സൈറയുടെ ചെറുമകൻ മുത്തശ്ശിയുടെ സുരക്ഷയ്ക്കായി അവരുടെ മാലയിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. വസീം തന്റെ മൊബൈൽ ഫോണിൽ ജിപിഎസ് ആക്ടീവാക്കി ലൊക്കേഷൻ ട്രാക്ക് ചെയ്തു.

കാണാതായ മുത്തശ്ശിയെ നാടകീയമായ രീതിയിൽ കണ്ടെത്തി ചെറുമകൻ. ജിപിഎസ് ട്രാക്കർ ഉപയോഗിച്ചാണ് 79 കാരിയായ വയോധികയെ ചെറുമകൻ കണ്ടെത്തിയത്. അടുത്തിടെ സൗത്ത് മുംബൈയിൽ ആണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. വൈകുന്നേരം പതിവുപോലെ നടക്കാൻ പോയ സൈറ എന്ന വൃദ്ധയായ സ്ത്രീ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല.

ഇതിനിടെ സേവ്രി പ്രദേശത്തുവെച്ച് ഒരു വാഹനം തട്ടി പരിക്കേറ്റ വൃദ്ധയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുടുംബത്തിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വൃദ്ധ വീട്ടിൽ എത്താതിരുന്നപ്പോൾ കുടുംബം ആശങ്കാകുലരായി. അതേസമയം, സൈറയുടെ ചെറുമകൻ വസീം മുത്തശ്ശിയുടെ സുരക്ഷയ്ക്കായി അവരുടെ മാലയിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.

വസീം തന്റെ മൊബൈൽ ഫോണിൽ ജിപിഎസ് ആക്ടീവാക്കി ലൊക്കേഷൻ ട്രാക്ക് ചെയ്തു. ലൊക്കേഷനിൽ പരേലിലെ ഒരു സ്വകാര്യ ആശുപത്രിയാണ് കാണിച്ചത്. കുടുംബം ഉടൻ തന്നെ സൈറയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തും. വൈദ്യപരിശോധനയിൽ വയോധികയുടെ അരക്കെട്ടിന് പൊട്ടലും ഒന്നിലധികം ആന്തരിക പരിക്കുകളും കണ്ടെത്തി. തുടർന്ന് കുടുംബം ആർ‌എകെ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

അജ്ഞാതനായ ഡ്രൈവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. സൈറ നിലവിൽ ജെജെ ആശുപത്രിയിൽ ചികിത്സയിലാനുള്ളത്. ഇക്കാലത്ത്, പ്രായമായവർ, കുട്ടികൾ, വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, ബാഗുകൾ മുതലായവയിൽ ഘടിപ്പിക്കാവുന്ന വിവിധതരം മിനി ജിപിഎസ് ട്രാക്കറുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. ഇന്ത്യയിലെ നിരവധി കമ്പനികൾ വെയറബിൾ ജിപിഎസ് ട്രാക്കറുകൾ വിൽക്കുന്നുണ്ട്. അവ മാലകളായും ധരിക്കാം.

ഈ ട്രാക്കറുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാണ്. 1,000 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിൽ നിങ്ങൾക്ക് അവ ഓൺലൈനായോ ഓഫ്‌ലൈനായോ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. നിങ്ങളുടെ കുടുംബാംഗങ്ങളെയും നിങ്ങളുടെ പ്രധാനപ്പെട്ട വസ്‍തുക്കൾ, വാലറ്റ്, കാർ എന്നിവ ട്രാക്ക് ചെയ്യാൻ അവ നിങ്ങളെ സഹായിക്കും.