവകളുണ്ട്. കേരളത്തിലെ കാടുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ധാരാളം കടുവകളുള്ളതിനാൽ എന്തായാലും നല്ലൊരു ചിത്രം പകര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. അന്ന് രണ്ട് കടുവകൾ ഇണചേരുന്ന അപൂർവമായ ഒരു കാഴ്ച കാണാനായി. കുമ്പ എന്ന ആൺകടുവയും നൂർ എന്ന പെൺകടുവയുമായിരുന്നു അത്. കാടിന് നടുവിലെ ഒരു മരത്തിന് അടിയിൽ കടുവകള്‍ ഉറങ്ങുകയായിരുന്നു. ചുറ്റിലും കുറെ ജിപ്‌സി നിർത്തിയിട്ടിരുന്നു. ഈ രണ്ട് കടുവളെയും പകര്‍ത്താന്‍ ഒത്തിരി ഫോട്ടോ​ഗ്രാഫര്‍മാര്‍ അവിടെ ഉണ്ടായിരുന്നു. ഏറ്റവും പുറകിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. ജിപ്സിയുടെ വിൻഡോയില്‍ കയറിയാണ് അന്ന് ആ ചിത്രം പകര്‍ത്തിയത്. എനിക്ക് വേണ്ടി പുരുഷ ഫോട്ടോ​ഗ്രാഫര്‍മാര്‍ തല കുനിച്ച് തന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

പ്രകൃതി തന്ന സമ്മാനങ്ങള്‍

പ്രകൃതിയായിട്ട് എല്ലാ മനുഷ്യനും ഒരു ബന്ധമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ യാത്രകൾക്കിടയിൽ അപൂർവ്വമായി ലഭിക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. നവംബർ-മാർച്ച് ആണ് പക്ഷികളുടെ ദേശാടന കാലം. ഈ സമയത്താണ് ദൂര രാജ്യങ്ങളിൽ നിന്നൊക്കെ പക്ഷികൾ പറന്ന് നമ്മുടെ നാട്ടിലേക്ക് വരുന്നത്. ഇത്തരം പക്ഷികൾ നമ്മുടെ ക്യാമറ കണ്ണിൽപെടുന്നത് ഒത്തിരി സന്തോഷം നൽകുന്ന നിമിഷമാണ്. ഗ്രേ നെക്ക്ഡ് ബണ്ടിംഗ് എന്ന ദേശാടന പക്ഷിയുടെ ഞാൻ എടുത്ത ചിത്രം പത്രത്തിലൊക്കെ വന്നിരുന്നു. ഞാൻ അതിനെ തേടി പോയതല്ല ഞാൻ. പ്രകൃതി എനിക്ക് മുന്നിൽ എത്തിച്ചതാണ്.

ബക്കറ്റ് ലിസ്റ്റിലെ സ്വപ്‌ന ചിത്രങ്ങള്‍

രാജഹംസങ്ങളുടെ ചിത്രം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. രാജഹംസം പലപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് തവണ വന്നിട്ടുണ്ട്. പക്ഷേ അവയുടെ നല്ലൊരു ചിത്രം എടുക്കണം കഴിഞ്ഞിട്ടില്ല. എങ്ങനെ കുറെ പക്ഷികൾ ബക്കറ്റ് ലിസ്റ്റിലുണ്ട്. പാപ്പുവ ന്യൂ ഗിനിയ എന്ന ഒരു ഐലൻഡിൽ ബേർഡ് ഓഫ് പാരഡൈസ് എന്ന ഒരിനം പക്ഷിയുണ്ട്. ആൺപക്ഷികൾ പെൺപക്ഷികളെ ആകർഷിക്കാൻ വേണ്ടി നൃത്തം ചെയ്യും. എന്നെങ്കിലുമൊരിക്കൽ അവിടെ പോയി ആ പക്ഷിയുടെ ചിത്രം പകർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

പിന്തുണയായി കുടുംബവും സഹപ്രവർത്തകരും

ഭർത്താവിന്റെ പേര് അശോക് ദാമോദരൻ. കോട്ടയത്ത് കെഎസ്ഇബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ്. ഭർത്താവിനോടൊപ്പമാണ് ഏറ്റവും കൂടുതൽ യാത്ര പോയിട്ടുള്ളത്. അദ്ദേഹത്തിന് ഫോട്ടോഗ്രഫി അറിയില്ലെങ്കിലും യാത്രകൾ ചെയ്യാനിഷ്ടമാണ്. വീട്ടിലെ മറ്റുള്ളവർക്ക് ഞാൻ കാട്ടിൽ പോകുന്നതിനേക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോളെല്ലാം മാറി നല്ല പിന്തുണയാണ് നൽകുന്നത്. ഞാൻ ഇപ്പോൾ കോട്ടയം പാലായിലെ മഹാത്മാഗാന്ധി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ജോലി ചെയ്യുന്നത്. സഹപ്രവർത്തകരിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. മകള്‍ ഋതുപർണ്ണയ്ക്ക് രണ്ട് വയസ്സാകുന്നതേ ഉള്ളൂ. മകള്‍ വലുതാകുമ്പോള്‍ യാത്രകളില്‍ അവളെയും കൂട്ടണം എന്നാണ് ആഗ്രഹമെന്ന് അപര്‍ണ പറയുന്നു.

വന്യജീവി ഫോട്ടോഗ്രഫിയിലെ ‘പെണ്ണിടം’

കൂടുതല്‍ സ്ത്രീകൾ ഈ മേഖലയിലേക്ക് വരണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. മോട്ടിവേഷണൽ ക്ലാസ്സുകള്‍ എടുക്കാന്‍ പോകുമ്പോള്‍ ഒത്തിരി കുട്ടികള്‍ വന്യജീവി ഫോട്ടോഗ്രഫര്‍ ആകണം എന്നാണ് ആഗ്രഹം എന്ന് പറയാറുണ്ട്. സ്ത്രീകൾക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല, സാഹചര്യങ്ങളുടെ നെഗറ്റിവിറ്റി കൊണ്ടാണ് അവര്‍ക്ക് ഈ മേഖലയിലേക്ക് കടന്ന് വരാന്‍ കഴിയാത്തത്. കുടുംബത്തില്‍ നിന്നാണ് വലിയ പിന്തുണ വേണ്ടത്. ഭര്‍ത്താവിന്‍റെ പിന്തുണ കൊണ്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നത്. സമൂഹത്തിന്‍റെ പിന്തുണ ഉണ്ടെങ്കില്‍ കൂടുതല്‍ സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്ന് വരാന്‍ സാധിക്കും. സമൂഹം മാറി ചിന്തിക്കണം. ഇപ്പോള്‍ പലരും മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. നമ്മുടെ പാഷൻ മുറുകെ പിടിച്ച് മുന്നോട്ട് വരണം എന്നാണ് ഒരോ പെണ്‍ക്കുട്ടികളോടും പറയാനുള്ളത്. ചുറ്റുമുള്ളവര്‍ നമ്മളെ അംഗീകരിക്കുന്ന നമ്മളെ ഓര്‍ത്ത് അഭിമാനിക്കുന്ന ഒരു ദിവസം വരും എന്ന് അപര്‍ണ പറയുന്നു.

(ചിത്രങ്ങള്‍- അപർണ പുരുഷോത്തമൻ്റെ ഫോട്ടോ ശേഖരത്തില്‍ നിന്ന്)