സന്യാസികളായ സ്ത്രീകളാണ് ഏറ്റവും സന്തോഷവതികളെന്ന് ആര്‍എസ്എസ് സര്‍വേ

By Web TeamFirst Published Sep 24, 2019, 6:15 PM IST
Highlights

വിദ്യാഭ്യാസം, ജോലി, ആരോഗ്യം, പോഷകാഹാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ വച്ചായിരുന്നു സര്‍വേ നടത്തിയത്. സാക്ഷരതയുടെ കാര്യത്തില്‍ സത്രീകള്‍ക്കിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഡിഗ്രിക്ക് ശേഷമുള്ള പഠനത്തിലേക്ക് കടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു
 

ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥകളെക്കുറിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആര്‍എസ്എസ് മേധാവി മോഹവന്‍ ഭാഗവത്. ഇന്ന് ദില്ലിയില്‍ വച്ചാണ് ഔദ്യോഗികമായി സര്‍വേഫലങ്ങള്‍ പുറത്തുവിട്ടത്. 

സന്യാസം സ്വീകരിച്ച്, നാടും വീടും വിട്ട്, വരുമാനമാര്‍ഗങ്ങളേതുമില്ലാതെ ജീവിക്കുന്ന സ്ത്രീകളാണ് രാജ്യത്ത് ഏറ്റവും സന്തോഷവതികളായിട്ടുള്ളതെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. വിവാഹിതരായ സ്ത്രീകളും സന്തുഷ്ടര്‍ തന്നെ, എന്നാല്‍ ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഉള്ള സ്ത്രീകള്‍ അസംതൃപ്തരാണെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 

'കുടുംബമോ വരുമാനമോ ഒന്നുമില്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ സാമ്പത്തികാവസ്ഥയും മാനസികമായ സന്തോഷവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല..'- റിപ്പോര്‍ട്ട് പറയുന്നു.

വിദ്യാഭ്യാസം, ജോലി, ആരോഗ്യം, പോഷകാഹാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ വച്ചായിരുന്നു സര്‍വേ നടത്തിയത്. സാക്ഷരതയുടെ കാര്യത്തില്‍ സത്രീകള്‍ക്കിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഡിഗ്രിക്ക് ശേഷമുള്ള പഠനത്തിലേക്ക് കടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 

'വിദ്യാഭ്യാസം നേടുന്നതിന് അനുസരിച്ച് സ്ത്രീകളില്‍ സന്തോഷവും സംതൃപ്തിയും വര്‍ധിക്കുന്നുണ്ട്. പിജി, പിഎച്ച്ഡി തലങ്ങളിലെത്തിയ സ്ത്രീകളിലെ സന്തോഷവും സാക്ഷരരല്ലാത്ത സ്ത്രീകളിലെ അസംതൃപ്തിയും ഇത് സാക്ഷ്യപ്പെടുത്തുന്നു. എസ് സി, എസ് ടി പോലുള്ള പിന്നാക്ക സമുദായത്തില്‍ പെട്ട സ്ത്രീകളാണ് സാക്ഷരതയുടെ കാര്യത്തില്‍ പിന്നിലായിട്ടുള്ളത്. ആരോഗ്യകാര്യങ്ങളാണെങ്കില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ളത് ആദിവാസി സ്ത്രീകളിലാണ്..'- റിപ്പോര്‍ട്ട് പറയുന്നു. 

50 മുതല്‍ 60 വരെ പ്രായമുള്ള സ്ത്രീകളാണത്രേ ഏറ്റവും സന്തോഷവതികളായിട്ടുള്ളത്. അറുപത് കഴിഞ്ഞാല്‍ ഈ അവസ്ഥ മാറിമറിയുമെന്നും സര്‍വേ അവകാശപ്പെടുന്നു.

പൂനെയിലുള്ള 'ദൃഷ്ടി സ്ത്രീ അധ്യായന്‍ പ്രബോധന്‍ കേന്ദ്ര' എന്ന സ്ഥാപനമാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിവിധ സംഘടനകള്‍ക്ക് വേണ്ടി സര്‍വേ സംഘടിപ്പിച്ചത്. 2017- 18 കാലയളവില്‍ പതിനെട്ട് വയസ് കടന്ന 43,255 സ്ത്രീകളില്‍ നിന്നായി സര്‍വേയ്ക്ക് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എല്ലാം മതങ്ങളില്‍ നിന്നും ഇതിനായി സ്ത്രീകളെ തെരഞ്ഞെടുത്തുവെന്നും ഇവര്‍ പറയുന്നു. 

click me!