ജനനസർട്ടിഫിക്കറ്റിൽ അമ്മ സഹദ്, അച്ഛൻ സിയ; പേര് മാറ്റില്ലെന്ന് കോർപ്പറേഷൻ; പൊളിച്ചടുക്കിയ ട്രാൻസ്ജെൻഡർ പോരാട്ടം

Published : Jun 04, 2025, 02:12 PM ISTUpdated : Jun 04, 2025, 02:14 PM IST
ജനനസർട്ടിഫിക്കറ്റിൽ അമ്മ സഹദ്, അച്ഛൻ സിയ; പേര് മാറ്റില്ലെന്ന് കോർപ്പറേഷൻ; പൊളിച്ചടുക്കിയ ട്രാൻസ്ജെൻഡർ പോരാട്ടം

Synopsis

ട്രാൻസ് ദമ്പതികളുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ 'അച്ഛൻ' 'അമ്മ' എന്നതിന് പകരം 'രക്ഷിതാക്കൾ' എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട കേസ് വാദിച്ച അഡ്വ. പദ്മ ലക്ഷ്മി പറയുന്നു. 

കുഞ്ഞിന്റെ ജനന ജനനസർട്ടിഫിക്കറ്റിൽ 'അച്ഛൻ, 'അമ്മ' എന്നീ പേരുകൾക്ക് പകരം 'രക്ഷിതാക്കൾ' എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരുന്നു. സഹദ് (ട്രാൻസ്‌മെൻ) സിയ (ട്രാൻസ് വുമൺ) എന്നിവരാണ് ഹർജി നൽകിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ജനനസർട്ടിഫിക്കറ്റ് നൽകിയപ്പോൾ മാതാവിന്റെ പേര് സഹദ് എന്നും പിതാവിന്റെ പേര് സിയാ എന്നുമാണ് കൊടുത്തിരുന്നത്. പേര് മാറ്റാൻ കോഴിക്കോട് കോർപറേഷനോട് ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ ഇത് നിരസിക്കുകയായിരുന്നു. 

ജീവശാസ്ത്രപരമായി കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുന്നത് സ്ത്രീക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാൻ കഴിയില്ലെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചത്. ഇതേത്തുടർന്നാണ് ട്രാൻസ് ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

2023ൽ തുടങ്ങിയ കേസിൽ പലതരം വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്നുവെന്ന് കേസ് വാദിച്ച ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായ അഡ്വക്കേറ്റ് പദ്മ ലക്ഷ്മി പറയുന്നു. കേസിന്റെ ആദ്യഘട്ടം മുതൽ സർക്കാർ ഇതിന് എതിരായിരുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തെ അംഗീകരിക്കുകയും അവർക്ക് വേണ്ട എല്ലാവിധ ആവശ്യങ്ങളും പരിഗണിക്കുമെന്നും ഉറപ്പ് നൽകിയ സംസ്ഥാനത്താണ് ഇത് സംഭവിച്ചതെന്നത് ആരിലും അതിശയം ഉണ്ടാക്കാം. എന്നാൽ ഇത്തരത്തിൽ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഇനിയും പരിഹരിക്കാനുണ്ടെന്ന് അഡ്വ. പദ്മ ലക്ഷ്മി പറയുന്നു. 

ഒരു കുടുംബമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. ട്രാൻസ് വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ അവർക്കൊരു കുഞ്ഞ് ജനിക്കുക എന്നത് അത്രയേറെ പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ്. കാരണം ഇപ്പോഴും കുട്ടികളെ ദത്തെടുക്കുന്നത് ട്രാൻസ്ജെൻഡേഴ്സിന് സാധ്യമല്ല. അത്തരമൊരു സാഹചര്യത്തിൽ ട്രാൻസ് ദമ്പതികളായ സഹദിന്റെയും സിയയുടെയും തീരുമാനം മാതൃകപരമാണ്. സഹദിനും സിയയ്ക്കും അനുകൂലമായി വന്ന ഹൈക്കോടതി വിധി നാളെ മറ്റൊരു ട്രാൻസ് ദമ്പതികൾക്കും മുന്നോട്ട് വരാൻ പ്രചോദനം നൽകുന്നതാണ്. ഇതോടെ സഹദിനും സിയയ്ക്കും ഒരു കുടുംബത്തെ രൂപീകരിക്കാൻ സാധിച്ചു. അവർക്കിപ്പോൾ ഒരു ജീവിത ലക്ഷ്യമുണ്ട്. ഇത് അവരെ മുന്നോട്ട് പോകാൻ കൂടുതൽ പ്രചോദനം നൽകുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തെ സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ല. ഇതിനെ ചരിത്ര വിജയമായാണ് കാണുന്നതെന്നും പദ്മ ലക്ഷ്മി പറയുന്നു.

ട്രാൻസ്ജെൻഡർ വിഭാഗക്കാർ കൂടുതലും വിവേചനം നേരിടുന്നത് തൊഴിലിടങ്ങളിലാണ്. അഭിമുഖത്തിന് പോയി കഴിഞ്ഞതിന് ശേഷം അവരുടെ വ്യക്തിത്വം എന്താണെന്ന് തിരിച്ചറിയുമ്പോൾ മതിയായ എക്സ്പീരിയൻസ് ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കും. ട്രാൻസ് സമൂഹം പ്രധാനമായും നേരിടുന്ന വിഷയവും ജോലിയില്ലായ്മ തന്നെയാണ്. പഠനത്തിനും മറ്റ് സഹായങ്ങൾക്കുമായി സർക്കാർ നൽകുന്ന നിരവധി പദ്ധതികൾ ഉണ്ട്. എന്നാൽ ജെൻഡർ വ്യക്തമാക്കേണ്ടി വരുമ്പോൾ അവിടെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ട്രാൻസ്ജെൻഡർമാർ നേരിടേണ്ടതായി വരുന്നുവെന്നും പദ്മ ലക്ഷ്മി പറയുന്നു. 

ജോലിയില്ലാതെ ജീവിക്കാൻ ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ പോലും ലഭിക്കാതെ വരുമ്പോൾ പലരും ഒറ്റപ്പെടുന്നു. ഇത് ആത്മഹത്യ ചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സമഗ്ര നയങ്ങൾ രൂപീകരിച്ച കേരളത്തിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കുന്നു. ഇത് കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. കൂടുതൽ അനുകൂലമായ വിധികൾ ഇനിയുമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും പദ്മ ലക്ഷ്മി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍