ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രസവിച്ച് യുവതി; സഹായവുമായി മെഡിക്കല്‍ വിദ്യാര്‍ഥി

By Web TeamFirst Published Sep 16, 2022, 7:27 AM IST
Highlights

ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിക്കാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്  പ്രസവ വേദന അനുഭവപ്പെട്ടത്.  സത്യവതിയും ഭര്‍ത്താവ് സത്യനാരായണനും ഹൈദരാബാദില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. 

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രസവ വേദന അനുഭവിച്ച യുവതിക്ക് കൃത്യസമയത്ത് സഹായവുമായി മെഡിക്കല്‍ വിദ്യാര്‍ഥി. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്‌സ്പ്രസിലാണ് യുവതി ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. 23-കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി സ്വാതി റെഡ്ഡി കൃത്യസമയത്ത് യുവതിയുടെ രക്ഷകയായി എത്തുകയായിരുന്നു.

ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിക്കാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്  പ്രസവ വേദന അനുഭവപ്പെട്ടത്.  സത്യവതിയും ഭര്‍ത്താവ് സത്യനാരായണനും ഹൈദരാബാദില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. അടുത്തൊന്നും പ്രധാന സ്റ്റേഷനുകള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലായ സത്യനാരായണ്‍, ആ കംപാര്‍ട്‌മെന്റിലെ മറ്റ് സ്ത്രീകളുടെ സഹായം തേടുകയായിരുന്നു. 

അക്കൂട്ടത്തില്‍ സ്വാതി റെഡ്ഡിയും ഉണ്ടായിരുന്നു. എന്നാല്‍ സ്വാതി ഡോക്ടറാണെന്ന കാര്യമൊന്നും ആ സമയത്ത് സത്യനാരായണന് അറിയില്ലായിരുന്നു. വിളിച്ചയുടനെ ഓടിയെത്തിയ സ്വാതി കംപാര്‍ട്‌മെന്റില്‍ യുവതിയുടെ സീറ്റിന് സമീപം തുണികൊണ്ട് മറച്ച് പ്രസവ മുറിയാക്കി. ശേഷം വളരെ ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അത്യാവശ്യ മരുന്നുകള്‍ സ്വാതിയുടെ കൈവശമുണ്ടായിരുന്നതും സഹായമായി. 

 'ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സമയം പുലര്‍ച്ചെ ഒരു 4.30 ആയിക്കാണും. ആ സമയത്ത് ഒരാള്‍ എന്നെ വന്ന് തട്ടിവിളിച്ചു. അയാള്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു. തന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും സഹായിക്കാമോ എന്നും എന്നോട് ചോദിച്ചു. ഞാന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു'- സ്വാതി മാധ്യമങ്ങളോട് പറയുന്നു. 

എംബിബിഎസ് പൂര്‍ത്തിയാക്കിയ സ്വാതി നിലവില്‍ വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. എന്തായാലും ഇതോടെ സ്വാതിക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ്  സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 

Also Read: താര കല്യാണിന് സർജറി; പ്രാർത്ഥന ആവശ്യപ്പെട്ടും നന്ദി അറിയിച്ചും സൗഭാഗ്യ

click me!