ആര്‍ത്തവ സമയത്തും ജോലി; തുണിമില്‍ സൂപ്പര്‍വൈസര്‍മാര്‍ നല്‍കുന്ന 'ആ ഗുളിക' ഇല്ലാതാക്കുന്നത് അവരിലെ അമ്മയെ

By Web TeamFirst Published Jul 3, 2019, 12:53 PM IST
Highlights

ശുചിമുറിയില്‍ പോകുന്ന സമയം പോലും ടൈം കീപ്പര്‍മാര്‍ കണക്കൂകൂട്ടുന്നുണ്ട്. എന്തു കാരണം പറഞ്ഞാലും ഇവര്‍ തൊഴിലാളികള്‍ക്ക് ലീവ് അനുവദിക്കാറില്ല. എല്ലാ അസുഖത്തിനും ഇവരുടെ കയ്യില്‍ മരുന്നുമുണ്ട്. 

കോയമ്പത്തൂര്‍: ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ദിണ്ടിഗല്‍ സ്വദേശി ജീവ കാണാത്ത ഡോക്ടര്‍മാരും പോകാത്ത ആശുപത്രികളും കുറവാണ്. ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഓരോ മരുന്നും ജീവ കഴിക്കുന്നത്. എന്നാല്‍ നാലുവര്‍ഷത്തെ ചികിത്സയ്ക്ക് ശേഷവും ജീവയുടെ നിലയില്‍ ഒരു മാറ്റവും ഇല്ല. ഏറെ നാളത്തെ പരിശോധനയ്ക്ക് ശേഷമാണ് ജീവയുടെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. 

തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സമയത്ത് സൂപ്പര്‍വൈസര്‍ നല്‍കിയ ചില മരുന്നുകളാണ് ജീവയെ വന്ധ്യതയെന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ആര്‍ത്തവ ദിനങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സമയത്ത് നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കുറക്കാനായാണ് സൂപ്പര്‍വൈസര്‍മാര്‍ ഗുളികകള്‍ നല്‍കുന്നതെന്നാണ് ജീവ പറയുന്നത്. കഠിനമായ വയറുവേദന കുറക്കണം, ജോലി തീര്‍ക്കണം എന്ന ഉദ്ദേശ്യത്തോടെ മരുന്ന് കഴിക്കുമ്പോള്‍ ഒരിക്കല്‍ പോലും നേരിടാന്‍ പോകുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചുമില്ലെന്ന് ജീവ പറയുന്നു. ആര്‍ത്തവ ദിവസങ്ങളില്‍ കടുത്ത വേദനകൊണ്ട് പുളഞ്ഞ് അവധി ചോദിക്കുമ്പോള്‍ സുപ്പര്‍വൈസര്‍മാര്‍ ഗുളിക നല്‍കുമെന്ന് തുണിമില്ലുകളില്‍ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകളും വിശദമാക്കുന്നു. 

എന്നാല്‍ ഈ മരുന്നുകളുടെ സൈഡ് എഫക്ടുകളെക്കുറിച്ച് ആര്‍ക്കും കൃത്യമായ ധാരണകളില്ലെന്നാണ് തൊഴിലാളികളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഗര്‍ഭിണികളാവുന്നില്ല. ഇപ്പോള്‍ ജീവ നേരിടുന്ന പ്രശ്നവും ഇതുതന്നെയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരും ദിണ്ടിഗല്ലിലുമൊക്കെ പ്രവര്‍ത്തിക്കുന്ന തുണിമില്ലുകളില്‍ ഇത്തരം വേദനാസംഹാരികളുടെ ഉപയോഗം വ്യാപകവും സര്‍വ്വസാധാരണവുമാണെന്നാണ് ജീവ പറയുന്നത്. 

അശാസ്ത്രീയമായ ജോലി നിയമങ്ങളാണ് ഈ മേഖലകളില്‍ പിന്തുടരുന്നതെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നത്. മോശം ശാരീരികാവസ്ഥയിലും ജോലി ചെയ്യേണ്ടി വരുന്നത് മൂലം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുണിമില്ലുകളില്‍ പണിയെടുക്കുന്ന യുവതികള്‍ തുറന്ന് പറയുമ്പോഴാണ് ഇത്തരം അവസ്ഥകളെക്കുറിച്ചുള്ള വിശദമായ ചിത്രം പുറംലോകത്തിന് വ്യക്തമാകുന്നത്. തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ മേഖലയായ വസ്ത്ര നിര്‍മ്മാണ മേഖലയെക്കുറിച്ചാണ് ഗുരുതര ആരോപണം ഉയരുന്നത്. 

ദിണ്ടിഗല്ലിലും തിരുപ്പൂരിലും നിരവധി സ്ത്രീകളാണ് വസ്ത്ര വ്യവസായ മേഖലകളില്‍ തൊഴിലെടുക്കുന്നത്. ടൈം കീപ്പര്‍മാര്‍ എന്നറിയപ്പെടുന്ന സൂപ്പര്‍വൈസര്‍മാരാണ് ഇത്തരം മിക്ക മില്ലുകളിലും ജോലി നിയന്ത്രിക്കുന്നത്. ഓരോ തൊഴിലാളിയും എന്താണു ചെയ്യുന്നതെന്ന് ഇവര്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും. ശുചിമുറിയില്‍ പോകുന്ന സമയം പോലും ഇവര്‍ കണക്കൂകൂട്ടുന്നുണ്ട്. എന്തു കാരണം പറഞ്ഞാലും ഇവര്‍ തൊഴിലാളികള്‍ക്ക് ലീവ് അനുവദിക്കാറില്ല. എല്ലാ അസുഖത്തിനും ഇവരുടെ കയ്യില്‍ മരുന്നുമുണ്ട്. ഏത് അസുഖത്തിനും നല്‍കുന്ന പ്രതിവിധിയാണ് വേദനാസംഹാരികള്‍. അതു കഴിച്ച് വീണ്ടും ജോലി ചെയ്യാനാകും അവധി ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. 

1948 ലെ ഫാക്ടറീസ് ആക്ട് അനുസരിച്ച് ഇത്തരം വസ്ത്രനിര്‍മാണ യൂണിറ്റുകളില്‍ മെഡിക്കല്‍ ഡിസ്പെന്‍സറികള്‍ വേണം. ക്വാളിഫൈഡ് നഴ്സിന്റെ സേവനവും ഇവിടെ ലഭ്യമാക്കണം. പക്ഷേ, തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള മിക്ക സ്ഥലങ്ങളില്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ വിശദമാവുന്നത്. 

പലപ്പോഴും തൊഴിലാളികള്‍ ഡബിള്‍ ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടതായി വരും. 16 മണിക്കൂറാണ് തുടര്‍ച്ചയായി ജോലിയാണ് ഇത്തരത്തില്‍ ഡബിള്‍ ഷിഫ്റ്റില്‍ ചെയ്യേണ്ടി വരിക. ചിലപ്പോള്‍ ഷിഫ്റ്റ് 16 മണിക്കൂറുകൊണ്ട് അവസാനിക്കാറുമില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തുണിമില്ലുകളിലെ ഏറിയ പങ്കും തൊഴിലാളികള്‍ സ്ത്രീകളാണെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഒരുദിവസം ജോലി ചെയ്തില്ലെങ്കില്‍ നഷ്ടമാവുക 250 രൂപയാണെന്ന് ജീവ പറയുന്നു. ഇതിന് പുറമേ മാസാവസാനം ലഭിക്കുന്ന 750 രൂപ ബോണസും നഷ്ടമാകും. ദരിദ്രകുടുംബങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് ഈ തുക നഷ്ടമാകുന്ന അവസ്ഥ ചിന്തിക്കാന്‍ കഴിയില്ലെന്ന് ജീവ പറയുന്നു. അതുകൊണ്ട് വേദന കടിച്ചമര്‍ത്തിയും ടൈം കീപ്പര്‍മാര്‍ കൊടുക്കുന്ന മരുന്നു കഴിച്ചും ഇവര്‍ ജോലി തുടരുന്നു. 

എന്നാല്‍ വര്‍ഷങ്ങള്‍ക്ക്  ശേഷം ഇവര്‍ നിത്യരോഗികള്‍ ആവുന്നതോടെ ഇവര്‍ക്ക് തൊഴിലും നഷ്ടമാകുന്നു. കൂടുതല്‍ ഉല്‍പാദനം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ കമ്പനികള്‍ നീങ്ങുന്നതോടെ തൊഴില്‍ നിയമങ്ങളുടെ പ്രസക്തിയാണ് നഷ്ടമാവുന്നത്. വേദനാസംഹാരികളുടെ നിരന്തര ഉപയോഗത്തെത്തുടര്‍ന്ന് സ്ത്രീകള്‍ക്ക് ആര്‍ത്തവചക്രത്തിന്റെ ക്രമം തെറ്റുന്നു. ക്രമേണ ഗര്‍ഭിണികളാകാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. ഹോര്‍മോണ്‍ തകരാര്‍, പ്രതിരോധ ശേഷിക്കുറവ്,വിഷാദം ഇവയെല്ലാം ഇത്തരം വേദനാ സംഹാരികളുടെ സൈഡ് എഫക്ടുകളാണ്. 

സംഭവത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ ഇത്തരം അശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് മില്‍ ഉടമകള്‍ പ്രതികരിക്കുന്നത്. എന്നാല്‍ മില്ലുകളില്‍ ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇരകളാക്കപ്പെടുന്ന സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. ദിണ്ടിഗല്ലില്‍ മാത്രം 130 കോട്ടണ്‍ മില്ലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലായി 90000 തൊഴിലാളികളാണ് ജോലി നോക്കുന്നത്. ഇവരില്‍ ഏറിയ പങ്കും വനിതകളാണ്. വേദന കടിച്ചമര്‍ത്തിയും ഗുളികകള്‍ കഴിച്ചും ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്നാണ് തമിഴ്നാട് ടെക്സ്റ്റെയില്‍ ആന്‍ഡ് കോമണ്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് എസ് ദിവ്യ പറയുന്നത്. 

വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും മില്ലില്‍ നിന്നുള്ള ജീവനക്കാരെന്നാണ് ദിണ്ടിഗല്ലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും പ്രതികരിക്കുന്നത്. 1990 കള്‍ വരെ പുരുഷ തൊഴിലാളികള്‍ സജീവമായിരുന്ന മേഖലകളില്‍ നിലവില്‍ സ്ത്രീ തൊഴിലാളികളുടെ കുത്തകയാണ്. തൊഴിലാളി സമരങ്ങളിലും മറ്റ് പരാതികളും പൊതുവെ കുറവായതാണ് മില്ലുകളിലേക്ക് സ്ത്രീ തൊഴിലാളികള്‍ കൂടുതലായി എത്താന്‍ കാരണമായി വിലയിരുത്തുന്നത്. 

click me!