കുഞ്ഞുങ്ങള്‍ അല്‍പം വൈകി മതിയോ? എങ്കില്‍ നിങ്ങളറിയണം...

By Web TeamFirst Published Apr 16, 2019, 9:27 PM IST
Highlights

ഒരുപാട് വൈകി, കുഞ്ഞുങ്ങളായാല്‍ ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്, കുഞ്ഞിനെയും അത് ബാധിക്കും... എന്നിങ്ങനെയുള്ള ഭീഷണികൾ മുതിർന്നവർ മുഴക്കാറുണ്ട്. ഡോക്ടർമാരും ഇക്കാര്യം പറയാറുണ്ട്. എന്നാൽ ഇതിൽ നിന്നൽപം വ്യത്യസ്തമായ വീക്ഷണമാണ് ഒരു കൂട്ടം ഡോക്ടർമാർ പങ്കുവയ്ക്കുന്നത്

വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ കുഞ്ഞുങ്ങളാകുന്നതില്‍ താത്പര്യമില്ലാത്തവരാണ് ഇപ്പോള്‍ മിക്ക ചെറുപ്പക്കാരും. നല്ല ജോലി, ജോലിയിലെ സുരക്ഷിതത്വം, സാമ്പത്തികാവസ്ഥ... ഇത്തരം ഘടകങ്ങളെല്ലാമാണ് പ്രധാനമായും അവരെ ഈ തീരുമാനത്തിലേക്കെത്തിക്കുന്നത്. ദാമ്പത്യജീവിതം അല്‍പമൊന്ന് ആസ്വദിച്ച ശേഷമാകാം കുഞ്ഞുങ്ങളെന്ന് തീരുമാനിക്കുന്നവരും കുറവല്ല. 

എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലെല്ലാം മുതിര്‍ന്നവര്‍ ഭീഷണിയുമായി മുന്നിലെത്തും. ഒരുപാട് വൈകി, കുഞ്ഞുങ്ങളായാല്‍ ഗര്‍ഭാവസ്ഥയും പ്രസവവുമെല്ലാം പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്, കുഞ്ഞിനെയും അത് ബാധിക്കും... എന്നിങ്ങനെ പോകുന്നു ഭീഷണികള്‍. 

ഗര്‍ഭം ധരിക്കാന്‍ ഒരുപാട് വൈകാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് ഡോക്ടര്‍മാരും പറയാറുണ്ട്. എന്നാല്‍ അല്‍പം വൈകി അമ്മയാകുന്നതില്‍ പല ഗുണങ്ങളുമുണ്ടെന്നാണ് ഒരുകൂട്ടം ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്.

അമേരിക്കയില്‍ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' നടത്തിയ ഒരു കണക്കെടുപ്പാണ് ഇതിന് ആധാരമായത്. അതായത് 30 മുതല്‍ 34 വയസ് വരെയുള്ള പ്രായത്തില്‍ അമ്മമാരാകാന്‍ കൂടുതല്‍ സ്ത്രീകള്‍ തയ്യാറാകുന്നുവെന്നായിരുന്നു കണക്കെടുപ്പില്‍ കണ്ടെത്തിയ വസ്തുത. പ്രസവിക്കാന്‍ 35 മുകളില്‍ പ്രായമെത്തും വരെ കാത്തിരിക്കാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിരിക്കുന്നുവത്രേ. 

'പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മള്‍ മാനസികമായി കൂടുതല്‍ പക്വതപ്പെടുകയാണല്ലോ. അപ്പോള്‍ കുഞ്ഞുങ്ങളെ കൂടുതല്‍ മനോഹരമായി വളര്‍ത്താനാകും. അതുകൊണ്ടാണല്ലോ, അല്‍പം പ്രായമുള്ള മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വഴക്ക് പറയാത്തതും, അവരെ എപ്പോഴും കുറ്റപ്പെടുത്താത്തതുമെല്ലാം' ഗവേഷകനും അധ്യാപകനുമായ ഡിയോണ്‍ സമെര്‍ പറയുന്നു. 

മുപ്പത് കടന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും എന്നതാണ് പ്രത്യേകതയെന്ന് ഗവേഷകനായ മൈക്കല്‍ ജെ ബ്രൂസും അഭിപ്രായപ്പെടുന്നു. അതേസമയം മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗര്‍ഭധാരണത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതയെ ഇവര്‍ തള്ളിക്കളയുന്നില്ല. യഥാസമയമുള്ള പരിശോധനകളും, കരുതലുകളുമെല്ലാം ഇക്കാര്യത്തില്‍ ആവശ്യമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

click me!