മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഡയറ്റ്?; ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടാതെ നോക്കണേ...

Published : Jan 08, 2024, 04:22 PM ISTUpdated : Jan 17, 2024, 08:46 PM IST
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഡയറ്റ്?; ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടാതെ നോക്കണേ...

Synopsis

മുലയൂട്ടുന്ന അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി പുതുതായി അമ്മയായ സ്ത്രീകളില്‍ വന്നേക്കാം.

ഭൂമിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിശിഷ്ടമായ ഭക്ഷണം എന്നാണ് മുലപ്പാലിനെ പൊതുവില്‍ വിശേഷിപ്പിക്കാറ്. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നിര്‍ണയിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമെല്ലാം മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ ഘട്ടത്തില്‍ ആരോഗ്യത്തെ ചൊല്ലി പല തരത്തിലുള്ള ആശങ്കകളും വന്നേക്കാം. അതില്‍ പ്രധാനമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ആശങ്ക. 

മുലയൂട്ടുന്ന അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി പുതുതായി അമ്മയായ സ്ത്രീകളില്‍ വന്നേക്കാം. അതല്ലെങ്കില്‍ ഡയറ്റിലെ പാളിച്ചകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്ന ഉത്കണ്ഠയും ഇവരെ ബാധിക്കാം. അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ ഈ ആശങ്കകളെല്ലാം മറികടക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ അറിയേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളാണ് വിശദമാക്കുന്നത്. മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നതിനായി ശരീരത്തിന് ധാരാളം കലോറി ആവശ്യമാണ്. അതിനാല്‍ തന്നെ മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് എപ്പോഴും ശ്രദ്ധിക്കുക. 300-350 കിലോ കലോറി മുലയൂട്ടുന്ന അമ്മമാര്‍ പ്രതിദിനം കഴിക്കേണ്ടതുണ്ട്.
 
ധാന്യങ്ങള്‍, പഴങ്ങള്‍, പാല്‍-പാലുത്പന്നങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. 

അതുപോലെ മുട്ട, പാല്‍, ചിക്കന്‍, മറ്റ് മാംസാഹാരങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, സീ ഫുഡ് എന്നിവയെല്ലാം പ്രോട്ടീനിനായി കഴിക്കാം. ആരോഗ്യകരമായ എണ്ണകള്‍ അടങ്ങിയ ഭക്ഷണങ്ങളും നന്നായി കഴിക്കാവുന്നതാണ്. ഇതിനൊപ്പം തന്നെ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും നല്ലതുപോലെ ഡയറ്റിലുള്‍പ്പെടുത്തുക. വൈറ്റമിന്‍ ബി-12, അയൊഡിന്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനുദാഹരണമാണ്.

ഭക്ഷണത്തില്‍ എത്ര ശ്രദ്ധ നല്‍കിയാലും അമിതവണ്ണമുണ്ടാകുമോ എന്ന ഭയം പുതിയ അമ്മമാരെ അലട്ടാം. സത്യത്തില്‍ മുലയൂട്ടുന്ന ഘട്ടത്തില്‍ ഈ ആശങ്ക മാറ്റിവച്ച് ശാന്തമായി- സന്തോഷമായി തുടരുന്നതാണ് നല്ലത്. എത്ര ഭക്ഷണം കഴിച്ചാലും മുലയൂട്ടുന്ന ഘട്ടത്തില്‍ ശരീരഭാരം അത്രകണ്ട് കൂടാന്‍ സാധ്യത കുറവാണ്. എന്നിട്ടും വണ്ണം കൂടുന്നുവെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യാവസ്ഥ അനുസരിച്ചുള്ള വ്യായാമം ചെയ്യാം. എന്നാല്‍ ഡയറ്റില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഈ സാഹചര്യത്തില്‍ നല്ലതല്ല. 

അതേസമയം ചില ഭക്ഷണ-പാനീയങ്ങള്‍ മുലയൂട്ടുന്ന അമ്മമാര്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആല്‍ക്കഹോള്‍ (മദ്യം), അമിതമായ കഫീന്‍, എനര്‍ജി ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, അമിതമായ ചോക്ലേറ്റ്, മെര്‍ക്കുറി അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം ഈ രീതിയില്‍ പൂര്‍ണമായും തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ അമ്മയേയും കുഞ്ഞിനെയും ഒരുപോലെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

Also Read:- കുഞ്ഞുങ്ങളോട് ഇടപഴകുമ്പോള്‍ അനാവശ്യമായ ദേഷ്യം വേണ്ട...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ