Latest Videos

'നിറത്തിലല്ല കാര്യം, ആത്മവിശ്വാസം മതി'; ഇത് മത്സ്യത്തൊഴിലാളിയുടെ മകള്‍ മിസിസ് ഇന്ത്യയുടെ വേദിയിലെത്തിയ കഥ

By Anooja NazarudheenFirst Published Mar 8, 2024, 1:09 AM IST
Highlights

ഈ വനിതാ ദിനത്തില്‍ മിസിസ് ഇന്ത്യ മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ ഇടം നേടിയ നിമ്മി വിയേഗസ് തന്‍റെ ജീവിതവിജയത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു. 

'അമ്മയുടെയും ചേച്ചിയുടെയും വെളുത്ത  നിറം തനിക്ക് കിട്ടാത്തതിന്‍റെ പേരില്‍ കുട്ടിക്കാലത്ത് കേട്ട പരിഹാസങ്ങള്‍ക്ക് കണക്കില്ലായിരുന്നു. നീ അച്ഛനെ പോലെ കറുത്തിട്ടാണല്ലോ എന്ന വാക്കുകള്‍ പലപ്പോഴും കുത്തിനൊവിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടും നീ വെളുത്തില്ലല്ലോടീ എന്ന പരിഹാസം ഇപ്പോഴും തുടരുന്നു'.  

നിറത്തിന്റെ പേരിലും രൂപത്തിന്‍റെ പേരിലും തന്നെ ഇത്തരത്തില്‍ പരിഹസിച്ച ആളുകളോട് നിമ്മി വിയേഗസിന്‍റെ മധുരപ്രതികാരമാണോ ഇത്തവണത്തെ മിസിസ് ഇന്ത്യയുടെ വേദിയെന്ന് ചിന്തിച്ചുപോകും. അതേ, 2024 മേയ് മാസത്തില്‍ നടക്കാന്‍ പോകുന്ന മിസിസ് ഇന്ത്യ മത്സരത്തിന്‍റെ അവസാന റൗണ്ടില്‍ ഇടം നേടിയിരിക്കുകയാണ് കൊച്ചി ചെറായി സ്വദേശി നിമ്മി വിയേഗസ്. നെതര്‍ലൻഡ്​സില്‍ ഓ‌യില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് 38കാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ നിമ്മി മിസിസ് ഇന്ത്യയുടെ വേദിയിലെത്തുന്നത്. 

ചെറായിയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക്... 

ചെറായി എന്ന കടലോര പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ സുഗേഷ് ബാബുവിന്‍റെയും വീട്ടമ്മയായ ഷീല ബാബുവിന്‍റെയും രണ്ടാമത്തെ മകള്‍.  മലയാളം മീഡിയം സ്‌കൂളിലായിരുന്നു പഠനം. മുനമ്പം സെന്‍റ് മേരീസ് സ്‌കൂള്‍, പറവൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചത്. നന്നായി പഠിക്കുമായിരുന്നു. അങ്ങനെയാണ് കോയമ്പത്തൂരിലേയ്ക്ക് ഉപരി പഠനത്തിനായി പോയത്. അവിടെ ബാച്ചിലേഴ്‌സ് ഓഫ് കംപ്യൂട്ടര്‍ സയന്‍സാണ് പഠിച്ചു.  ഇന്ന് ലണ്ടണില്‍ പോകുന്ന പോലെയായിരുന്നു അന്ന് കോയമ്പത്തൂര് പോയി പഠിക്കുന്നത്. 

സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ച നാളുകള്‍... 

മലയാളം മീഡിയം പഠിച്ചതിന്‍റെ ബുദ്ധിമുട്ടുകള്‍ ഹൈസ്‌കൂള്‍ മുതലേ എനിക്ക് ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ ആദ്യം കുറച്ച്  ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും പിന്നീട് എല്ലാം പഠിച്ചു. അവിടെ നിന്നും ദില്ലി യൂണിവേഴ്സിറ്റിയിലേയ്ക്ക് പഠിക്കാന്‍ പോയി. അവിടെ കാമ്പസ് ഇന്റര്‍വ്യൂ വഴി ഇന്‍ഫോസിസിലേയ്ക്ക് ട്രെയിനിയായി ജോലിക്ക് കയറി. ജോലിയുടെ ഭാഗമായി പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ഇതിനിടെ മലേഷ്യയില്‍ വെച്ചാണ് ജീവിതപങ്കാളിയെയും കണ്ടെത്തുന്നത്. അദ്ദേഹം ഇന്‍ഫോസിസില്‍ കണ്‍സള്‍ട്ടന്‍റന്‍റായിരുന്നു. 

വിവാഹം, കുട്ടികള്‍, ജോലി... 

2009-ലായിരുന്നു പോർച്ചുഗീസുകാരനായ വിയേഗസുമായുള്ള വിവാഹം. ഇപ്പോള്‍ 14, 11, 6 വയസ്സുകാരായ മൂന്ന് മക്കളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷമായി നെതര്‍ലൻഡ്​സിലാണ് താമസം. അവിടെ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയിലാണ് ജോലി. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. 

നെതര്‍ലൻഡ്​സില്‍ നിന്നും മിസിസ് ഇന്ത്യ മത്സര വേദിയിലേയ്ക്ക്... 

ഒട്ടും പ്രതീക്ഷിക്കാതെയാണ്  മിസിസ് ഇന്ത്യ  മത്സര വേദിയിലെത്തുന്നത്. ഫേസ്ബുക്കിലൂടെ ഇതിനെ കുറിച്ച് കണ്ടപ്പോള്‍ വെറുതേ അപ്ലൈ ചെയ്തതാ. കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കുറച്ച് നാള്‍ക്ക് ശേഷം കോള്‍ വന്നപ്പോള്‍ ശരിക്കും ഞെട്ടി. പിന്നീട് ഓഡിഷനും അഭിമുഖവുമൊക്കെ ഉണ്ടായിരുന്നു. ശേഷം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഭര്‍ത്താവും കുട്ടികളുമാണ് വലിയ പിന്തുണ നല്‍കുന്നത്.

നിറത്തെ പരിഹസിച്ചവര്‍ക്കുള്ള മറുപടി... 

ചെറുപ്പത്തില്‍ നിറത്തിന്‍റെ പേരില്‍ നിരവധി പരിഹാസങ്ങള്‍ നേരിട്ടിരുന്നു. അമ്മയും ചേച്ചിയും വെളുത്തിട്ടാ. ഞാന്‍ അച്ഛന്‍റെ വീട്ടുകാരെ പോലെയും. അമ്മയുടെയും ചേച്ചിയുടെയും നിറം എനിക്ക് ഇല്ലാത്തതിന്‍റെ പേരിലും മെലിഞ്ഞിരിക്കുന്നതിന്‍റെ പേരിലും ഒരുപാട് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ആളുകള്‍ കൂടുന്നിടത്ത് പോകാന്‍ തന്നെ മടിയായിരുന്നു.  എന്നെ അതൊക്കെ ബാധിച്ചു എന്ന് മനസിലാക്കിയത് തന്നെ വൈകിയാണ്. ഇപ്പോള്‍ ഇത്തരം കമന്‍റുകളൊന്നും തളര്‍ത്താറില്ല. 

 

മാറ്റം ഇനിയും വേണം... 

ഇപ്പോഴും പൂര്‍ണ്ണമായി ആളുകളില്‍ മാറ്റമുണ്ടെന്ന് തോന്നുന്നില്ല. നാട്ടില്‍ കുട്ടികളെ കൊണ്ടുവരുമ്പോള്‍‌ പോലും നിറത്തിന്‍റെ പേരിലുള്ള ആളുകളുടെ ചിന്ത മനസിലാകാറുണ്ട്. കുട്ടികള്‍ വെളുത്ത നിറത്തിലായത് കൊണ്ട് ഇവര്‍ എന്‍റെ മക്കള്‍ തന്നെയാണോ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ച അനുഭവങ്ങളുമുണ്ട്. 

ആത്മവിശ്വാസമാണ് എല്ലാം...

ബാഹസൗന്ദര്യമല്ല,  ആത്മവിശ്വാസം ആണ് എന്‍റെ കരുത്ത്. ഇവിടം വരെ എന്നെ കൊണ്ടു എത്തിച്ചതും എനിക്ക് എനിലുള്ള ആത്മവിശ്വാസമാണ്. പരിഹാസങ്ങളില്‍ തളരാതെ ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍  കഴിയുമെന്ന സന്ദേശം യുവതലമുറയ്ക്കും നല്‍കണമെന്നതാണ് ഈ വേദി കൊണ്ട്  ഉദേശിക്കുന്നത്. 

വനിതാ ദിനത്തില്‍ പറയാനുള്ളത്... 

നിറമോ രൂപമോ ജാതിയോ മതമോ പണമോ ഒന്നും നിങ്ങളെ വിലയിരുത്താനുള്ള അളവുകോല്‍ അല്ല. നിങ്ങളുടെ ഉള്ളില്‍ ഉള്ള ആത്മവിശ്വാസം ആണ് നിങ്ങളുടെ സൗന്ദര്യം. നിങ്ങളുടെ വ്യക്തിത്വം, അത് ആര്‍ക്ക് വേണ്ടിയും മാറ്റരുത്.

youtubevideo

click me!