കൊവിഡ് കാലമായതോടെ ജോലി പോയി, വീട് ജപ്തി ഭീഷണിയില്‍; തോറ്റുകൊടുക്കാന്‍ മനസില്ലെന്ന് ശാന്ത

Web Desk   | others
Published : Jun 13, 2020, 07:49 PM ISTUpdated : Jun 13, 2020, 09:21 PM IST
കൊവിഡ് കാലമായതോടെ ജോലി പോയി, വീട് ജപ്തി ഭീഷണിയില്‍; തോറ്റുകൊടുക്കാന്‍ മനസില്ലെന്ന് ശാന്ത

Synopsis

പ്രാർത്ഥന കഴിഞ്ഞാല്‍ പിന്നെ പ്രയാസങ്ങള്‍ മറക്കുന്നത് പാട്ടിലൂടെയാണ്. താളം ചോരാതെ, ആത്മാവറിഞ്ഞ് പാടും ഇവര്‍. തന്റെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും ഒക്കെ ഒരുനോക്ക് കാണണം എന്ന ആഗ്രഹമുണ്ട്. തൊട്ടടുത്ത നാടായിട്ട് പോലും മരിക്കും മുമ്പ് കലാഭവന്‍ മണിയെ കാണാനൊത്തില്ലല്ലോ എന്ന സങ്കടം എപ്പോഴും ശാന്തയ്ക്കുണ്ട്. അപ്പോഴൊക്കെ മണിയുടെ ഒരു പാട്ടങ്ങ് പാടി ആ ദുഖത്തിനെ മറക്കും

കൊവിഡ് 19ന്റെ വരവോടെ തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം രൂക്ഷമാവുകയാണ്. പലര്‍ക്കും ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു, വരുമാനം കുത്തനെയിടിഞ്ഞവരുണ്ട്, ഇനി മുന്നോട്ട് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയില്ലാത്തവരുണ്ട്. ഇക്കൂട്ടത്തിലൊരാളാണ് ആലുവ സ്വദേശി ശാന്ത അയ്യപ്പന്‍. 

കഴിഞ്ഞ പത്തുവര്‍ഷമായി ആലുവയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്ത് വരികയായിരുന്നു ശാന്ത. കൊവിഡ് കാലമായതോടെ ജോലി പോയി. ഭര്‍ത്താവ് നേരത്തേ മരിച്ചതാണ്, മകന്‍ കുടുംബമുപേക്ഷിച്ച് പോയി. മകള്‍ക്കും പേരക്കിടാവിനുമൊപ്പമാണ് ഇപ്പോള്‍ ജീവിതം. അവരുടെ ആശ്രയവും അറുപത്തിയഞ്ചുകാരിയായ ശാന്തയാണ്. 

മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ആകെയുള്ള നാല് സെന്റ് പുരയിടം ജപ്തി ഭീഷണിയിലാണ്. ജോലി പോയെന്നോര്‍ത്ത് വെറുതെയിരിക്കാനാവില്ലല്ലോ. മണ്‍വെട്ടിയും തൂമ്പയും പിക്കാസുമെല്ലാം എടുത്ത് സ്വന്തം സൈക്കിളില്‍ രാവിലെയിറങ്ങും ശാന്ത. പലയിടങ്ങളിലും പോയി പല ജോലികള്‍ ചെയ്യും. പെയിന്റിംഗ്, പറമ്പിലെ ജോലികള്‍, മരം വെട്ട് അങ്ങനെ പല ജോലികള്‍. ഏത് പ്രതിസന്ധിയിലും ജീവിതത്തോടുള്ള നിറഞ്ഞ പ്രതീക്ഷയാണ് ഇവരെ പിടിച്ചുനിര്‍ത്തുന്നത്.

'നമുക്കെപ്പോഴും മുപ്പത്തിയഞ്ച് വയസ് പ്രായം മതിയെന്നാണ് തോന്നുക. കാരണം ഈ കടബാധ്യതകളൊക്കെ തീര്‍ക്കണ്ടേ, അതിന് ജോലി ചെയ്യണ്ടേ, ലോണടച്ച് തീര്‍ക്കണ്ടേ, അപ്പോള്‍ ചെറുപ്പക്കാരിയാകണം. അതിന് ഞാന്‍ മുടിയൊക്കെ സ്വന്തമായി ഡൈ ചെയ്ത് വെട്ടി ടിപ് ടോക്ക് ആക്കിയേ നടക്കൂ...'- ശാന്ത പറയുന്നു. 

സെക്യൂരിറ്റി ജോലി ചെയ്യുന്ന സ്ത്രീകള്‍ വളരെ കുറവാണ്. എന്നാല്‍ തന്റേടത്തോടെ ആ ജോലി ചെയ്തിരുന്നയാളാണ് ശാന്ത. യൂണിഫോം ധരിച്ച് പോക്കറ്റില്‍ കയ്യുമിട്ട് കൂളിംഗ് ഗ്ലാസും വച്ച് താന്‍ നിന്നാല്‍ മുഖത്ത് വല്ലാത്ത ഗൗരവം തോന്നുമെന്ന് ആളുകള്‍ പറയാറുള്ളത് ശാന്ത ഓര്‍ക്കുന്നു. ഇപ്പോഴും ആ തന്റേടത്തില്‍ നിന്ന് ഒരു പടി ഇവര്‍ പിന്‍വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ തോറ്റുകൊടുക്കാന്‍ മനസില്ലാതെ ഇവര്‍ ഓട്ടം തുടരുകയാണ്. 

ഇടയ്ക്ക് കണ്ണിന് കാഴ്ച കുറഞ്ഞ് രണ്ട് വര്‍ഷത്തോളം ബുദ്ധിമുട്ടി. അന്ന് വടി കുത്തിയായിരുന്നു നടന്നിരുന്നത്. അതില്‍ നിന്നെല്ലാം രക്ഷനേടി ഇവിടെ വരെയെത്തി. എല്ലാം പ്രാര്‍ത്ഥനകളുടെ ഫലമാണെന്നാണ് ശാന്ത പറയുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ പ്രയാസങ്ങള്‍ മറക്കുന്നത് പാട്ടിലൂടെയാണ്. താളം ചോരാതെ, ആത്മാവറിഞ്ഞ് പാടും ഇവര്‍. തന്റെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും ഒക്കെ ഒരുനോക്ക് കാണണം എന്ന ആഗ്രഹമുണ്ട്. തൊട്ടടുത്ത നാടായിട്ട് പോലും മരിക്കും മുമ്പ് കലാഭവന്‍ മണിയെ കാണാനൊത്തില്ലല്ലോ എന്ന സങ്കടം എപ്പോഴും ശാന്തയ്ക്കുണ്ട്. അപ്പോഴൊക്കെ മണിയുടെ ഒരു പാട്ടങ്ങ് പാടി ആ ദുഖത്തിനെ മറക്കും. 

ദുരിതങ്ങള്‍ പലതുണ്ട്, പക്ഷേ അതെല്ലാം പറഞ്ഞ് പരാതിപ്പെടുന്നതിനെക്കാളും എല്ലാം നടക്കുമെന്ന പ്രത്യാശയോടെ ചിരിക്കുന്നതാണ് ശാന്തയ്ക്കിഷ്ടം. കൊവിഡ് കാലത്തെ അതിജീവനത്തിന് ഇതിലും നല്ല മാതൃകകള്‍ അവതരിപ്പിക്കാനാകില്ല. 

ഇവർക്ക് സഹായമെത്തിക്കാൻ...

Shantha Ayyappan

State bank of India

67226941773

IFSC : SBIN0070958

Muppathadam Branch

Ernakulam

വീഡിയോ കാണാം...

Also Read:- സർഫാസി നിയമം, ജപ്തി; ആത്മഹത്യ ചെയ്ത കശുവണ്ടി വ്യവസായി പണ്ട് തൊണ്ടയിടറി പറഞ്ഞത്...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി