ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഐടി കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്ന ആദ്യവനിതയായി റോഷ്ണി

By Web TeamFirst Published Jul 18, 2020, 2:32 PM IST
Highlights

എച്ച്സിഎല്‍ ടെക്നോളജീസിന്‍റെ ബോര്‍ഡിലേക്ക് 2013ലാണ് റോഷ്ണിയെത്തുന്നത്. ലണ്ടനിലെ സ്കൈ ന്യൂസിലും സിഎന്‍എന്‍ അമേരിക്കയിലും പ്രൊഡ്യൂസറായി ജോലി ചെയ്ത ശേഷമാണ് റോഷ്ണി എച്ച്സിഎല്ലിലേക്ക് എത്തുന്നത്. 

ചെന്നൈ: ലിസ്റ്റ് ചെയ്യപ്പെട്ട ഐടി കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയായി റോഷ്ണി നാടാര്‍ മല്‍ഹോത്ര. രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത കൂടിയായ റോഷ്ണി നാടാര്‍ മല്‍ഹോത്രയാണ് ഐടി കമ്പനിയായ എച്ച് സിഎല്ലിനെ നയിക്കാനെത്തുന്നത്. കമ്പനിയുടെ ചെയർമാൻ പദവി ഒഴിയുകയാണെന്ന് ശിവ നാടാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പദവിയിലേക്ക് റോഷ്ണി എത്തുന്നത്. 

എച്ച്സിഎല്‍ ടെക്നോളജീസിന്‍റെ ബോര്‍ഡിലേക്ക് 2013ലാണ് റോഷ്ണിയെത്തുന്നത്. വൈസ് ചെയര്‍മാന്‍ പദവിയായിരുന്നു റോഷ്ണിയുടേത്. വെള്ളിയാഴ്ചയാണ് എച്ചസിഎല്‍ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാന്‍ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. പദവി ഒഴിയുകയാണെങ്കിലും എച്ച് സിഎല്ലിനൊപ്പം ശിവ് നാടാര്‍ തുടരും. 

ദില്ലിയിലെ വസന്ത് വാലി സ്കൂള്‍, ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വ്വകലാശാല,കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് എന്നിവിടങ്ങളില്‍ നിന്നാണ് റോഷ്ണി പഠനം പൂര്‍ത്തിയാക്കിയത്. മാധ്യമ പ്രവര്‍ത്തനത്തിലായിരുന്നു റോഷ്ണിയുടെ ബിരുദം. ലണ്ടനിലെ സ്കൈ ന്യൂസിലും സിഎന്‍എന്‍ അമേരിക്കയിലും പ്രൊഡ്യൂസറായി ജോലി ചെയ്ത ശേഷമാണ് റോഷ്ണി എച്ച്സിഎല്ലിലേക്ക് എത്തുന്നത്. ഇരുപത്തിയേഴാമത്തെ വയസിലാണ് റോഷ്ണി എച്ച്സിഎല്ലിന്‍റെ സിഇഒ ആവുന്നത്. 

ഏറ്റവും പുതിയ ഹുറൂണ്‍ റിച്ച് ലിസ്റ്റ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് റോഷ്ണി. ലോകത്തെ സ്വാധീനശേഷിയുള്ള നൂറ് വനിതകളുടെ  ഫോബ്സ് പട്ടികയില്‍ 54ാം സ്ഥാനം റോഷ്ണിക്കുണ്ട്. എച്ച്സിഎല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാനായ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്ണിയുടെ ഭര്‍ത്താവ്. 

click me!