ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; ഹൃദയഭേദകമായ അനുഭവം പങ്കിട്ട് ഈ അമ്മ...

Published : Nov 26, 2022, 03:22 PM IST
ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; ഹൃദയഭേദകമായ അനുഭവം പങ്കിട്ട് ഈ അമ്മ...

Synopsis

''അവളോടൊപ്പമുള്ള 17 വര്‍ഷങ്ങള്‍ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഞാൻ തകര്‍ന്നുപോയിരിക്കുന്നു. ചിതറിപ്പോയിരിക്കുന്നു. എവിടെയാണ് എന്‍റെ കുഞ്ഞ്? എന്‍റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ടുപോയത് പോലെ...''


അമ്മമാര്‍ക്ക് മക്കളെന്നാല്‍ അവരെത്ര വളര്‍ന്നവരായാലും തങ്ങളുടെ ഒരു ഭാഗം തന്നെയാണ്. ശരീരം കൊണ്ടും മനസുകൊണ്ട് അത് അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ടാകാം മക്കള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോഴേക്ക് അമ്മമാര്‍ തളര്‍ന്നുപോകുന്നതും. കാരണം അത് തനിക്ക് സംഭവിച്ചാല്‍ എങ്ങനെയെന്ന നിലയില്‍ തന്നെയാണ് ഇവരെ ബാധിക്കുന്നത്.

ഇപ്പോഴിതാ ഒരമ്മയുടെ ഹൃദയഭേദകമായ അനുഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ജെയ്മി എറിക്സണ്‍ എന്ന സ്ത്രീയുടെ അസാധാരണമായ അനുഭവം ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്. കാനഡയിലെ ആല്‍ബര്‍ട്ട സ്വദേശിയാണ് ജെയ്മി. പാരമെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരികയാണിവര്‍.

നവംബര്‍ പതിനഞ്ചിന് തന്‍റെ ജോലിയില്‍ സാധാരണമായി സംഭവിക്കാറുള്ളത് പോലെ തന്നെ ഒരു വാഹനാപകടത്തില്‍ പരുക്കേറ്റവരെ അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ കൂടെ നില്‍ക്കുന്നതിനായി ജെയ്മി അപകടസ്ഥലത്തേക്ക് തിരിച്ചു. വലിയൊരു കാറപകടമായിരുന്നു അത്. 

കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കാറില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയെ പുറത്തെടുക്കുന്നതിനും മറ്റും ജെയ്മി സഹായമായി നിന്നിരുന്നു. ഇതിന് ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റുന്നത് വരെ അവര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം വരുന്ന  ജോലിക്ക് ശേഷം അവര്‍ തിരികെയെത്തി.

ജോലിസമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജെയ്മി അവിടെയത്തിയപ്പോള്‍ കണ്ടത് പൊലീസിനെയാണ്. ജെയ്മിയുടെ പതിനേഴ് വയസുള്ള മകള്‍ മൊണ്ടാന കാറപകടത്തില്‍ പെട്ടിരിക്കുന്നുവെന്നതായിരുന്നു പൊലീസിന് അറിയിക്കാനുണ്ടായിരുന്ന മോശം വാര്‍ത്ത.

വൈകാതെ തന്നെ അവര്‍ തിരിച്ചറിഞ്ഞു, കാറപകടത്തില്‍ പരുക്കേറ്റ രക്തത്തില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടി തന്‍റെ മകള്‍ മൊണ്ടാനയായിരുന്നു. സാധാരണഗതിയില്‍ വലിയ അപകടം നടന്ന സ്ഥലത്ത് അപകടത്തില്‍ പെട്ടവരെ പെട്ടെന്ന് തിരിച്ചറിയുക അസാധ്യമാണ്. പ്രത്യേകിച്ച് ഒരുപാട് പരുക്കുകളുണ്ടെങ്കില്‍. ഇതുതന്നെയാണ് ഇവര്‍ക്കും സംഭവിച്ചത്. 

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടുവെങ്കിലും മൊണ്ടാനയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. വൈകാതെ തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. 

ഇതിന് ശേഷം മൊണ്ടാനയെ അനുസ്മരിക്കുന്ന ചടങ്ങില്‍ വച്ച് ജെയ്മി പറഞ്ഞ വാക്കുകള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടിയത്. 

'അതിസുന്ദരിയായിരുന്നു എന്‍റെ മകള്‍. അതിസുന്ദരി. എന്ത് കാര്യവും അവള്‍ വിചാരിച്ചാല്‍ നടും, വിജയം കാണും. അത്രയും മിടുക്കി. മരിക്കുമെന്ന് ഉറപ്പാക്കിയ,അത്രയും പരുക്കുകളോടെ എന്‍റെ കൈകളിലൂടെ കടന്നുപോയത് അവള്‍ തന്നെ ആയിരുന്നു. എന്‍റെ ചോര, എന്‍റെ മാംസം. ഞാൻ തന്നെ. അവളോടൊപ്പമുള്ള 17 വര്‍ഷങ്ങള്‍ക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഞാൻ തകര്‍ന്നുപോയിരിക്കുന്നു. ചിതറിപ്പോയിരിക്കുന്നു. എവിടെയാണ് എന്‍റെ കുഞ്ഞ്? എന്‍റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ടുപോയത് പോലെ. ചിതറിപ്പോയതെല്ലാം പെറുക്കിക്കൂട്ടി ഞാനിനി മുന്നോട്ടുപോകണം...'- ജെയ്മിയുടെ വാക്കുകള്‍ ഏവരെയും നൊമ്പരപ്പെടുത്തി. 

സംസാരിക്കുന്നതിനിടെ മകളെ കുറിച്ചോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഈ അമ്മയുടെ ചിത്രവും വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 

Also Read:- ഓണ്‍ലൈൻ കാമുകനെ കാണാൻ 5,000 കി.മീ യാത്ര ചെയ്തെത്തിയ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി