എച്ച്എൽഎല്ലിന്‍റെ 'തിങ്കൾ' പദ്ധതി: ഒറ്റ വർഷത്തിൽ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യുക 3 ലക്ഷം ആർത്തവ കപ്പുകൾ

Published : May 26, 2025, 06:31 PM IST
എച്ച്എൽഎല്ലിന്‍റെ 'തിങ്കൾ' പദ്ധതി: ഒറ്റ വർഷത്തിൽ കേരളത്തിൽ സൗജന്യമായി വിതരണം ചെയ്യുക 3 ലക്ഷം ആർത്തവ കപ്പുകൾ

Synopsis

എച്ച്എൽഎല്ലിന്റെ 'തിങ്കൾ' പദ്ധതിയിലൂടെ കേരളത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും

തിരുവനന്തപുരം: എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് നടപ്പിലാക്കുന്ന 'തിങ്കൾ' പദ്ധതിയിലൂടെ കേരളത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകൾ (മെൻസ്ട്രൽ കപ്പുകൾ) സൗജന്യമായി വിതരണം ചെയ്യും. ആര്‍ത്തവ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ 'തിങ്കൾ' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരുമായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നതെന്ന് എച്ച് എൽ എൽഅധികൃതർ അറിയിച്ചു. 

എച്ച് എൽ എൽ ഇതുവരെ സംസ്ഥാനത്ത് ആകെ 8 ലക്ഷം ആര്‍ത്തവ കപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്നു ലക്ഷം ആര്‍ത്തവ കപ്പുകൾ കൂടി വിതരണം ചെയ്യുന്നതോടെ 'തിങ്കൾ' പദ്ധതി വഴി കേരളത്തിൽ വിതരണം ചെയ്യുന്ന ആകെ ആർത്തവ കപ്പുകളുടെ എണ്ണം 11 ലക്ഷമായി ഉയരും. എച്ച് എൽ എല്ലിന്റെ മുൻകാല ശ്രമങ്ങൾ എറണാകുളത്തെ കുമ്പളങ്ങി പഞ്ചായത്തും തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തും സാനിറ്ററി നാപ്കിൻ രഹിത ഗ്രാമങ്ങളായി മാറ്റിയെടുത്തിട്ടുണ്ടെന്ന് എച്ച് എൽ എൽന്‍റെ അനുബന്ധ സ്ഥാപനമായ എച്ച് എൽ എൽ മാനേജ്മെന്റ് അക്കാദമിയിലെ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ. കൃഷ്ണ എസ് എച്ച് പറഞ്ഞു. 

2022 ൽ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കുമ്പളങ്ങി പഞ്ചായത്തിനെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. 2024 ൽ തിരുവനന്തപുരം എം പി ശശി തരൂർ കള്ളിക്കാട് പഞ്ചായത്തിനെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമമായി പ്രഖ്യാപിച്ചു. കുമ്പളങ്ങി, കള്ളിക്കാട് പഞ്ചായത്തുകളിൽ ഏകദേശം 5,000 ആർത്തവ കപ്പുകൾ വീതം 'തിങ്കൾ' പദ്ധതി വഴി വിതരണം ചെയ്തിരുന്നുവെന്ന് ഡോ. കൃഷ്ണ കൂട്ടിച്ചേർത്തു. 2018-ലെ വെള്ളപ്പൊക്ക സമയത്ത് ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ് 'തിങ്കൾ' പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വെള്ളപ്പൊക്ക സമയത്ത് സാനിറ്ററി നാപ്കിനുകൾ സംസ്കരിക്കുന്നതിനായി എച്ച് എൽ എൽ മുനിസിപ്പാലിറ്റിക്ക് ഒരു ഇൻസിനറേറ്റർ നൽകിയിരുന്നെങ്കിലും, അതിലൂടെ സാനിറ്ററി നാപ്കിൻ മാലിന്യത്തിന് ശാശ്വത പരിഹാരമായില്ല. 

പിന്നീട്, എച്ച് എൽ എൽ 'തിങ്കൾ' പദ്ധതി നടപ്പിലാക്കുകയും മുനിസിപ്പാലിറ്റിയിൽ ഏകദേശം 5,000 ആര്‍ത്തവ കപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ബോധവൽക്കരണ ക്ലാസുകളില്ലാതെ പദ്ധതി നടപ്പിലാക്കിയപ്പോൾ ആര്‍ത്തവ കപ്പുകളുടെ സ്വീകാര്യത നിരക്ക് 20 ശതമാനമായിരുന്നുവെന്ന് ഡോ. കൃഷ്ണ ചൂണ്ടികാട്ടി. പിന്നീട്, മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ ആര്‍ത്തവ കപ്പുകൾ ഉപയോഗിക്കാനുള്ള പരിശീലന ക്ലാസ്സുകളും ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകളും ഗുണഭോക്താകൾക്കുവേണ്ടി സംഘടിപ്പിച്ചു. കൂടാതെ, ആര്‍ത്തവ കപ്പുകൾ വിതരണം ചെയ്തതിന് ശേഷം, കപ്പുകൾ ഉപയോഗിച്ചവരും ഉപയോഗിക്കാൻ വിമുഖത പ്രകടിപ്പിച്ചവരും തമ്മിൽ പരസ്പരം സംവദിക്കാൻ ഒരു വേദിയും ഒരുക്കി. ഇത്തരം പ്രവർത്തനങ്ങൾ ആര്‍ത്തവ കപ്പിന്റെ സ്വീകാര്യത നിരക്ക് 91.5 ശതമാനമായി ഉയർത്തി. മെൻസ്ട്രൽ കപ്പിന് ഉയർന്ന സ്വീകാര്യത നിരക്ക് ഉറപ്പാക്കുന്ന നടപടിക്രമങ്ങളാണ് 'തിങ്കൾ' പദ്ധതിയുടെ വിജയ രഹസ്യമെന്നും ഡോ. കൃഷ്ണ പറഞ്ഞു.

നിലവില്‍ കേരളത്തിനു പുറമെ ഹരിയാന, തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. എച്ച് എൽ എൽ എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശുകളിലും കൂടി ഇതുവരെ 10.73 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 10.73 ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുക വഴി 20000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ 0.1 മില്യൻ ടണ്‍ വരെ കുറയ്ക്കാനും സാധിച്ചു.

എച്ച് എൽ എൽ ആര്‍ത്തവ കപ്പ് പുനഃരുപയോഗിക്കാവുന്നതും രാജ്യാന്തര ഗുണമേന്മ മാനദണ്ഡമായ എഫ് ഡി എ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതുമാണ്. കുറഞ്ഞത് 5 വര്‍ഷം വരെ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കാനാകും. സാനിറ്ററി നാപ്കിനുകള്‍ക്കും ഡിസ്‌പോസിബിള്‍ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ക്കും സുരക്ഷിതമായ ബദലായി ആര്‍ത്തവ കപ്പുകളെ കണക്കാക്കപ്പെടുന്നു. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തില്‍ ആര്‍ത്തവ കപ്പുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും. തിങ്കൾ എന്ന ബ്രാഡിനു പുറമേ, എച്ച് എൽ എൽ വെല്‍വെറ്റ്' എന്ന ബ്രാന്‍ഡിലും കൂള്‍ കപ്പ്' എന്ന ബ്രാന്‍ഡിലും  ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മെമ്പർ ഓഫ് റോഡ് റേസറാണ്; റേസിങ്ങിലും ജനപ്രതിനിധിയായും തിളങ്ങാനൊരുങ്ങി പാലക്കാരി റിയ
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്