
തറവാട്ടിലേയ്ക്കുള്ള വഴി തീർത്തും അപരിചിതമായി കഴിഞ്ഞിരുന്നു. തെങ്ങുകളുടെയും കവുങ്ങുകളുടേയും എതിരേൽപ്പില്ല. മഞ്ഞ കോളാമ്പിചെടികളുടെ പുഷ്പവൃഷ്ടിയില്ല. ഇടവഴിയിലൂടെ ചുറ്റിയെത്തുന്ന കാറ്റില്ല.
പേരറിയാത്ത, അനേകമനേകം പാഴ്മരങ്ങൾക്കിടയിലൂടെ, നൂർത്തിറങ്ങി പോകാൻ കഴിയുന്നൊരു വഴി.അത്രേയുള്ളൂ. വഴിയുടെയറ്റത്ത് ഓടിളകിയും കഴുക്കോൽ ഒടിഞ്ഞും അടർന്നു തുടങ്ങിയ ചുമരുമായി വീട് നിന്നു. മുറ്റം നിറയെ മരങ്ങൾ ഇല പൊഴിച്ചിട്ടിരുന്നു. ആ പിച്ചിപടർപ്പാണ് ആദ്യം തിരഞ്ഞത്. സന്ധ്യയിൽ കിടപ്പറയിൽ, പൂജാമുറിയിലൊക്കെ സുഗന്ധം പടർത്തിയ പിച്ചി. വേരറ്റു വീണിട്ടും രണ്ടു മൊട്ടുകൾ ഇലചാർത്തിലുണ്ട്...മണ്ണിൽ പൊഴിഞ്ഞു വീണ ഒന്നോ രണ്ടോ പൂക്കൾ. വെറുതെയെടുത്ത് മണത്തു നോക്കി. കുട്ടിക്കാലം ഒന്നാകെ ആ പൂമൊട്ടിലൊളിച്ച പോലെ....!
അമ്മയുടെ വീടാണ്.
ആ ഇറയത്തിരുന്നെത്രയോ മഴ കണ്ടിരിക്കുന്നു. അടുപ്പിൽ വെന്തു വേവുന്നതിന്റെയൊക്കെ മണം നിറഞ്ഞിരുന്ന വരാന്തകൾ. വാതിൽ താഴിട്ടു പൂട്ടിയിരുന്നു.
ചാരുപടിയിൽ കയറിയിരുന്നു ആദ്യം വിളിച്ചത് അമ്മയേയാണ്.
"അമ്മേ, ഞാൻ വീടു കണ്ടു പിടിച്ചു...." എന്റെ സ്വരത്തിലെ ആഹ്ളാദം കണ്ടിട്ടാവണം അമ്മ ആവേശത്തോടെ ചോദിച്ചു.
"എടാ ആ പ്ലാവ് അവിടെയുണ്ടോ. അതിരിലെ കപ്പിലു മാങ്ങ ഉണ്ടാവുന്ന മാവ്....പിന്നെ രാത്രിയിൽ പൂക്കുന്നൊരു ചെടി...."
വളരെ കാലങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സുഹൃത്തുക്കളെ തിരയുന്നത് പോലെയായിരുന്നു അമ്മ.
"ചക്കയുണ്ടാകുമ്പോ ചക്ക പുഴുക്ക്, ഇടിചക്ക തോരൻ അത് മാത്രേ കാണു. പ്ലാവിൽ നിന്നും ചക്കയിട്ടാൽ വീട്ടിൽ പിന്നെയൊരു ബഹളമാണ്.
"നീയോർക്കുന്നുണ്ടോ, വല്ല്യ അവധിയ്ക്ക് രണ്ടു മാസം നീയവിടെയായിരിക്കും. സ്കൂൾ പൂട്ടുന്നയന്ന് നിന്നെ കൊണ്ടോവാൻ അപ്പുണ്ണി വരും. "
പറഞ്ഞു പറഞ്ഞു അമ്മയുടെ സ്വരം നേർത്തതു പോലെ. വാക്കിലൊരു ഇടർച്ച...
"ഞാൻ വെയ്ക്കുന്നു. അച്ഛൻ ഉണ്ണാൻ വന്നു. നേരം വൈകുന്നതിന് മുൻപ് ഇറങ്ങാൻ നോക്കണം...."
ഫോൺ ഡിസ്കണക്ടായി...
തികച്ചും അവിചാരിതമായിട്ടാണ്, ഇൻസ്റ്റായിലെ ഒരു റീലിൽ 90ലെ ഒരു പാട്ടിന്റെ അകമ്പടിയോടെ ഒരു പഴഞ്ചൻ വീടിന്റെ വീഡിയോ കാണുന്നത്. കണ്ടു മറന്നൊരു ചിത്രം പോലെ തോന്നി. അമ്മയെ കാണിച്ചപ്പോൾ അമ്മ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
"നമ്മുടെ വീടാണിത്...!"
നമ്മുടെ വീട്.!
കുട്ടിക്കാലങ്ങളെ സമൃദ്ധമാക്കിയ വീട്...ഞാൻ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഭാഗംവെപ്പ് നടക്കുന്നത്. ഉള്ളതിൽ ഏറ്റവും കുറവ് അമ്മയ്ക്കായിരുന്നു. അതിനു കാരണവും അമ്മാമ്മൻമാർ പറഞ്ഞു.
"ഗീതചേച്ചിയ്ക്ക് ഇഷ്ടം പോലെ സ്വർണം കൊടുത്താ കെട്ടിച്ചേ..."
അമ്മ മറുപടി പറഞ്ഞില്ല.
കിഴക്കേ വരാന്തയുടെയറ്റത്തെ അമ്മയുടെ മുറിയിൽ അമ്മയന്ന് ഏറെ നേരമിരുന്നു. ജനാല തുറക്കുന്നത് മരക്കൂട്ടങ്ങളുടെ നിഴൽ വീണ തൊടിയിലേയ്ക്കാണ്. ജനാലയിൽ പടർന്നു കയറിയ അരിമുല്ല. മുറിയിൽ വളകളും കമ്മലുകളും ഇട്ടു സൂക്ഷിച്ചിരുന്ന പെട്ടി. ചെറിയൊരു അലമാര. മേശപ്പുറത്ത് അടുക്കി വെച്ച പുസ്തകങ്ങൾ. അമ്മയുടെ സാമ്രാജ്യം. ആദ്യം അമ്മയുടെയും പിന്നെ അച്ഛന്റെയും പിന്നെ ഞങ്ങളുടേതുമായ മുറി.... എന്ന് വന്നാലും അമ്മ അവിടെയെ കിടക്കു...
"നീയെന്തിനാണ് ഗീതേ വിഷമിക്കുന്നത്. പൂനൈയിലെ വീട് പിന്നെ ആരുടെതാണ്...."
അച്ഛന്റെ സ്വരത്തിൽ വല്ലായ്മ നിറഞ്ഞു.
അമ്മ ഒന്നും പറഞ്ഞില്ല. രണ്ടു സഹോദരൻമാരായിരുന്നു അമ്മയ്ക്ക്. മടക്കയാത്രയ്ക്കൊരുമ്പോൾ രണ്ടാളും പറഞ്ഞു.
"ഭാഗംവെപ്പ് കഴിഞ്ഞൂന്ന് പറഞ്ഞു ബന്ധം ഇല്ലാതാവില്ല ചേച്ചി..."
അമ്മയും ഞങ്ങളും പൂനൈയിലേയ്ക്ക് പോന്നു. ഇളയ അമ്മാവൻ തിരിച്ചു ജർമ്മനിയ്ക്ക് പോയി. മൂത്ത അമ്മാവനൊപ്പം നഗരത്തിലെ വീട്ടിലേക്ക് മുത്തശ്ശനും മുത്തശ്ശിയും താമസം മാറ്റി.
പിന്നെ രണ്ടു വട്ടം കൂടി അമ്മയും സഹോദരൻമാരും കണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മരിപ്പിന്. ഞാൻ അനാഥയായി എന്ന് പറഞ്ഞു ഏങ്ങലടിച്ച് അമ്മയന്ന് എത്ര നേരം കരഞ്ഞു.
പൂനൈയിലെ മലയാളി മാർക്കറ്റ് തേടിപ്പിടിച്ച് ചക്കയും മാങ്ങയുമൊക്കെ വാങ്ങുന്ന അമ്മ.
വിഷുവിനും ഓണത്തിനും എല്ലാവരും വീട്ടിലുണ്ടാകണമെന്നും ഇലയിട്ട് സദ്യ കഴിയ്ക്കണമെന്നും വാശിപിടിക്കുന്ന അമ്മ. വിനായക ചതുർത്ഥിയുടെ ആഘോഷങ്ങൾക്കിടയിലും നാട്ടിലെ ഉത്സവമോർത്ത് കണ്ണു നിറയ്ക്കുന്ന അമ്മ.
ആ അമ്മയുടെ മകനായി പിറന്നതു കൊണ്ടാവണം, അച്ഛനും പ്രിയങ്കയ്ക്കും തോന്നാത്ത ഗൃഹാതുരത്വം എനിക്കും തോന്നുന്നത്...
ബന്ധങ്ങൾ ഒക്കെ ഒരുപാട് അകന്നു പോയി. രണ്ടു വർഷം മുൻപ് നാട്ടിലെ ആരുടെയോ കല്ല്യാണത്തിന് കണ്ടതാണെല്ലാവരെയും....
അമ്മയുടെ മുറിയിലെ ജനാല ചിതലെടുത്ത് തുടങ്ങിയിരുന്നു. തൊട്ടപ്പോഴെയ്ക്കും ഒരു ഭാഗം ഇളകി താഴെ വീണു. അകത്ത് ഒന്നും തന്നെ ഇല്ല. അലമാര പൊളിഞ്ഞു വീണു നിലത്ത് കിടക്കുന്നു.
പിന്നെയും കുറച്ചു നേരം കൂടി അവിടെ ചുറ്റി കറങ്ങി നിന്നു. ഭാഗംവെപ്പിന്റെ കണക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ഈ വീട്ടിൽ ഇന്നും വന്നു നിൽക്കാമായിരുന്നു. ആധി പെരുകിയാണ് മുത്തശ്ശനും മുത്തശ്ശിയും മരിച്ചതെന്ന് അമ്മ പറയാറുണ്ട്.... അവർക്ക് ഇവിടം വിട്ടു പോകാൻ കഴിയില്ലെന്നും.
പിച്ചിയിൽ നിന്നും രണ്ടു മൊട്ടുകൾ നുള്ളി ബാഗിലാക്കി. അമ്മയ്ക്ക് നൽകാം... ടൗണിൽ മൂത്ത അമ്മാവന്റെ വീടുണ്ട്. വേണമെങ്കിൽ കയറാം.
ഫോണെടുത്ത് റീൽസ് തുറന്നു നോക്കി. ആ വീടിനു മില്യൺ കണക്കിന് കാഴ്ചകാർ. കമന്റ് ബോക്‌സിൽ ഗൃഹാതുരത്വം നിറഞ്ഞു കവിയുന്നു. എനിക്കെന്തോ സങ്കടം വരുന്നുണ്ട്.... ഉപേക്ഷിച്ചു കളയാതിരിക്കാൻ മാത്രം എന്താണ് ഇവിടെ ഉള്ളത്....?
മരത്തണലുകളുടെ കീഴിൽ,
ഇലചാർത്തിലൊളിച്ചു നിന്നു വീടെന്നെ നോക്കി ചിരിക്കുന്ന പോലെ.!