നവജാതശിശുക്കളെ അമ്മമാർ തന്നെ പരിചരിക്കണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Jul 26, 2022, 11:05 AM IST
Highlights

നവജാത ശിശുക്കളുടെ സംരക്ഷണകാലഘട്ടം അമ്മമാര്‍ തന്നെ ഏറ്റെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വികാസങ്ങളില്‍ പ്രകടമായ മാറ്റം വരും

കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് ശിശുസംരക്ഷണം. കുഞ്ഞുങ്ങളെ എങ്ങനെ കുളിപ്പിക്കണം, ഡയപ്പർ എപ്പോഴൊക്കെയാണ് ഉപയോ​ഗിക്കേണ്ടത് ഇതിനെ പറ്റിയൊക്കെ അമ്മമാർ അറിയണം. ഈ കാലഘട്ടത്തില്‍ ശിശുസംരക്ഷണം വീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തെയോ അല്ലെങ്കില്‍ ആയമാരെയോ ഹോം നഴ്‌സിനെയോ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ സംരക്ഷണകാലഘട്ടം അമ്മമാര്‍ തന്നെ ഏറ്റെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വികാസങ്ങളില്‍ പ്രകടമായ മാറ്റം വരും. നവജാതശിശുവിനെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കുഞ്ഞിനെ എന്നും കുളിപ്പിക്കണമെന്നില്ല. എങ്കിലും ശരീരം എല്ലാദിവസവും വൃത്തിയാക്കണം. വളരെ ശ്രദ്ധയോടെ വേണം കുഞ്ഞിന്റെ ശരീരം വൃത്തിയാക്കാന്‍.

2. നവജാതശിശുക്കൾക്ക് കൂടുതലും കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് നല്ലത്. 

3. കുഞ്ഞിന്റെ കണ്ണുകള്‍ വൃത്തിയാക്കുമ്പോള്‍ ഉള്‍വശത്ത് നിന്നു പുറത്തേക്ക് മെല്ലെ തുടച്ചെടുക്കുക. ചെവിയുടെ പിന്‍വശം മാത്രമേ തുടയ്ക്കാവൂ. ഒരു കാരണവശാലും ചെവിയുടെ ഉള്‍ഭാഗത്ത് ബഡ്‌സോ കോട്ടണ്‍ തുണിയോ ഉപയോഗിക്കരുത്.

4. കുഞ്ഞിന്റെ കഴുത്തും നെഞ്ചും വളരെ മൃദുവായി വേണം വൃത്തിയാക്കുവാന്‍. മടക്കുള്ള ഭാഗം പ്രത്യേകം ശുചിയാക്കുക. കക്ഷവും കൈയും തുടച്ചതിനു ശേഷം കുഞ്ഞിനെ ഉണങ്ങിയ ടൗവല്‍ കൊണ്ടു പൊതിയുക. പൊക്കിള്‍ക്കൊടി പൊഴിഞ്ഞിട്ടില്ലെങ്കില്‍ അതു നനയാതെ സൂക്ഷിക്കണം. മുകളില്‍ പറഞ്ഞതുപോലെ തന്നെ പുറകുവശവും നന്നായി തുടയ്ക്കുക.

5. ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യമായ വായുവും ആഹാരവും കിട്ടുന്നത് പൊക്കിള്‍ക്കൊടി വഴിയാണ്. പൊക്കിള്‍ക്കൊടി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. അഥവാ ഈര്‍പ്പം തട്ടിയാല്‍ ഉണങ്ങിയ തുണികൊണ്ട് ശ്രദ്ധയോടെ തുടയ്ക്കുക.

6. കുഞ്ഞുങ്ങൾ ഉറങ്ങുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഉറങ്ങുമ്പോള്‍ മലര്‍ത്തിക്കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിന്റെ പുതപ്പ് ഭാരമുള്ളതായിരിക്കരുത്.  

7. ഉറക്കം വരുന്ന കുഞ്ഞിനെ തനിയെ കിടന്നുറങ്ങാന്‍ സഹായിക്കുക. എടുത്തോ തൊട്ടിലില്‍ ആട്ടിയോ ഉറക്കുവാന്‍ ശ്രമിച്ചാല്‍ അതു ശീലമാകും. നവജാതശിശുവിനെ ആദ്യത്തെ മൂന്ന് ആഴ്ച്ചകളില്‍ എപ്പോഴും ഒരു ടൗവല്‍ കൊണ്ടു പൊതിയുവാന്‍ ശ്രദ്ധിക്കുക.

click me!