
ആഴ്ചയവസാനങ്ങളിൽ ചെന്നു കയറാൻ,
സകലമടുപ്പും കുടഞ്ഞിടാൻ
ഇറയത്ത്, കസേരയുള്ളൊരു
വീട് വേണം.
കൈയ്യിലെ ബാഗ് പിടിച്ച് മേടിച്ചു
ആകെ ക്ഷീണമായല്ലോ കൊച്ചെയെന്ന് പറയുന്ന, വഴികണ്ണുമായി കാത്തു നിൽക്കുന്ന അമ്മയുള്ള വീട്.
ചോറ് വിളമ്പി, മീതെ മുട്ടപൊരിച്ചതും മെഴുക്കുപുരട്ടിയും ചമ്മന്തിയും വെച്ചു, ഇത്തിരി മാമ്പഴക്കറിയുടെ ചാറൊഴിച്ച്
കൊണ്ടേ തരുന്ന അമ്മയുള്ള വീട്.
ആകെ ചപ്രാച്ചി തലമുടിയായെന്നും
പറഞ്ഞു പിടിച്ചിരുത്തി, എണ്ണ പുരട്ടി തരുന്ന,
കുളിക്കാൻ കയറുമ്പോൾ വേലിക്കലെ ചെമ്പരത്തിയില പൊട്ടിച്ചു താളി തിരുമ്മി തരുന്ന അമ്മയുള്ള വീട്.
ആധിയും ആകുലതകളും
ആർക്കും തിരിച്ചറിയാൻ കഴിയാത്ത വേവുകളും പറയാൻ, ഒക്കെ ശെരിയാവും എന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ,
കുഞ്ഞു സന്തോഷങ്ങളുടെ മഞ്ചാടിച്ചെപ്പ് തുറക്കാൻ, അമ്മയുള്ള ഒരു കുഞ്ഞു വീട്.
നേരം ഇരുണ്ടു തുടങ്ങുമ്പോൾ
മന്ദാരപൂവും ചെത്തിയും തുളസിയും കുഞ്ഞിലകുമ്പിളിൽ പൊതിഞ്ഞ്,
കാവിൽ തൊഴാൻ പോകാനും
നാളു പറഞ്ഞു ചീട്ടെഴുതി, എന്റെ കുഞ്ഞിനെ കാത്തോണെയെന്ന് പറയാനും
രണ്ടു നാളത്തെ അവധി കഴിഞ്ഞു മടങ്ങുമ്പോൾ ചക്കയും മാങ്ങയും ചേമ്പും തേങ്ങയുമൊക്കെ സഞ്ചികളിലാക്കി തന്നു,
അവനെയും പിള്ളാരെയും കൂട്ടി രണ്ടു ദിവസം നിന്നിട്ട് പോകമായിരുന്നുവെന്ന് പറയുന്ന
നടന്നു മറയുവോളം കണ്ണെടുക്കാതെ, മുറ്റത്ത് നിൽക്കുന്ന ഒരമ്മയുള്ള വീട്....