Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളോട് ഇടപഴകുമ്പോള്‍ അനാവശ്യമായ ദേഷ്യം വേണ്ട...

ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുക തന്നെ വേണം. അത്തരത്തില്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് കുട്ടികളോട് ഇടപെടുമ്പോള്‍ വേണ്ട ക്ഷമയും എന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

here are parenting tips for new parents
Author
First Published Jan 8, 2024, 4:10 PM IST

കുട്ടികളെ ശരിയായ ദിശാബോധം നല്‍കി, അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും പൗരബോധവും പകര്‍ന്ന് അവരെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമേയല്ല. പലപ്പോഴും മുതിര്‍ന്നവരുടെ ചുറ്റുപാടുകള്‍ ഇതിനെല്ലാം അനുയോജ്യമാം വിധം അനുകൂലമായിരിക്കണം എന്നുമില്ല.

എന്നാല്‍ ബാല്യകാലം ഒരു വ്യക്തിയുടെ ജീവിതത്തില്‍ അത്രമാത്രം പ്രധാനമാണം. മോശമായ ബാല്യം വ്യക്തിയെ എന്നെന്നേക്കും ബാധിക്കാം. കടുത്ത മാനസികപ്രശ്നങ്ങള്‍ അടക്കമുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ദോഷമായി വരുംവിധം അവരോട് ഇടപെടാതിരിക്കാൻ മാതാപിതാക്കള്‍ കരുതിയേ മതിയാകൂ. ഈ കരുതല്‍ കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ കുട്ടികളോട് മാതാപിതാക്കള്‍ക്ക് വേണം.

പക്ഷെ, പലര്‍ക്കും ക്ഷമാപൂര്‍വം ഇത് ചെയ്യാൻ സാധിക്കാറില്ല എന്നതാണ് സത്യം. എങ്ങനെയാണ് ഈയൊരു പ്രശ്നത്തെ മറികടക്കാനാവുക? ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുക തന്നെ വേണം. അത്തരത്തില്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് കുട്ടികളോട് ഇടപെടുമ്പോള്‍ വേണ്ട ക്ഷമയും എന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇതിന് നാല് പരിശീലനഘട്ടങ്ങള്‍ വിദഗ്ധര്‍ വിശദീകരിക്കുന്നുണ്ട്. അവയിലേക്ക്... 

ഒന്ന്...

കുട്ടികളോട് ഇടപെടുമ്പോള്‍ പതിവായി നിങ്ങള്‍ പ്രശ്നത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ അത് സ്വയം നിരീക്ഷിച്ച് എന്താണ് എപ്പോഴും കാരണമായി വരുന്നത് എന്നത് മനസിലാക്കിയെടുക്കണം.  ദേഷ്യമുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഇതിനെ മറികടക്കാനുള്ള ശ്രമത്തിലേക്ക് നീങ്ങാം. 

രണ്ട്...

എന്തുകൊണ്ടാണ് ദേഷ്യം വരികയോ നിയന്ത്രണം വിടുകയോ ചെയ്യുന്നത് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ ഇനിയൊരു തവണ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഇത് ബോധപൂര്‍വം ഓര്‍ത്ത് സ്വയം തടഞ്ഞുനിര്‍ത്തുക.  ശേഷം ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു രീതിയില്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്തുനോക്കണം. ഇത് പ്രായോഗികമായി ചെയ്യും  മുമ്പേ ആദ്യം മനസില്‍ ഒരു തവണയെങ്കിലും ചെയ്തുനോക്കുകയും വേണം. 

മൂന്ന്...

കുട്ടികള്‍ക്ക് മുമ്പില്‍ മുതിര്‍ന്നവര്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഇതിന് ആദ്യമേ സൂചിപ്പിച്ചത് പോലെ സ്വയം പരിശീലനം നടത്തുക തന്നെ വേണം. ദേഷ്യം കുറയ്ക്കാനുള്ള വ്യായാമം, യോഗ, കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗങ്ങളെല്ലാം ഇതിനായി തേടാവുന്നതാണ്. കാര്യങ്ങളെ അല്‍പം കൂടി ലഘുവായി എടുക്കാൻ സാധിക്കുന്ന മനോഭാവത്തിലേക്ക് എത്തുകയാണ് വേണ്ടത്.

നാല്...

കുട്ടികളോട് ഏത് രീതിയില്‍ ഇടപെടുമ്പോഴും അവരോട് സംസാരിക്കുമ്പോഴും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴോ- എന്തിനധികം അവരെ ശാസിക്കുമ്പോള്‍ വരെ നിങ്ങളുടെ സ്നേഹവും കരുതലും അതില്‍ പ്രതിഫലിക്കണം. അല്ലാത്ത പക്ഷം അവരിലും അത് മോശമായ മാനസികാവസ്ഥ ഉണ്ടാക്കും. ഇത് തീരെ ചെറുതിലേ മുതല്‍ തന്നെ മാതാപിതാക്കള്‍ ശ്രദ്ധിച്ചുവരിക. 

 

Follow Us:
Download App:
  • android
  • ios