കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം...

Published : Feb 28, 2024, 09:57 AM IST
കൊല്ലപ്പെട്ട മകന് പകരം 58ാം വയസില്‍ അമ്മയാകാൻ ഒരുങ്ങി; ഇത് അപൂര്‍വസംഭവം...

Synopsis

ഒറ്റമകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന ഇതോടെ തീരട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്. എന്നാല്‍ പ്രായത്തിന്‍റെ കടമ്പ ചാടിക്കടക്കല്‍ അത്ര എളുപ്പവുമല്ല. 

അന്തരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അമ്മ ചരണ്‍ കൗര്‍ അമ്പത്തിയെട്ടാം വയസില്‍ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സിദ്ധു മൂസ്‍ വാലയുടെ അമ്മയായതുകൊണ്ടും 58ാം വയസില്‍ അമ്മയാകാനൊരുങ്ങുന്നു എന്നതുകൊണ്ടുമാണ് ചരണ്‍ കൗറിന്‍റെ വാര്‍ത്ത ഇത്രമാത്രം ശ്രദ്ധ നേടുന്നത്. 

യുവാക്കള്‍ക്കിടയില്‍ റാപ്പ് ഗാനങ്ങള്‍ കൊണ്ടും മറ്റും തരംഗം സൃഷ്ടിച്ച സിദ്ധു മൂസ് വാല 2022 മെയ് 29നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാറിലെത്തിയ ക്രിമിനലുളുടെ സംഘമാണ് സിദ്ധുവിനെതിരെ വെടിയുതിര്‍ത്തത്. ചരണ്‍ കൗറിന്‍റെയും ഭര്‍ത്താവ് ബാല്‍കൗര്‍ സിംഗിന്‍റെയും ഏക മകനായിരുന്നു സിദ്ധു മൂസ് വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധു.

29 വയസ് മാത്രമുള്ളപ്പോഴാണ് കരിയറിന്‍റെ മിന്നുന്ന കാലവും പ്രിയപ്പെട്ട കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് സിദ്ധുവിന് മടങ്ങേണ്ടി വന്നത്. ഇതിന് ശേഷം നിരാശയില്‍ തുടരുകയായിരുന്നു ചരണ്‍ കൗറും ബാല്‍കൗര്‍ സിംഗും ഒരു കുഞ്ഞിലേക്കുള്ള ചിന്തയിലെത്താൻ പക്ഷേ അധികം സമയമെടുത്തില്ല. 

ഐവിഎഫ് ചികിത്സയിലൂടെ (കൃത്രിമ ബീജസങ്കലനം) ചരണ്‍ കൗര്‍ ഗര്‍ഭം ധരിച്ചു. മാര്‍ച്ചില്‍ കുഞ്ഞ് എത്തുമെന്ന പ്രതീക്ഷയില്‍ തുടരുകയാണിവര്‍. അറുപതിനോട് അടുത്ത് പ്രായമുണ്ട് എന്നതിനാല്‍ തന്നെ ഇവരുടെ ഗര്‍ഭധാരണവും പ്രസവവുമെല്ലാം തീര്‍ച്ചയായും ഏറെ 'റിസ്ക്' ഉള്‍പ്പെടുന്നതാണ്. 

എങ്കിലും സിദ്ധുവിന്‍റെ ആരാധകരും അവരുടെ കുടുംബത്തിന്‍റെ സന്തോഷവും ആഗ്രഹിക്കുന്നവര്‍ പ്രയാസങ്ങളേതുമില്ലാത്ത പ്രസവം നേരുകയാണ് തരണ്‍ കൗറിന്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇങ്ങനെ ഇവരെ ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ഒട്ടേറെ പേരെ കാണാം. 

ഒറ്റമകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന ഇതോടെ തീരട്ടെ എന്നാണ് ഏവരും ആശംസിക്കുന്നത്. എന്നാല്‍ പ്രായത്തിന്‍റെ കടമ്പ ചാടിക്കടക്കല്‍ അത്ര എളുപ്പവുമല്ല. 

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭധാരണം നടത്തുമ്പോള്‍ അമ്പത് കടന്നവരാണെങ്കില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിശോധനകള്‍ അധികമായി നടത്തേണ്ടതുണ്ട്. സാധാരണനിലയിലാണെങ്കില്‍ തന്നെ പല പരിശോധനകളും കടന്നാലേ ഐവിഎഫിലേക്ക് എത്താനാകൂ. അമ്പത് കടന്നവരില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ കൂടുതലായിരിക്കും. ഇതെല്ലാം കൃത്യമാണെങ്കില്‍ മാത്രമേ ഗര്‍ഭധാരണത്തിന് അനുമതിയുള്ളൂ. അല്ലാത്തപക്ഷം അത് കുഞ്ഞിനും അമ്മയ്ക്കും അപകടമായിത്തീരാം.

ഗര്‍ഭപാത്രം, അണ്ഡാശയം എന്നിവ അടക്കമുള്ള പ്രത്യുത്പാദന വ്യവസ്ഥയിലെ വിവിധ അവയവങ്ങളുടെ ആരോഗ്യനിലയും ഹോര്‍മോണ്‍ നിലയുമെല്ലാം പരിശോധനയിലൂടെ ഉറപ്പിക്കണം. ചെറുപ്പക്കാരിലാണെങ്കില്‍ ഈ ഭാഗങ്ങളിലൊന്നും അധികമായ പ്രശ്നങ്ങള്‍ കാണണമെന്നില്ല. എന്നാല്‍ പ്രായമായവരില്‍ തീര്‍ച്ചയായും ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. 

ഇത്രയും ചെയ്ത് ഗര്‍ഭധാരണത്തിലേക്ക് കടന്നാല്‍ പോലും പിന്നെയും 'റിസ്ക്' ബാക്കി കിടക്കുകയാണ്. അതിനാല്‍ തന്നെ അമ്പത് കടന്നവരില്‍ ഐവിഎഫിലൂടെ അമ്മായാകാനാഗ്രഹിക്കുന്നവരോട്  ഡോക്ടര്‍മാര്‍ ഈ റിസ്കുകളെ കുറിച്ചെല്ലാം വിശദമായി സംസാരിക്കാറുണ്ട്. ഇതെല്ലാം സമ്മതമാകുന്നവര്‍ക്ക് മാത്രമേ ഗര്‍ഭധാരണത്തിലേക്ക് കടക്കാറുള്ളൂ. 

ചുരുക്കിപ്പറഞ്ഞാല്‍ അമ്പതിന് ശേഷം അമ്മയാകാം, അതിന് ഐവിഎഫ് ചികിത്സയുണ്ടല്ലോ എന്ന് ചാടിക്കേറി ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ അബദ്ധമുണ്ട് എന്നര്‍ത്ഥം. ഇതിന് ഒരുപാട് റിസ്കുകള്‍ ഏറ്റെടുക്കാനുള്ള ശാരീരികവും മാനസികവുമായ 'കപ്പാസിറ്റി' വേണമെന്നത് നിര്‍ബന്ധം. എന്തായാലും സിദ്ധുവിന്‍റെ അമ്മയ്ക്ക് പ്രശ്നങ്ങളേതുമില്ലാതെ കുഞ്ഞിനെ കിട്ടട്ടെ എന്ന ആശംസ തന്നെയാണ് ഏവരും കൈമാറുന്നത്. 

Also Read: 'ഇതാണ് ഗേള്‍ഫ്രണ്ട്'; ഇതുപോലുള്ള വീഡിയോകള്‍ കണ്ടാല്‍ മതിയെന്ന് കമന്‍റ്സ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ