ഓൺലൈൻ ക്ലാസ് എടുക്കാൻ 'ട്രൈപോഡ്' ഇല്ലെങ്കിൽ എന്താ, 'ഹാങ്ങർ' ഉണ്ടല്ലോ, തരംഗമായി ഈ കെമിസ്ട്രി ടീച്ചറുടെ സൂത്രം

By Web TeamFirst Published Jun 10, 2020, 12:55 PM IST
Highlights

കുട്ടികളോട് ഓൺലൈൻ ക്‌ളാസിൽ ഫലപ്രദമായി സംവദിക്കണമെങ്കിൽ തന്റെ ഫോൺ ഒരു ട്രൈപോഡിൽ ഉറപ്പിക്കേണ്ടതുണ്ട് എന്ന് മൗമിത ടീച്ചർ മനസ്സിലാക്കി. എന്നാൽ അങ്ങനെ ഒരു സാധനം വാങ്ങാനുള്ള പണം അവർക്കില്ലായിരുന്നു. 

അവധിക്കാലം കഴിഞ്ഞിട്ടും ലോക്ക് ഡൌൺ നീങ്ങിക്കിട്ടാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക സ്‌കൂളുകളും തങ്ങളുടെ ടീച്ചർമാരെക്കൊണ്ട് ഓൺലൈൻ ക്ലാസുകൾ എടുപ്പിക്കുന്നുണ്ട്. കൊവിഡ് ഭീതിയിൽ കുട്ടികളും ടീച്ചർമാരും ഒക്കെ വീടുകളിൽ തന്നെ തളച്ചിടപ്പെടുന്ന, ലോക്ക് ഡൌൺ എത്രകാലത്തേക്ക് നീളും എന്നുറപ്പിച്ച് പറയാനാകാത്ത ഈ സാഹചര്യത്തിൽ അങ്ങനെയൊക്കെ ആലോചിക്കാതെ സർക്കാരുകൾക്കും വേറെ നിർവാഹമില്ല. പക്ഷേ, അങ്ങനെ ഒരു നയം സ്വീകരിക്കപ്പെട്ടതോടെ കുഴങ്ങിയത് ടീച്ചർമാരാണ്. അവരിൽ പലരുടെയും കയ്യിൽ ഫലപ്രദമായി ക്‌ളാസ് എടുക്കാൻ വേണ്ട അടിസ്ഥാന സാങ്കേതിക സൗകര്യങ്ങൾ ഇല്ല. കടയിൽ ചെന്ന് അന്വേഷിച്ചാൽ പോലും കിട്ടാനില്ലാത്ത സാഹചര്യമാണ്. അത്രയ്ക്കുണ്ട് ട്രൈപോഡ് പോലുള്ള സംവിധാനങ്ങളുടെ ഡിമാൻഡ്. 

ഈ സാഹചര്യത്തിലാണ് പുണെയിലെ ഒരു കെമിസ്ട്രി ടീച്ചർ കാണിച്ച ബുദ്ധി ടീച്ചര്മാരുടെയും കുട്ടികളുടെയും പ്രശംസക്ക് ഒരുപോലെ പാത്രമായിരിക്കുന്നത്. കുട്ടികളോട് ഓൺലൈൻ ക്‌ളാസിൽ ഫലപ്രദമായി സംവദിക്കണമെങ്കിൽ തന്റെ ഫോൺ ഒരു ട്രൈപോഡിൽ ഉറപ്പിക്കേണ്ടതുണ്ട് എന്ന് മൗമിത ടീച്ചർ മനസ്സിലാക്കി. എന്നാൽ അങ്ങനെ ഒരു സാധനം വാങ്ങാനുള്ള പണം അവർക്കില്ലായിരുന്നു. ആകെയുണ്ടായിരുന്ന സമ്പാദ്യം വീട്ടിൽ ഒരു ബോർഡ് സെറ്റപ്പ് ചെയ്തപ്പോൾ തന്നെ തീർന്നു. പിന്നെ എന്താണ് ചെയ്യുക? സ്വന്തം ബുദ്ധി ഉപയോഗിച്ച് ആ സാഹചര്യത്തെ മറികടക്കാൻ വേണ്ടി അവർ ഉണ്ടാക്കിയ ജുഗാഡ് അഥവാ സൂത്രം ഇങ്ങനെ. 

 

തന്റെ ക്‌ളാസെടുക്കലിനെ വൃത്തിയായി കവർ ചെയ്യാൻ പാകത്തിന് കാമറ ഉറപ്പിക്കാൻ അവർക്ക് വേണ്ടി വന്നത് വീട്ടിൽ തുണി ഉണക്കാനിടുന്ന ഒരു ഹാങ്ങർ മാത്രമാണ്. കയ്യിലുണ്ടായിരുന്ന കീറത്തുണി വലിച്ചുകീറി കുറെ കയറുകളുണ്ടാക്കി അവർ അതുകൊണ്ട് തന്റെ ഫോൺ ആ ഹാങ്ങറിൽ ഉറപ്പിച്ചു. ഹാങ്ങർ ഉത്തരത്തിലും. അതോടെ ഒന്നാന്തരം ഒരു ട്രൈപോഡ് തയ്യാർ. 

എന്തായാലും ചുരുങ്ങിയ വിഭവങ്ങളുള്ള സാഹചര്യത്തിലും, ഉള്ളവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തി കാര്യം നടത്താനുള്ള ടീച്ചറുടെ ബുദ്ധിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ ഈ സൂത്രത്തിന്റെ ചിത്രവും വീഡിയോയും ഒക്കെ വൈറലാക്കിയിട്ടുണ്ട്. 

I don't know where or who. But this picture made my day. A teacher setting up their online class with available resources. ❤️ There is so much passion in this picture makes me overwhelmed. pic.twitter.com/88C7PBdSEW

— Pishu Mon (@PishuMon)

 

click me!