
ഓരോ ജീവനും ജീവിതങ്ങളും വ്യത്യസ്തമാണ്. നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യനും പലതരം പരിമിതികളിലൂടെ കടന്നുപോകുന്നു. എങ്കിലും ജീവിതത്തെ എത്രത്തോളം മെച്ചപ്പെടുത്താൻ സാധിക്കുമോ അത്രയേറെ അതിനുവേണ്ടി പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു പെൺകരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ പേരാണ് ജിലുമോൾ മാരിയറ്റ് തോമസ്. ഇരുകൈകളും ഇല്ലാതെ ഫോർ വീലർ ലൈസൻസ് നേടുന്ന ആദ്യ ഇഷ്യക്കാരിയാണ് ജിലുമോൾ. ജന്മന ഇരുകൈകളും ഇല്ലാത്ത ജിലുമോൾ ആത്മവിശ്വാസം കൈവിടാതെ സാധാരണ മനുഷ്യരെ പോലെ തന്നെ ജീവിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കുടുംബവും കൂട്ടുകാരും തന്നെ ഏറെ പിന്തുണയ്ച്ചിട്ടുണ്ടെന്ന് ജിലുമോൾ പറയുന്നു. എന്നാൽ പരിമിതികൾ ഉള്ളവർക്ക് പരസഹായമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന ചിന്താഗതി പലർക്കുമുണ്ട്. ഇത്തരക്കാർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന വിശ്വാസം സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. സ്വന്തം കാര്യങ്ങൾ ചെയ്യണമെങ്കിലും, യാത്ര പോകണമെങ്കിലും മറ്റൊരാളുടെ സഹായം ആവശ്യമായി വരും. ഈ ഘട്ടത്തിലാണ് ചെറുപ്പം മുതലേ ഡ്രൈവിങ് ഇഷ്ടമുള്ള ജിലുമോൾക്ക് സ്വന്തമായി കാർ ഓടിക്കണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. എന്നാൽ സാധാരണ മനുഷ്യരെപോലെ അത്ര എളുപ്പത്തിൽ തനിക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ സാധിക്കില്ലെന്ന് ജിലുമോൾക്ക് അറിയാമായിരുന്നു.
ഇരുകൈകളും ഇല്ലാത്ത തന്നെ ഡ്രൈവിങ് പഠിക്കാൻ പോയ പലസ്ഥലങ്ങളിലും ആളുകൾ പിന്തുണയ്ക്കാൻ തയാറായില്ല. പലരും പിന്മാറുകയായിരുന്നുവെന്ന് ജിലുമോൾ പറയുന്നു. അങ്ങനെ എറണാകുളത്തുള്ള മരിയ ഡ്രൈവിങ് സ്കൂളിലെ ജോസഫ് ആശാൻ തന്നെ ഡ്രൈവിങ് പഠിപ്പിക്കാൻ തയാറായി മുന്നോട്ട് വന്നു. അപ്പോഴും ലൈസൻസ് നേടുക എന്നത് എളുപ്പമായിരുന്നില്ല. ഒടുവിൽ നിയമപോരാട്ടത്തിന് ഇറങ്ങാൻ തന്നെ ജിലുമോൾ തീരുമാനിച്ചു. ഇരുകൈകളും ഇല്ലാത്ത ആൾ എങ്ങനെ കാർ ഓടിക്കുമെന്ന് പലരും അതിശയത്തോടെ ചോദിച്ചിട്ടുണ്ട്. ചിലർ പിന്തിരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ അതിലൊന്നും തന്നെ തളരാതെ സധൈര്യം ജിലുമോൾ മുന്നോട്ട് പോയി. നമ്മുടെ ലക്ഷ്യങ്ങൾ നേരിടാൻ പലതരം വിഷമ ഘട്ടങ്ങളിലൂടെയും പോകേണ്ടി വരുമെന്ന് ജിലുമോൾ ഓർമ്മിപ്പിക്കുന്നു.
ലൈസൻസ് നേടിയത്
നിയമ സംവിധാനത്തിന്റെ പൂർണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ തന്റെ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ജിലുമോൾ ആദ്യം ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കാലതാമസം നേരിട്ടത്തോടെ സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ സമീപിക്കുകയായിരുന്നു. ഒടുവിൽ ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തനിക്ക് ലൈസൻസ് ലഭിച്ചുവെന്ന് സന്തോഷത്തോടെ ജിലുമോൾ പറയുന്നു. തനിക്കായി പ്രത്യേക സംവിധാങ്ങളോടെ ഒരുക്കിയ കാറിൽ തന്റെ സ്കില്ലുകൾ കാണിച്ചുകൊടുത്ത് നേടിയെടുത്ത അംഗീകാരമാണ് ഈ ഡ്രൈവിങ് ലൈസൻസ്. ആഗ്രഹങ്ങൾ നേടിയെടുക്കാൻ നമ്മൾ പരിശ്രമിച്ചാൽ അത് ഉറപ്പായും നമുക്ക് ലഭിക്കുമെന്ന ബോധ്യം അന്ന് എനിക്കുണ്ടായി.
ഇൻഡിപെൻഡന്‍റന്‍റായ നിമിഷം
മറ്റാരുടേയും സഹായം ഇല്ലാതെ സ്വന്തത്രമായി യാത്ര ചെയ്യാൻ തുടങ്ങിയ സമയത്താണ് താൻ ശരിക്കും ഇൻഡിപെൻഡന്റ് ആയെന്ന് തോന്നിയതെന്ന് ജിലുമോൾ അഭിമാനത്തോടെ പറയുന്നു. ആക്സിലറേറ്ററിന്റേയും ബ്രേക്കിന്റേയും പെടലുകൾ ഉയർത്തിവെച്ച്, വാഹനത്തിന്റെ സെക്കന്ററി കൺട്രോളുകൾ വോയിസ് കമാൻഡ് വഴി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് മാരുതി സെലേറിയോ കാർ ആണ് ജിലുമോൾ ഓടിക്കുന്നത്. തന്റെ സൗകര്യപ്രദത്തിന് ഒരുക്കിയതുകൊണ്ട് തന്നെ ഡ്രൈവിങ്ങിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. ഇരു കൈകളുമില്ലാത്ത താൻ കാർ ഓടിക്കുന്നത് അത്രയേറെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ആണെന്ന് ജിലുമോൾ പറയുന്നു.
ഗ്രാഫിക് ഡിസൈനറും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിലുമോൾ ഫൂട്ട് ആർട്ടിസ്റ്റ് കൂടെയാണ്. കാലുകൾ കൊണ്ട് കാർ ഓടിക്കുക മാത്രമല്ല നന്നായി ചിത്രം വരയ്ക്കാനും ജിലുമോൾക്ക് അറിയാം. പരിമിതികളെ തിരിച്ചറിഞ്ഞ് അതിനെ ആയുധമാക്കി മാറ്റുന്നിടത്താണ് ജീവിതം തുടങ്ങുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പരിമിതികൾ ഒരു തടസ്സമാകരുതെന്നും ജിലുമോൾ പറയുന്നു.
കുടുംബം
പപ്പയും മമ്മിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ജിലുമോളുടെ കുടുംബം. തനിക്ക് 4 വയസുള്ളപ്പോഴേ മമ്മി മരിച്ചു. പിന്നെ കൂട്ടായത് പപ്പയും സഹോദരിമാരും കുടുംബാംഗങ്ങളുമാണ്. താനൊരു ഭിന്നശേഷിക്കാരിയാണെന്ന തോന്നൽ വീട്ടിൽ നിന്നും അനുഭവപ്പെട്ടിട്ടില്ല. അത്തരമൊരു പരിഗണന ലഭിക്കാത്തതുകൊണ്ട് തന്നെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തയായെന്ന് ജിലുമോൾ പറയുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് പപ്പയും മരിച്ചു. ഇന്ന് തന്റെ ലക്ഷ്യങ്ങൾ കൈവരിച്ചുകൊണ്ട്, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടും അതിന്റെ സന്തോഷങ്ങൾ അനുഭവിച്ചറിഞ്ഞും ജിലുമോൾ ജീവിക്കുന്നു. ഒരു കാര്യമേ ജിലുമോൾക്ക് സമൂഹത്തിനോട് പറയാനുള്ളു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷകൾ കൈവിടരുത്. പ്രതീക്ഷകളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതിനിടയിൽ പലരും വന്നുപോകും. ചിലർ നമ്മളെ അടിച്ചമർത്തും. എങ്കിലും നിങ്ങളിൽ നിങ്ങൾക്ക് തന്നെ വിശ്വാസം ഉണ്ടാകണം. എങ്കിൽ മാത്രമേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളു.